ADVERTISEMENT

തിരുവനന്തപുരം∙ ജോസ് കെ മാണി (കേരളാ കോണ്‍ഗ്രസ് എം), പി.പി.സുനീര്‍ (സിപിഐ), ഹാരിസ് ബീരാന്‍ (മുസ്ലിം ലീഗ്)  എന്നിവരെ രാജ്യസഭാ എംപിമാരായി തിരഞ്ഞെടുത്തു. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ 13-ന് നാലു പേര്‍ പത്രിക സമര്‍പ്പിച്ചെങ്കിലും തമിഴ്‌നാട് സ്വദേശിയായ പത്മരാജന്റെ പത്രിക തള്ളിയിരുന്നു. ഇതോടെയാണ് വോട്ടെടുപ്പ് ഒഴിവായത്. 25-നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. രാജ്യസഭയിൽ കേരളത്തിൽനിന്ന് ആകെ ഒൻപത് എംപിമാരാണുള്ളത്. 

∙ ഹാരിസ് ബീരാൻ

സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉൾപ്പെടെ മുസ്‌ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നത്. എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതല്‍ ഡല്‍ഹി കെഎംസിസിയുടെ പ്രസിഡന്റാണ്. ലോയേഴ്‌സ് ഫോറം ദേശീയ കണ്‍വീനറും ‍ലീഗ് ഭരണഘടനാ സമിതി അംഗവുമാണ്. പൗരത്വ വിഷയം, പ്രവാസി വോട്ടവകാശം, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുല്‍ നാസര്‍ മഅദനിയുടെ കേസുകള്‍, മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയവ സുപ്രീം കോടതിയില്‍ വാദിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇന്ത്യയില്‍നിന്നുള്ള ഹജ് തീർഥാടകരുടെ സൗകര്യം മക്കയില്‍ പരിശോധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.

കളമശേരി രാജഗിരിയിൽനിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും എറണാകുളം മഹാരാജാസ് കോളജില്‍ പ്രീഡിഗ്രി വിദ്യാഭ്യാസവും എറണാകുളം ഗവ. ലോ കോളജില്‍നിന്നു നിയമബിരുദവും നേടി. 1998ല്‍ ഡല്‍ഹിയില്‍ അഭിഭാഷകനായി. സുപ്രീം കോടതിയില്‍ കപില്‍ സിബലിന്റെയും ദുഷ്യന്ത് ദാവെയുടെയും കീഴില്‍ പ്രാക്ടീസ് തുടങ്ങി. മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ.ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളജിലെ മുന്‍ പ്രഫസര്‍ ടി.കെ.സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കള്‍: ആര്യന്‍, അര്‍മാന്‍.

∙ ജോസ് കെ. മാണി

കേരള കോൺഗ്രസ് (എം) ചെയർമാനായ ജോസ് കെ. മാണി കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണു മുഖ്യാധാര രാഷ്ട്രീയത്തിലേക്കു കടന്നു വരുന്നത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തനം. നിഷാ ജോസ് കെ.മാണിയാണു ഭാര്യ. മക്കൾ പ്രിയങ്ക, റിതിക, കുഞ്ഞുമാണി.

∙ പി.പി. സുനീർ

പൊന്നാനി സ്വദേശിയായ സുനീർ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവിൽ ഹൗസിങ് ബോർഡ് വൈസ് ചെയർമാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പാർട്ടിയിൽ കാനം രാജേന്ദ്രന്റെ വിശ്വസ്തനായിരുന്നു. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ച സുനീർ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽനിന്നും മത്സരിച്ചു. വെളിയങ്കോട് മുളമുക്കിലെ കമ്യൂണിസ്റ്റ് കുടുംബത്തിൽ പിറന്ന സുനീർ എഐഎസ്എഫിലൂടെ സ്കൂൾ കാലത്തു തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങിയിരുന്നു. വെളിയങ്കോട് ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഡപ്യൂട്ടി ലീഡറായാണു തുടക്കം. എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ പ്രീഡിഗ്രി. തുടർന്ന് തൃശൂർ കേരളവർമ കോളജിലെത്തിയതോടെയാണ് സജീവ രാഷ്ട്രീയത്തിലേക്കു മാറുന്നത്. പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഇവിടെനിന്നു പാസായ അദ്ദേഹം 2 തവണ കാലിക്കറ്റ് സർവകലാശാല വൈസ് ചെയർമാനുമായി.

മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തിരിക്കേയാണ് രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവുണ്ടാകുന്നത്. അന്ന് സിപിഐയുടെ പ്രമുഖ നേതാവായിരുന്ന എം.റഹ്മത്തുല്ല 2011ൽ ഏറനാട് മണ്ഡലത്തിലെ പരാജയത്തിനു പിന്നാലെ രാജിവച്ചു. പാർട്ടി പ്രതിസന്ധിയിലായ ആ വർഷമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സുനീർ തിരഞ്ഞെടുക്കപ്പെട്ടപ്പെട്ടത്. 2018 വരെ ജില്ലാ സെക്രട്ടറി പദവി വഹിച്ച ശേഷമാണ് സംസ്ഥാന എക്സിക്യൂട്ടീവിലേക്കും ഇപ്പോ‍ൾ പ്രധാന പദവികളിലക്കും എത്തിയത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാറഞ്ചേരി ഡിവിഷനിൽനിന്നു ജില്ലാ പഞ്ചായത്ത് അംഗമായിട്ടുണ്ട്. ഭാര്യ ഷാഹിന അധ്യാപികയാണ്. 3 മക്കളുണ്ട്.

English Summary:

PP Suneer, Haris Beeran, Jose K. Mani Elected as Rajya Sabha MPs from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com