ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യയുടെ ദൗത്യത്തെ സഹായിക്കാൻ യുഎസ് ബഹിരാകാശ ഏജൻസി നാസ. ഇന്ത്യ–യുഎസ് സഹകരണത്തിന്റെ ഭാഗമായാണു നടപടി. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ഐഎസ്ആർഒ (ഇസ്‌റോ) യാത്രികനെ പരിശീലിപ്പിക്കാൻ ഇന്ത്യയുമായി ചേർന്നു പ്രവർത്തിക്കുന്നതായി നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.

‘‘കഴിഞ്ഞ വർഷത്തെ ഇന്ത്യാ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ, മാനവികതയുടെ പ്രയോജനത്തിനായി, ക്രിട്ടിക്കൽ ആന്റ് എമർജിങ് ടെക്‌നോളജിയിൽ യുഎസ്–ഇന്ത്യ സംരംഭം നാസ തുടരുകയാണ്. ബഹിരാകാശ സഹകരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രോയുടെ ബഹിരാകാശ യാത്രികനെ ബഹിരാകാശ നിലയത്തിൽ എത്തിക്കാനുള്ള സംയുക്ത ശ്രമമാണിത്. ഇത്തരം ശ്രമങ്ങൾ ഭാവിയിലെ ബഹിരാകാശ യാത്രയെ ശക്തിപ്പെടുത്തുകയും ഭൂമിയിലെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും’’– എക്സിൽ നെൽസൺ കുറിച്ചു. നാസ ജോൺസൺ സ്‌പേസ് സെന്ററിലാണ് ഇസ്‌റോ യാത്രികർക്കു വിപുലമായ പരിശീലനം നൽകുക.

ബഹിരാകാശ യാത്രികർക്കു നൂതന പരിശീലനം ആരംഭിക്കുന്നതിനെപ്പറ്റി ഇന്ത്യയുടെയും യുഎസിന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും ജെയ്ക് സള്ളിവനും തമ്മിൽ ചർച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണു നാസയുടെ ഭാഗത്തുനിന്നു പരാമർശമുണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനുമായി അത്യാധുനിക ഉപഗ്രഹമായ നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ (NISAR) വിക്ഷേപിക്കാനും നടപടിയായി. ഓരോ 12 ദിവസത്തിലും 2 തവണ ഭൂമിയുടെ ഉപരിതല മാപ്പ് പകർത്തുന്ന ഉപഗ്രഹമാണു തയാറാക്കുന്നത്.

English Summary:

India, US working to train Isro astronaut for ISS; to boost initiative on critical tech: Nasa chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com