ADVERTISEMENT

കൊച്ചി∙ കാക്കനാട് ഡിൽഎഫ് ഫ്ലാറ്റിലെ ഛർദിയും വയറിളക്കവും ബാധിച്ച വീട്ടുകാര്‍ പരസ്പരമയയ്ക്കുന്ന വാട്സാപ് മെസേജുകളിൽ ഏറ്റവും കൂടുതലുള്ളത് ഒരുപക്ഷേ ‘ഏതു മരുന്നാണ് കഴിക്കുന്നത്’ എന്നാണ്. ഔദ്യോഗിക കണക്കിൽ 550–ഓളം പേർക്കാണ് അസുഖബാധ. എന്നാൽ ഇതിന്റെ ഇരട്ടി ആളുകളെ‍യെങ്കിലും രോഗം ബാധിച്ചു എന്നും കുറെപ്പേർക്കു ഭേദമായി എന്നും ഫ്ലാറ്റ് നിവാസികൾ പറയുന്നു. അങ്ങേയറ്റം വീർപ്പുമുട്ടലും ആശങ്കയും പേടിയുമാണ് ആകാശത്തേക്കു തലയുയർത്തി നിൽക്കുന്ന ഈ ഫ്ലാറ്റ് സമുച്ചങ്ങൾക്കുള്ളിലെ മനുഷ്യർക്കുള്ളത്.

വെള്ളം ഇനിയും ‘പണി തരുമോ’ എന്ന ആശങ്കയുള്ളതിനാൽ ആരും റിസ്കെടുക്കാൻ തയാറാകുന്നില്ല. 70 ലക്ഷം മുതൽ ഒരു കോടി രൂപയ്ക്കടുത്തുവരെ മുടക്കി ഫ്ലാറ്റ് വാങ്ങിയവർ ഇപ്പോൾ ദിവസവും 500 രൂപയ്ക്കെങ്കിലും വെള്ളം വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ്. കുളിക്കാനും കുടിക്കാനും പാചകത്തിനും തുടങ്ങി സകല ആവശ്യങ്ങൾക്കും വിലകൊടുത്തു വാങ്ങുന്ന ഈ വെള്ളമാണ് മിക്കവരും ഉപയോഗിക്കുന്നത്.    

അസുഖബാധിതരുടെ എണ്ണം തിട്ടപ്പെടുത്താൻ എത്തിയ ആരോഗ്യ പ്രവർത്തകർ, അസുഖങ്ങളുള്ളവരെ ചികിത്സിക്കാൻ ഫ്ലാറ്റിന്റെ പരിസരത്ത് താൽക്കാലികമായി സജ്ജീകരിച്ചിരിക്കുന്ന െമഡിക്കൽ ക്യാംപ്, പുറത്ത് പൊലീസിന്റെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യം, വെള്ളവും ഭക്ഷണസാധനങ്ങളുമായി എത്തുന്ന വാഹനങ്ങളുടെ തിരക്ക്, ആശങ്കയോടെ കൂടിനിന്നു സംസാരിക്കുന്ന ഫ്ലാറ്റ് നിവാസികള്‍...; 15 ടവറുകളിലായി 1268 അപ്പാർട്ട്മെന്റുകളും അതിൽ 5,000ത്തിലേറെ താമസക്കാരുമുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ കാഴ്ച ഇങ്ങനെയാണ്.

കേരളത്തിലെ ഒരു പഞ്ചായത്തിലുള്ള അഞ്ചു വാർഡുകളില്‍ താമസിക്കുന്ന അത്രയും ജനങ്ങൾ ഒരേ പോലെ നേരിടുന്ന ആശങ്കയ്ക്കു കുറവില്ല. കുട്ടികൾക്കടക്കം രോഗം ബാധിച്ച ഒട്ടേറെപ്പേർ ഇപ്പോൾ ആശുപത്രിയിലും ചികിത്സയിലാണ്. തങ്ങളുടെ അപ്പാർട്ട്മെന്റുകളിൽ മെച്ചപ്പെട്ട വാട്ടർ പ്യൂരിഫൈറുകൾ ഉപയോഗിച്ചിരുന്നവരാണു മിക്കവരും. രോഗം ബാധിച്ചവരിൽ ഇവരും ഉൾപ്പെടും. വെള്ളം തിളപ്പിച്ചു കുടിക്കുക മാത്രമാണു പോംവഴി എന്ന് ആരോഗ്യപ്രവർത്തകർ നിര്‍ദേശിക്കുകയും ചെയ്യുന്നു.  

അതേസമയം, ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷൻ രോഗം സംബന്ധിച്ച് അലംഭാവം കാണിച്ചു എന്ന ആരോപണം ശക്തമാണ്. ആളുകൾ രോഗലക്ഷണങ്ങൾ കാണിച്ചു മൂന്നാഴ്ചയായിട്ടും ഇക്കാര്യം ഫ്ലാറ്റിലെ താമസക്കാരെയോ അധികൃതരെയോ അറിയിക്കാൻ അസോസിയേഷൻ തയാറായില്ല എന്നാണു പരാതി ഉയർന്നിട്ടുള്ളത്. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോർജും തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വെള്ളത്തിന്റെ സാംപിളുകളുടെ പരിശോധനാഫലം ലഭിച്ചതിനുശേഷം ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കുകയും ചെയ്തു.

മേയ് മാസം പകുതിക്കുശേഷം ചിലർ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയും തുടർന്ന് 22ന് സംശയത്തിന്റെ പേരിൽ വെള്ളം പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഫലം 29ന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യം താമസക്കാരെ അറിയിക്കാൻ തയാറായില്ല. എന്നാൽ ജൂൺ പകുതിയോടെ ഒട്ടേറെ ആളുകൾ ആശുപത്രിയെ അഭയം പ്രാപിച്ചതോടെയാണു വിവരങ്ങൾ പരസ്യപ്പെടുത്താൻ അസോസിയേഷൻ തയാറായത്. തുടർന്ന് വിവരം ആരോഗ്യമന്ത്രിയെ അറിയിക്കുകയും അടിയന്തരനടപടികൾക്ക് അവർ നിർദേശം നൽകുകയുമായിരുന്നു. 

അടുത്തിടെ പെയ്ത മഴയിൽ സമീപത്തെ വെള്ളക്കെട്ടിൽനിന്നുള്ള വെള്ളം ഫ്ലാറ്റിലെ മഴവെള്ള സംഭരണിയിലോ കിണറുകളിലോ കലർന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഈ ഫ്ലാറ്റിന് സമീപത്തുള്ള ദർശൻ നഗറിൽനിന്നുള്ള വെള്ളം കടമ്പ്രയാറിലേക്ക് ഒഴുകിപ്പോകുന്ന തോട് ഫ്ലാറ്റ് നിർമാണത്തിന്റെ സമയത്ത് അടച്ചുകെട്ടിയിരുന്നുവെന്നു റിപ്പോർട്ടുകളുണ്ട്. തുടർന്ന് ദർശൻ നഗറുകാർ കോടതിയെ സമീപിച്ചതോടെ വെള്ളം ഒഴുകിപ്പോകാൻ വലിപ്പം കുറഞ്ഞ കുഴൽ ഇട്ടെങ്കിലും ശക്തമായ മഴ പെയ്താൽ ഈ കുഴൽ അട‍ഞ്ഞ് വെള്ളക്കെട്ട് രൂപപ്പെടാമെന്നു ദർശൻ നഗർ നിവാസികൾ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ വെള്ളക്കെട്ടുണ്ടാകുമ്പോഴാണ് ഈ വെള്ളം ഫ്ലാറ്റ് സമുച്ചയത്തിലേക്കു പ്രവശിക്കുന്നത്. ഇത്തരത്തിൽ ഇ  കോളി, കോളിഫോം ബാക്ടീരിയ കലർന്ന മലിനജലം ഫ്ലാറ്റിലെ ജലസംഭരണികളിൽ കലർന്നിട്ടുണ്ടാകാം എന്ന സംശയവും നിലനിൽക്കുണ്ട്. ഇതിനു പുറമെയാണു വെറേതെങ്കിലും വിധത്തിൽ ബാക്ടീരിയ വെള്ളത്തിൽ കലർന്നിട്ടുണ്ടോ എന്ന സംശയവും. വാട്ടർ അതോറിറ്റി, കുഴൽക്കിണർ, മഴവെള്ള സംഭരണി തുടങ്ങിയവയാണു സാധാരണ ഫ്ലാറ്റുകളിലുണ്ടാവക ഇതിനൊപ്പമാണു സ്വകാര്യ ടാങ്കറിൽ കൊണ്ടുവരുന്ന വെള്ളവും. ഇതെല്ലാം കൂടി കലർത്തി പൊതുവായ ഒരു കിണറ്റിലേക്കു മാറ്റി ശുദ്ധീകരിച്ചാണ് ഓരോ ടവറുകളിലേക്കും വിതരണത്തിന് അയയ്ക്കുന്നത്. അതുകൊണ്ടു തന്നെ എവിടമാണ് ഉറവിടം എന്നു കണ്ടെത്തുകയാണു പ്രധാനം.

English Summary:

Hundreds Ill After Flat Association's Delayed Response to Water Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com