കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തം; മരണം 33 ആയി; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു
Mail This Article
ചെന്നൈ ∙ തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിൽ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണം 33 ആയി. നൂറിലേറെ പേർ ചികിത്സയിലാണ്. പലരുടെയും നില അതീവ ഗുരുതരമാണ്. വ്യാജമദ്യം വിറ്റയാൾ ഉൾപ്പെടെ 2 പേർ അറസ്റ്റിലായി. പിടിച്ചെടുത്ത മദ്യത്തിന്റെ സാംപിളിൽ മെഥനോളിന്റെ അംശം കണ്ടെത്തിയിട്ടുമുണ്ട്. പിന്നാലെ, ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
ചൊവ്വാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ചിലർക്ക് തലകറക്കം, തലവേദന, ഛർദി, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുകയും 4 പേർ മരിക്കുകയും ചെയ്തതോടെയാണ് ദുരന്ത സൂചനകൾ ലഭിച്ചത്. പിന്നാലെ, പുതുച്ചേരി ജിപ്മെറിലും കള്ളക്കുറിച്ചി, സേലം, വില്ലുപുരം മെഡിക്കൽ കോളജുകളിലുമായി സമാന അസ്വാസ്ഥ്യങ്ങളോടെ ഒട്ടേറെപ്പേരെ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ 12 പേർ കൂടി മരിച്ചു. ആശുപത്രിയിലുള്ളവരുടെ രക്തസാംപിൾ പരിശോധിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ പറഞ്ഞു.
സർക്കാർ മദ്യവിൽപനശാലയായ ‘ടാസ്മാക്കി’ൽ ഉയർന്ന വില നൽകേണ്ടതിനാൽ പ്രാദേശിക വിൽപനക്കാരിൽ നിന്നു മദ്യം വാങ്ങിയവരാണു ദുരന്തത്തിൽപെട്ടത്. ജില്ലാ കലക്ടർ ശ്രാവൺ കുമാർ ജഥാവത്തിനെ സ്ഥലം മാറ്റി. ജില്ലാ പൊലീസ് സൂപ്രണ്ട്, ലഹരി നിർമാർജന വിഭാഗം ഡിഎസ്പി എന്നിവരെ സസ്പെൻഡ് ചെയ്തു.
വിദഗ്ധ ചികിത്സ നൽകാനായി വില്ലുപുരം, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം കള്ളക്കുറിച്ചി മെഡിക്കൽ കോളജിലെത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘവും സംഭവ സ്ഥലത്തുണ്ട്. സർക്കാരിന്റെ പിടിപ്പുകേടാണു ദുരന്തത്തിനു കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും വില്ലുപുരം, ചെങ്കൽപെട്ട് ജില്ലകളിൽ വ്യാജമദ്യം കഴിച്ച് ഒട്ടേറെപ്പേർ മരിച്ചിരുന്നു.