ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കാൻ ചൈനയെ അനുവദിക്കില്ല: യുഎസ്
Mail This Article
ധർമശാല∙ ദലൈലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്താൻ ചൈനയെ അനുവദിക്കില്ലെന്നു യുഎസ് കോൺഗ്രസംഗങ്ങളുടെ സംഘം. ടിബറ്റൻ ആത്മീയ നേതാവിനെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ. യുഎസ് കോൺഗ്രസ് മുൻ സ്പീക്കർ നാൻസി പെലോസി ഉൾപ്പെടെയുള്ള 7 ജനപ്രതിനിധികളാണ് ബുധനാഴ്ച ഹിമാചൽ പ്രദേശിലെ ധർമശാലയിലെത്തി ദലൈലാമയെ കണ്ടത്.
ദലൈലാമയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ ബെയ്ജിങ് ഇടപെടുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഏറെനാളായി നടന്നുവരുന്നെന്നും എന്നാൽ യുഎസ് അതിന് അനുവദിക്കില്ലെന്നും യുഎസ് വിദേശകാര്യ കമ്മിറ്റി ചെയർമാൻ മൈക്കിൾ മക്‌കോൾ പറഞ്ഞു. ഒരു ദിവസം ദലൈലാമയും ജനങ്ങളും ടിബറ്റിലേക്ക് സമാധാനത്തോടെ തിരികെപ്പോകുമെന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദലൈലാമയും അദ്ദേഹം പകരുന്ന സ്നേഹത്തിന്റെയും പാരമ്പര്യത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശവും അദ്ദേഹത്തിന്റെ പാരമ്പര്യവും എക്കാലവും നിലനിൽക്കുമെന്നും എന്നാൽ ചൈനീസ് പ്രസിഡന്റിനെ അദ്ദേഹത്തിന്റെ കാലശേഷം ഒരാളും ഓർക്കില്ലെന്നും നാൻസി പറഞ്ഞു. തന്റെ ഈ വാക്കുകളെ ഒരിക്കലും ദലൈലാമ അംഗീകരിക്കില്ലെന്നും പകരം നെഗറ്റീവ് ചിന്തകളിൽനിന്ന് നാൻസിക്ക് മോചനമുണ്ടാകാൻ പ്രാർഥിക്കാമെന്നാകും അദ്ദേഹത്തിന്റെ പ്രതികരണമെന്നും അവർ പറഞ്ഞു.