ADVERTISEMENT

കൊച്ചി∙ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളായ രാഹുൽ പി.ഗോപാല്‍ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിൽ പൊലീസിനു നോട്ടിസ്. താനും ഭാര്യയുമായി ഉണ്ടായിരുന്നതു തെറ്റിദ്ധാരണകൾ മാത്രമായിരുന്നു എന്നും അതു പരിഹരിച്ച സാഹചര്യത്തിൽ ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ രാഹുൽ പറയുന്നു.
വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ. നിലവിലുള്ള ക്രിമിനൽ കേസ് മൂലം ഭാര്യയും ഭർത്താവുമായി ഒരുമിച്ചു ജീവിക്കാൻ സാധിക്കുന്നില്ല. പൊലീസിന്റെ തുടർച്ചയായ ഇടപെടലിനെ തുടർന്നാണിത് എന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയിൽ പറയുന്നു. തന്നെ രാഹുല്‍ മർദിച്ചിട്ടില്ലെന്നും തങ്ങൾക്കിടയിലുള്ള പ്രശ്നങ്ങൾ അവസാനിച്ചു എന്നു കാണിച്ചുള്ള യുവതിയുടെ സത്യവാങ്മൂലവും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് എ.ബദറുദീന്റെ ബ‍െഞ്ച് കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.

തെറ്റിദ്ധാരണകൾ നീങ്ങുകയും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ക്രിമിനൽ കേസ് റദ്ദാക്കണം. ഈ കേസ് തുടരുന്നത് തങ്ങളോടു ചെയ്യുന്ന കടുത്ത അനീതിയും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായിരിക്കും. തങ്ങൾക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ‍ പൊതുസമൂഹത്തെ ബാധിക്കുന്നവയല്ല. തെറ്റിദ്ധാരണകളെല്ലാം തമ്മിൽ സംസാരിച്ചു മാറ്റുകയും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇക്കാര്യം യുവതിയും തന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്ന് ഹർജിയിൽ പറയുന്നു.

രാഹുൽ, മാതാവ്, സഹോദരി, രാഹുലിന്റെ സുഹൃത്ത് എന്നിവരാണു ഹർജിയുമായി കോടതിയെ സമീപിച്ചത്. തങ്ങൾ നിരപരാധികളാണെന്ന് ഇവർ ഹർജിയിൽ പറയുന്നു. ഭാര്യയും ഭർത്താവും തമ്മിലുണ്ടായ ചില തെറ്റിദ്ധാരണകൾ മൂലമാണ് ഇത്തരമൊരു പരാതി കൊടുക്കാനിടയായത്. രണ്ടു കക്ഷികൾ തമ്മിലുള്ള വിവാഹബന്ധത്തിലെ പ്രശ്നങ്ങൾ‍ മാത്രമാണ് ഇവിടെയുള്ളത്. രാഹുൽ യുവതിെയ ഒരു വിധത്തിലുള്ള പരുക്കുകളും ഏൽപ്പിച്ചിട്ടില്ലെന്നു ഹർജിയിൽ പറയുന്നു.

പന്തീരാങ്കാവ് ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് യുവതി തന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ രംഗത്തു വന്നിരുന്നു. തന്നെ രാഹുൽ മർദിച്ചിട്ടില്ലെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും യുവതി യൂട്യൂബ് വിഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഭർതൃവീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങിയാണു മകൾ ഇത്തരത്തിൽ സംസാരിക്കുന്നത് എന്നാണ് മാതാപിതാക്കൾ പ്രതികരിച്ചത്. യുവതിയെ കാണാനില്ലെന്നു കാട്ടി വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് ഇവരെ കണ്ടെത്തി മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയെങ്കിലും മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ലെന്നാണ് യുവതി വ്യക്തമാക്കിയത്.

English Summary:

Pantheerankavu Domestic Violence Case Takes Unexpected Turn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com