ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. മാനന്തവാടി എംഎൽഎയാണ് കേളു. പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനും നൽകി.

നിലവില്‍ സഹകരണ, തുറമുഖ വകുപ്പുകളുടെ ചുമതലയാണ് വി.എന്‍.വാസവനുള്ളത്. തദ്ദേശസ്വയംഭരണം, എക്സൈസ് എന്നിവയാണ് എം.ബി.രാജേഷിന്റെ ഇപ്പോഴത്തെ വകുപ്പുകൾ. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനു സംസ്ഥാന സമിതി അംഗീകാരം നല്‍കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ മറ്റു ചില അഴിച്ചുപണികള്‍ കൂടി മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നെങ്കിലും അത്തരം മാറ്റങ്ങളൊന്നും നിലവില്‍ വേണ്ട എന്നാണു പാര്‍ട്ടി തീരുമാനം.

വയനാട് ജില്ലയ്ക്ക് ആദ്യമായാണ് പിണറായി മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയിലും വയനാട്ടിൽനിന്നു മന്ത്രിമാരുണ്ടായിരുന്നില്ല. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാളെ സിപിഎം ആദ്യമായാണ് മന്ത്രിയാക്കുന്നത്. പി.കെ.ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധിയാണ് കേളു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലാണ് ജയലക്ഷ്മി അംഗമായിരുന്നത്.

വയനാട് ജില്ലയിൽനിന്നു സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് ഒ.ആർ. കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാൻ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു സജീവ സാന്നിധ്യമാണ്.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. തുടര്‍ന്ന് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎൽഎയായി. 2021ലും വിജയം ആവർത്തിച്ചു.

English Summary:

OR Kelu becomes News Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com