ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) കീഴിൽ നടത്തിയ നീറ്റ്, യുജിസി പരീക്ഷകളിലെ ക്രമക്കേടുകള്‍ കണ്ടെത്താനും പരിഹരിക്കാനും സർക്കാര്‍ നേതൃത്വത്തിൽ ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാൻ. രാഷ്ട്രീയ തര്‍ക്കങ്ങളേക്കാൾ പ്രധാനം വിദ്യാർഥികളുടെ ഭാവിയാണ്, അതു പരിഹരിക്കാനുള്ള നടപടികള്‍ക്ക് മുൻഗണന നൽകും. പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് സുതാര്യത ഉറപ്പുവരുത്തും. കൂടുതൽ വിവരങ്ങൾ ഉടൻ കണ്ടെത്താൻ ബിഹാർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധര്‍മേന്ദ്ര പ്രധാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ക്രമക്കേട് നടത്തിയത് എൻടിഎയോ, എന്‍ടിഎയിലെ മുതിർന്ന അംഗമോ ആണെങ്കിലും ശക്തമായ നടപടി സ്വീകരിക്കും. സാങ്കേതിക വിദഗ്ദര്‍, ശാസ്ത്രജ്ഞർ, അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ, അക്കാദമിക് വ്യക്തികൾ, മനഃശാസ്ത്രജ്ഞർ തുടങ്ങിയവരുള്‍പ്പെട്ട കമ്മിറ്റിയാണ് അന്വേഷണം നടത്തുക. എന്‍ടിഎയുടെ ഘടന, രീതികൾ, പരീക്ഷാ നടത്തിപ്പ്, സുതാര്യത തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുകയും നവീകരിക്കുകയും ചെയ്യും. പ്രത്യേക സ്ഥലങ്ങളില്‍ മാത്രമാണ് ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിയുന്നത്. ചോദ്യപേപ്പർ ഡാർക്ക് വെബ്സൈറ്റുകളിൽ എങ്ങനെ വന്നു എന്ന് സിബിഐ അന്വേഷിക്കും. ടെലഗ്രാം ആപ്പിലൂടെയാണ് ചോദ്യപ്പേപ്പർ പ്രചരിച്ചത്. ആപ്പിന്റെ സുതാര്യതയും അന്വേഷിക്കുമെന്നു മന്ത്രി പറഞ്ഞു.

ക്രമക്കേടുകൾ നടന്നെന്നു കണ്ടെത്തിയതിനു പിറകേ, 11 ലക്ഷം വിദ്യാർഥികൾ എഴുതിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. ചോദ്യങ്ങൾ നീറ്റ് പരീക്ഷയ്ക്കു മുൻപേ ലഭിച്ചതായി ചോദ്യപേപ്പർ ചോർച്ച കേസിൽ അറസ്റ്റിലായ വിദ്യാർഥി അനുരാഗ് യാദവ് (22) മൊഴി നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ മന്ത്രാലയത്തിനു മുന്നിൽ വലിയ പ്രതിഷേധപ്രകടനം നടത്തി.

English Summary:

Education minister Dharmendra Pradhan on cancellation of NEET exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com