ADVERTISEMENT

ന്യൂഡൽഹി∙ മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് വീണ്ടും തിരിച്ചടി. കേജ്‌രിവാളിന് വിചാരണക്കോടതി ജാമ്യം അനുവദിച്ച നടപടി ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നുദിവസത്തിനുള്ളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിൽ അന്തിമ ഉത്തരവുണ്ടാകും. അതുവരെ ജാമ്യം സ്റ്റേ ചെയ്യുന്നതായി ഹൈക്കോടതി ജസ്റ്റിസുമാരായ സുധിർ കുമാർ ജെയ്ൻ, രവീന്ദർ ദുഡേജ എന്നിവർ ഉത്തരവിട്ടു. കേജ്‌രിവാളിന് ഡൽഹി പട്യാല റൗസ്യ അവന്യൂ കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചതിനെ എതിർത്താണ് ഇഡി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

വാദങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ.ഡിയുടെ ഹർജിയിൽ ഹൈക്കോടതി അടിയന്തരമായി വാദം കേൾക്കുകയായിരുന്നു. 

തലതിരിഞ്ഞ വിധിയാണ് വിചാരണക്കോടതിയുടെതെന്നും  മദ്യനയക്കേസിൽ കേജ്‌രിവാളിന് നേരിട്ട് ബന്ധമില്ലെന്ന വിചാരണക്കോടതിയുടെ നിരീക്ഷണം തെറ്റാണെന്നും ഇഡിക്കായി ഹാജരായ സോളിസിറ്റർ ജനറൽ എസ്.വി.രാജു പറഞ്ഞു. കേജ്‌രിവാൾ 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നെന്ന കേസിലെ മാപ്പുസാക്ഷി മഗുന്ത റെഡ്ഡിയുടെ മൊഴി ഇതിന് തെളിവാണ്. വിചാരണക്കോടതിയിലെ ജഡ്ജി എല്ലാ രേഖകളും പരിശോധിച്ചിട്ടില്ല. അത് ചെയ്യേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണ്. അന്വേഷണ ഏജൻസിക്ക് വാദിക്കാൻ വേണ്ടത്ര സമയം നൽകിയിട്ടില്ല. കേസിൽ കേജ്‌രിവാളിന് ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകൾ അന്വേഷണ ഏജൻസി ഹാജരാക്കിയിട്ടും അത് പരിഗണിച്ചില്ല.

പ്രസക്തമായ തെളിവുകൾ പരിഗണിക്കാതിരിക്കാതെയും അപ്രസക്തമായ കാര്യങ്ങൾ പരിഗണിച്ചുമാണു ജാമ്യം നൽകിയതെങ്കിൽ അത് റദ്ദാക്കാൻ ആവശ്യപ്പെടാം. ഈ കേസിൽ അതുകൊണ്ടാണ് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയാണെന്ന കാരണം കൊണ്ട് ജാമ്യം അനുവദിക്കാനാവില്ലെന്നും ഭരണഘടനാപരമായ സ്ഥാനം വഹിക്കുന്നുവെന്നുള്ളതിനാൽ എന്ത് തെറ്റ് ചെയ്താലും മന്ത്രിമാർക്ക് ജാമ്യം കിട്ടും എന്നതാണോ വിചാരണക്കോടതിയുടെ വിധി കൊണ്ട് അർഥമാക്കുന്നതെന്നും ഇ.ഡി കോടതിയോട് ചോദിച്ചു.

എന്നാൽ ഇ.ഡിയുടെ വാദങ്ങൾ ദൗർഭാഗ്യകരമാണെന്നും നിയമത്തെ മറികടക്കാനാണ് ഇ.ഡിയുടെ ശ്രമമെന്നും കേജ്‌രിവാളിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി പറഞ്ഞു. കേസിൽ ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്നു മേയ് 10ലെ വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും കേസിൽ ഹൈക്കോടതിയുടേതാണ് അവസാനവാക്കെന്ന നിലയിലാണ് ഇഡിയുടെ നടപടികളെന്നും സിങ്‌‌വി വിമർശിച്ചു.

വിചാരണക്കോടതി ജാമ്യം അനുവദിച്ചതോടെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കേജ്‌രിവാൾ ജയിൽ മോചിതനാകുമെന്നാണ് എഎപി നേതാക്കൾ കരുതിയിരുന്നത്. അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാൽ ഇഡിയുടെ ഹർജി പരിഗണിക്കുന്നതുവരെ കേജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നത് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.

English Summary:

Delhi Chief Minister Arvind Kejriwal again hit back in liquor policy case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com