ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്നില്ലെങ്കിൽ സിഗ്നൽ മറികടക്കരുത്: അനുമതിക്കത്ത് റദ്ദാക്കി റെയിൽവേ
Mail This Article
ന്യൂഡൽഹി ∙ ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമമല്ലാത്ത സാഹചര്യത്തിൽ ട്രെയിനുകൾക്കു സിഗ്നൽ മറികടക്കാൻ സ്റ്റേഷൻ മാസ്റ്റർ നൽകുന്ന അധികാരക്കത്തായ ടിഎ 912 റദ്ദാക്കി റെയിൽവേ. കാഞ്ചൻജംഗ ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. അപകടം സംഭവിച്ച സീൽദാ ഡിവിഷനാണ് തീരുമാനമെടുത്തത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്റ്റേഷൻ മാസ്റ്റർക്ക് ടിഎ 912 പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്നു ഡിവിഷൻ ജനറൽ മാനേജർ, പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ഓഫിസർ, പ്രിൻസിപ്പൽ ഹെഡ്സ് ഓഫ് ഡിപ്പാർട്ട്മെന്റ് എന്നിവർ ചേര്‍ന്ന യോഗത്തിൽ തീരുമാനമെടുത്തു.
കാഞ്ചൻജംഗ എക്സ്പ്രസിൽ ഇടിച്ച ചരക്കു ട്രെയിനു സിഗ്നൽ തെറ്റിക്കാൻ സ്റ്റേഷൻ മാസ്റ്ററുടെ അനുമതിയുണ്ടായിരുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണു നടപടി. അപകടത്തിന്റെ പ്രാഥമിക പരിശോധനകളിൽ പശ്ചിമ ബംഗാളിലെ റാണിപത്ര സ്റ്റേഷനും ഛത്തർഹത്ത് സ്റ്റേഷനും ഇടയ്ക്കുള്ള ഓട്ടമാറ്റിക് സിഗ്നൽ സംവിധാനം പുലർച്ചെ 5:55ന് പണിമുടക്കിയിയതായി കണ്ടെത്തി. ശേഷം ഇതുവഴി കടന്നുപോയ വണ്ടികൾക്ക് അടുത്ത 9 സിഗ്നലുകൾ മറികടക്കാൻ റാണിപത്ര സ്റ്റേഷൻ മാസ്റ്റർ അനുവാദം (ടിഎ912) നൽകുകയായിരുന്നു. എന്നാൽ ടിഎ 912 എന്ന അധികാരക്കത്തു പ്രകാരം ട്രെയിനുകൾ 10 കിലോമീറ്റർ വേഗം മറികടക്കാൻ പാടില്ല.
കൂടാതെ, ഓരോ സിഗ്നലിലും ഒരു മിനിറ്റ് നിർത്തിയിടുകയും വേണം. ഈ വ്യവസ്ഥ ചരക്കു ട്രെയിനിന്റെ ലോക്കോ പൈലറ്റ് തെറ്റിക്കുകയായിരുന്നു എന്നാണ് ആരോപണം. സ്റ്റേഷൻ മാസ്റ്റർ ടിഎ912 അനുവദിച്ചതാണ് അപകടകാരണമെന്നും പറയപ്പെടുന്നു. റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരും ലോക്കോ പൈലറ്റ് യൂണിയനും പരസ്പരം പഴിചാരുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടിഎ912 റദ്ദാക്കിയതിലൂടെ സ്റ്റേഷൻ മാസ്റ്ററുടെ പിഴവ് വ്യക്തമാണെന്നും അന്വേഷണം വേണമെന്നും ലോക്കോ പൈലറ്റ് ഇൻസ്പെക്ടർമാരിലൊരാൾ പിടിഐയോട് പ്രതികരിച്ചു.