കുഴൽനാടന്റെ ഹർജി: മുഖ്യമന്ത്രിക്കും മകൾക്കും ഹൈക്കോടതി നോട്ടിസ്
Mail This Article
കൊച്ചി∙ സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടിസ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മകൾ വീണ, സിഎംആർഎൽ, എക്സാലോജിക് എന്നിവരുൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ് ജസ്റ്റിസ് കെ.ബാബു നോട്ടിസ് അയച്ചത്.
സിഎംആർഎല്ലിൽനിന്ന് മുഖ്യമന്ത്രിയും മകളും മകളുടെ പേരിലുള്ള എക്സാലോജിക് എന്ന കമ്പനിയും 1.72 കോടി രൂപ കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കുഴൽനാടൻ നൽകിയ ഹർജി. ഇതാണ് വിജിലൻസ് കോടതി തള്ളിയത്. ഇതിനെതിരെ കുഴൽനാടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മാസപ്പടി ഇടപാടിൽ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിജിലൻസ് കോടതി ഹർജി തള്ളിയത്. താൻ നൽകിയ തെളിവുകൾ വിശദമായി പരിശോധിച്ചിട്ടില്ലെന്നു ഹർജിയിൽ കുഴൽനാടൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം എന്നതുകൊണ്ടു രാഷ്ട്രീയപ്രേരിതം എന്നു പറയാൻ സാധിക്കില്ലെന്നും കുഴൽനാടൻ പറയുന്നു.
സിഎംആർഎല്ലിനു നൽകിയ സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് എക്സാലോജിക്കിന് 1.72 കോടി കൈമാറിയിരിക്കുന്നത്. എന്നാൽ ഇല്ലാത്ത സേവനങ്ങളുടെ പേരിലാണ് ഈ പണം നൽകിയിരിക്കുന്നത് എന്ന് ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണവും ഇഡി അന്വേഷണവും നടക്കുന്നുണ്ട്. ഇതിനു പുറമെയാണ് ഇപ്പോള്‍ കുഴൽനാടന്റെ ഹർജിയും ഹൈക്കോടതി മുമ്പാകെ എത്തിയത്. ഇ.ഡി അന്വേഷണത്തിനെതിരെ സിഎംആർഎല്ലും കെഎസ്ഐഡിസിയും സമർപ്പിച്ച ഹർജികളും ഹൈക്കോടതിയിലുണ്ട്.