നീറ്റ് ചോദ്യപേപ്പർ ബന്ധു വഴി ചോർന്നു കിട്ടി: വെളിപ്പെടുത്തലുമായി വിദ്യാർഥി; 4 പേർ കൂടി അറസ്റ്റിൽ
Mail This Article
പട്ന∙ നീറ്റ് ചോദ്യപേപ്പർ ചോർന്നു കിട്ടിയെന്ന് വിദ്യാർഥിയുടെ മൊഴി. ബിഹാർ സ്വദേശിയായ 22 വയസുകാരൻ അനുരാഗ് യാദവാണ് പൊലീസിനു മൊഴി നൽകിയത്. സമസ്തിപുർ പൊലീസിനു നൽകിയ മൊഴിപ്പകർപ്പ് പുറത്തായി. മേയ് അഞ്ചാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ തലേന്ന് തന്നെ കിട്ടിയെന്നാണ് വിദ്യാർഥി നൽകിയിരിക്കുന്ന മൊഴി. തന്റെ ബന്ധു വഴിയാണ് മേയ് നാലിനു ചോദ്യപേപ്പർ കിട്ടിയതെന്നും വിദ്യാർഥി മൊഴിയിൽ പറയുന്നു. സംഭവത്തിൽ നാലു വിദ്യാർഥികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകളിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പരീക്ഷാർഥികളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വിവരമുണ്ട്. വിവാദത്തെ തുടര്‍ന്ന് നീറ്റ് പുനപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എസ്എഫ്ഐ അടക്കം നൽകിയ പത്ത് ഹർജികളാണ് കോടതി പരിഗണിക്കുക.
നെറ്റ് പരീക്ഷ സാഹചര്യവും കോടതിയെ ധരിപ്പിക്കും. അതിനിടെ, യുജിസി നെറ്റ് പരീക്ഷ വിവാദത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് എബിവിപിയും രംഗത്തെത്തി. ചോദ്യപേപ്പർ ചോർച്ച തടയാൻ സ്ഥിരം സംവിധാനം വേണമെന്നും നീറ്റ് പരീക്ഷയിൽ സിബിഐ അന്വേഷണം വേണമെന്നും എബിവിപി ആവശ്യപ്പെടുന്നു.