കയ്യിൽ തൂമ്പത്തഴമ്പുള്ള കേളുവേട്ടൻ; കമ്യൂണിസ്റ്റ് സർക്കാരിന്റെ ഭാഗമാകുന്ന വയനാട്ടിൽ നിന്നുള്ള ആദ്യ മന്ത്രി
Mail This Article
കൽപറ്റ ∙ തൂമ്പ പിടിച്ചു തഴമ്പിച്ച കയ്യുമായാണ് ഒ.ആർ.കേളു മന്ത്രിക്കസേരയിലേക്കെത്തുന്നത്. അതും വയനാട്ടിൽ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയായി. മണ്ണിനോടും സാധാരണക്കാരോടും ഇത്രയേറെ ചേർന്നു നിൽക്കുന്ന മറ്റൊരു മന്ത്രി ഈ മന്ത്രിസഭയിലുണ്ടാകില്ല. കമ്യൂണിസ്റ്റ് സർക്കാരുകൾ കേരളത്തിൽ പല തവണ അധികാരത്തിൽ വന്നിട്ടും ഒരിക്കൽപോലും വയനാട്ടിൽനിന്ന് ഒരു മന്ത്രിയുണ്ടായില്ല.
വയനാട് ജില്ലയിലെ മൂന്നു നിയമസഭാ സീറ്റും സിപിഎമ്മിനു ലഭിച്ച കാലത്തും ആരെയും മന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചില്ല. രണ്ടാം തവണയാണ് കേളു മാനന്തവാടി എംഎൽഎയാകുന്നത്. മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയെ തോൽപിച്ചായിരുന്നു 2016 ൽ ആദ്യ വിജയം. 2021 ലും ജയലക്ഷ്മിയെത്തന്നെ തോൽപിച്ചു. ഒടുവിൽ, കെ.രാധാകൃഷ്ണൻ രാജി വച്ച ഒഴിവിലേക്ക് സിപിഎം വയനാട്ടിൽനിന്ന് ഒരാളെ നിയോഗിച്ചു.
∙ തൊഴിലാളി മന്ത്രി
വയനാട്ടിൽനിന്നു മന്ത്രിയാകുന്ന നാലാമത്തെ ആളാണ് ഒ.ആർ.കേളു. കെ.കെ.രാമചന്ദ്രൻ, എം.പി.വീരേന്ദ്രകുമാർ, പി.കെ.ജയലക്ഷ്മി എന്നിവരാണ് മുൻപ് സംസ്ഥാന മന്ത്രിമാരായത്. വീരേന്ദ്ര കുമാർ കേന്ദ്രമന്ത്രിയുമായിരുന്നു. പഞ്ചായത്തംഗം മുതൽ താഴെത്തട്ടിൽനിന്നു പ്രവർത്തിച്ചാണ് കേളു മന്ത്രിപദത്തിൽ എത്തിയത്. വയനാട് ജില്ലയുടെ ഒരറ്റത്തുള്ള, ആദിവാസികൾ ഏറെയുള്ള കാട്ടിക്കുളത്തു നിന്നാണ് കേളുവിന്റെ തുടക്കം. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ അനുഭവിച്ചറിഞ്ഞ ആളാണ് നാട്ടുകാരുടെ കേളുവേട്ടൻ.
മരക്കൂപ്പിലുൾപ്പെടെ കൂലിപ്പണിയെടുത്ത് ശീലമുണ്ട്. പയ്യമ്പള്ളി മൊടാംമറ്റം എസ്റ്റേറ്റിലും മാനന്തവാടി പഴശ്ശി പാർക്കിലും ദിവസവേതനാടിസ്ഥാനത്തിൽ പണിയെടുത്തിട്ടുണ്ട്. നല്ലൊരു കൃഷിക്കാരനും കൂടിയാണ്. അതുകൊണ്ട് തൊഴിലാളി പ്രസ്ഥാനത്തിലെ തൊഴിലാളി മന്ത്രി എന്ന് അക്ഷരം തെറ്റാതെ കേളുവിനെ വിശേഷിപ്പിക്കാം. മൂന്നു തവണ തിരുനെല്ലി പഞ്ചായത്തിലേക്ക് വിജയിച്ച അദ്ദേഹം പത്ത് വര്‍ഷത്തോളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഒരു തവണ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലേക്കും വിജയിച്ചു. ബത്തേരിയും കല്‍പറ്റയും കൈവിട്ടപ്പോഴും മാനന്തവാടിയില്‍ 2021ൽ സിപിഎമ്മിനു ജയിക്കാനായത് കേളുവിന്റെ ജനകീയത കൊണ്ടുമാത്രമാണ്.
∙ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ
സച്ചിൻ ദേവിനെ മന്ത്രിയാക്കാൻ അവസാന നിമിഷം വരെ ശ്രമമുണ്ടായി. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം അതിന് ഒട്ടും അനുകൂലമല്ലാത്തതിനാൽ, പഞ്ചായത്തുതലം മുതൽ ഭരണ രംഗത്ത് ദീർഘകാല പരിചയമുള്ള കേളുവിനു നറുക്കു വീഴുകയായിരുന്നു. അങ്ങേയറ്റം പിന്നാക്കം നിൽക്കുന്ന ജില്ലയാണ് വയനാട്. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നു. പത്തു വർഷം മുൻപാണ് വയനാട്ടിൽ മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്. കേളുവിന്റെ മണ്ഡലത്തിലെ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആക്കി മാറ്റുകയായിരുന്നു.
ചുരം ബദൽ പാത, രാത്രിയാത്രാ നിരോധനം, വന്യമൃഗ ആക്രമണം, വരൾച്ച തുടങ്ങി ഒട്ടനവധി ദുരിതത്തിലൂടെ ജില്ല കടന്നുപോകുമ്പോഴാണ് കേളു മന്ത്രിയാകുന്നത്. ആർക്കും എപ്പോഴും സമീപിക്കാവുന്ന, ഏതു പ്രശ്നബാധിത സ്ഥലത്തും എത്തുന്ന ആളെന്ന പ്രതിച്ഛായയുള്ള കേളുവിൽ പ്രതീക്ഷ വയ്ക്കുകയാണ് വയനാട്ടിലെ ജനം. കേളുവിനെ കാത്തിരിക്കുന്നതാകട്ടെ വലിയ വെല്ലുവിളികളും.