ADVERTISEMENT

കോട്ടയം ∙ ലോക്സഭയിലേക്കു ഷാഫി പറമ്പിൽ മത്സരിച്ചു ജയിച്ച ഒഴിവിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് വി.ടി.ബൽറാം മത്സരിക്കുമോ? സ്ഥാനാർഥിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഈ ഘട്ടത്തിൽ സാങ്കൽപികം മാത്രമാണെന്നു പറയുന്നു ബൽറാം. ‘‘മത്സരിക്കുമോയെന്ന ചോദ്യം ഉയരുന്നതു മറ്റെല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ച്, തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴാണ്. ആ ഘട്ടത്തിൽ കെപിസിസി നേതൃയോഗം ചേരുമ്പോഴേ സ്ഥാനാർഥികളാകുന്ന വ്യക്തികളെക്കുറിച്ചുള്ള ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ. അതിനു മുൻപ് ചെയ്യേണ്ടതു സംഘടനാപരമായ മുന്നൊരുക്കങ്ങളാണ്’’– വി.ടി.ബൽറാം മനോരമ ഓൺലൈനിനോട് പറഞ്ഞു. 

‘‘കേരളത്തിൽ 3 സ്ഥലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. വയനാട്ടിലെ സ്ഥാനാർഥിയെക്കുറിച്ച് മാത്രമാണ് പാർട്ടി തീരുമാനമെടുത്തത്. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളെക്കുറിച്ച് തീരുമാനം എടുക്കാനിരിക്കുന്നതേയുള്ളൂ. ഔപചാരിക ചർച്ചകളൊന്നും നടന്നിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം കെപിസിസിയുടെ ആദ്യയോഗം വ്യാഴാഴ്ച ചേരും. അതിനുശേഷമേ ഏതെങ്കിലും തരത്തിലുള്ള ആലോചനകളിലേക്ക് കടക്കൂ. ഈ രണ്ടു നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസിനു വിജയ സാധ്യതയുണ്ട്.

പാലക്കാട് 5 തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. നിയമസഭയിലേക്ക് ഷാഫി പറമ്പിൽ 3 തവണയും ലോക്സഭയിലേക്ക് വി.കെ. ശ്രീകണ്ഠൻ രണ്ടു തവണയും വിജയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് ഒന്നാം സ്ഥാനത്തും ബിജെപി രണ്ടാം സ്ഥാനത്തുമാണ്. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ എണ്ണായിരത്തോളം വോട്ടിന്റെ ലീഡ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിനുണ്ട്. നല്ല ഭൂരിപക്ഷത്തിൽ പാലക്കാട് മണ്ഡലം നിലനിർത്താൻ കഴിയുമെന്നാണ് വിശ്വാസം.

സംഘടനാപരമായ ഒരുക്കങ്ങളാണ് ഈ ഘട്ടത്തിൽ ആലോചിക്കുന്നത്. വോട്ടർ പട്ടികയിൽ ആളെ ചേർത്ത്, ബൂത്ത് കമ്മിറ്റികൾ കൂടുതൽ ശക്തിപ്പെടുത്തണം. തിര‍ഞ്ഞെടുപ്പ് എന്നു വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഇനിയും 6 മാസത്തെ സമയമുണ്ട്. ചേലക്കര നിയമസഭാ മണ്ഡലത്തിലെ പ്രതിനിധി കെ.രാധാകൃഷ്ണൻ ഇന്നലെയാണ് മന്ത്രിസ്ഥാനം രാജിവച്ചത്. ഈ ഘട്ടത്തിൽ സ്ഥാനാർഥിത്വത്തെക്കുറിച്ചുള്ള  ഊഹാപോഹങ്ങൾ, അഭിപ്രായ പ്രകടനങ്ങൾ എന്നിവ വേണ്ട എന്നാണ് പാർട്ടി കാണുന്നത്’’–വി.ടി.ബൽറാം പറഞ്ഞു.

English Summary:

VT Balram says No more speculations about candidacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com