ADVERTISEMENT

തിരുവനന്തപുരം∙ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും മുസ്‌ലിം ലീഗിനുമൊപ്പം മുന്നണിയെപ്പോലെ പ്രവര്‍ത്തിച്ചത് എല്‍ഡിഎഫിനു തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എസ്എന്‍ഡിപിയിലെ നേതൃത്വം ഉള്‍പ്പെടെ ഇക്കുറി സംഘപരിവാറും ബിജെപിക്കും വോട്ട് ലഭിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നും ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല, നല്ല പരാജയമാണ് ഉണ്ടായത്. യുഡിഎഫിന് 18 സീറ്റ് നേടാന്‍ കഴിഞ്ഞു. ഒരു സീറ്റ് ബിജെപി നേടി എന്നതാണ് ഏറ്റവും അപകടകരമായ അവസ്ഥ. ദേശീയ രാഷ്ട്രീയം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യുന്നതാണ് കേരള ജനതയുടെ പ്രത്യേകത. ദേശീയതലത്തില്‍ സഖ്യമുള്ള കക്ഷികള്‍ കേരളത്തില്‍ ഏറ്റുമുട്ടുന്നത് ഇവിടെ ഇടതുപാര്‍ട്ടികളുടെ പരിമിതിയാണ്. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസിനാണെന്ന ജനങ്ങളുടെ ബോധം കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമായി. മുസ്‌ലിം രാഷ്ട്രം വേണമെന്നു വാദിക്കുന്ന ജമാത്തെ ഇസ്ലാമി, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ഒരു മുന്നണി പോലെ യുഡിഎഫിനും ലീഗിനുമൊപ്പം പ്രവര്‍ത്തിച്ചു. ഇതു ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ മതനിരപേക്ഷ സമൂഹം ഇതിനെ അംഗീകരിക്കുന്നില്ല. ഇതിനെ ചെറുക്കാന്‍ മതനിരപേക്ഷ സമൂഹത്തിന് കഴിയണം.

വ്യത്യസ്ത ജാതി വിഭാഗങ്ങള്‍, ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളിലൂടെ വിഭാഗീയമായ രീതിയില്‍ വര്‍ഗീയ ശക്തികള്‍ക്കു കീഴ്‌പ്പെടുന്ന നിലപാടിലേക്ക് എത്തി. ആര്‍എസ്എസിന്റെ വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങളിലേക്ക് ഈ വിഭാഗം എത്തി. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളില്‍ രൂപീകൃതമായ എസ്എന്‍ഡിപിയിലെ ഒരു വിഭാഗം സംഘപരിവാറിന് അനുകൂലമായി വോട്ട് മാറ്റുന്നതിന് ഇടപെട്ടു. ബിഡിജെഎസിന്റെ രൂപീകരണത്തോടെ ബിജെപി ആസൂത്രിതമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഒരു വിഭാഗം ബിജെപിക്കു വേണ്ടി ഇടപെട്ടിട്ടുണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ഇപ്രാവശ്യം ക്രൈസ്തവരിലെ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി മാറി. ചില മേഖലകളില്‍ ബിഷപ്പുമാരുള്‍പ്പെടെ അവരുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തു. തൃശൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ 86,000 വോട്ട് ചോര്‍ന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ വിഭാഗത്തിന്റേതാണ്.

വര്‍ഗീയമായ ധ്രുവീകരണത്തിന് ജാതീയമായി മാത്രമല്ല മതപരമായ വിഭാഗത്തെയും ഉപയോഗിച്ചു. വര്‍ഗീയ രാഷ്ട്രീയത്തിനായി ജനങ്ങളെ മാറ്റാന്‍ ആര്‍എസ്എസിനും സംഘപരിവാര്‍ ശക്തികള്‍ക്കും കഴിഞ്ഞിട്ടുണ്ട്. അതു മനസിലാക്കി നല്ല ജാഗ്രതയോടെ ജനങ്ങളിലേക്കു പോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. ജനങ്ങളിലുണ്ടായ തെറ്റിദ്ധാരണ തിരുത്തി മുന്നോട്ടുപോകും

English Summary:

MV Govindan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com