‘ചന്ദ്രശേഖരന്റെ ചോര കൊല്ലിച്ചവരുടെയും കുഴിമാടം വരെ എത്തുമെന്ന് മുഖത്തുനോക്കി പറയണമെന്നു കരുതി’
Mail This Article
തിരുവനന്തപുരം∙ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കു ശിക്ഷാ ഇളവു നല്‍കാനുള്ള നീക്കത്തിനെതിരായ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയാല്‍ നിയമസഭയില്‍ കെ.കെ.രമ പറയുന്ന കാര്യങ്ങളും ചോദിക്കുന്ന ചോദ്യങ്ങളും സിപിഎമ്മിനെയും സര്‍ക്കാരിനെയും ചുട്ടുപൊള്ളിക്കുമെന്ന് ഉറപ്പായിരുന്നു. എന്താണു നിയമസഭയിൽ പറയാനിരുന്നത് എന്ന ചോദ്യത്തോട്, ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ഏറെ വൈകാരികമായാണ് കെ.കെ.രമ പ്രതികരിച്ചത്. ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന അന്നത്തെ സംഭവങ്ങള്‍ സഭയില്‍ പറയാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് രമ ‘മനോരമ ഓണ്‍ലൈനി’നോടു പറഞ്ഞു. പലപ്പോഴും ചിരിയോടെയാണു സംസാരിച്ചതെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറവും നെഞ്ചിലെ നീറ്റല്‍ വാക്കുകള്‍ മുറിച്ചിരുന്നു.
‘‘ചന്ദ്രശേഖരനെ എന്തിനു കൊന്നു എന്നു ചോദിക്കുമായിരുന്നു. എന്തിനാണു നിങ്ങള്‍ ചന്ദ്രശേഖരനെ കൊന്നത്. പകുതി കാഴ്ച നഷ്ടപ്പെട്ട ഒരമ്മയ്ക്ക് സ്പര്‍ശനത്തിലൂടെ തിരിച്ചറിയാന്‍ പോലും കഴിയാത്ത തരത്തില്‍ എന്തിനാണു വെട്ടിനുറുക്കിയത്. ഒരച്ഛന് മകനെ അവസാനമായി ഒരുമ്മ കൊടുക്കാന്‍ പോലും കഴിയാത്ത തരത്തില്‍, ഒരു ഭാര്യക്ക് സഹിക്കാനാവാത്ത വിധം മുഖം വികൃതമാക്കുന്ന തരത്തില്‍ എന്തിനാണു നിങ്ങള്‍ അതു ചെയ്തത്. അതിനു മാത്രം എന്തു തെറ്റാണ് ചന്ദ്രശേഖരന്‍ ചെയ്തതെന്നും ചോദിക്കുമായിരുന്നു.
പിന്നെ, ചന്ദ്രശേഖരന്റെ ചോര കൊലയാളികളുടെയും കൊല്ലിച്ചവരുടെയും കുഴിമാടം വരെ എത്തുമെന്ന് മുഖത്തുനോക്കി പറയണമെന്നാണ് വിചാരിച്ചിരുന്നത്. ഈ സഭയില്‍ സംസാരിക്കുന്നത് ചന്ദ്രശേഖരന്‍ തന്നെയാണ്. ഓരോ തുള്ളിച്ചോരയില്‍നിന്നും ഒരായിരം പേര്‍ ഉയര്‍ന്നു വരുമെന്നല്ലേ പറയുന്നത്. ചന്ദ്രശേഖരന്റെ ഓരോ തുള്ളി ചോരയില്‍നിന്നും പതിനായിരക്കണക്കിനു മനുഷ്യര്‍ ഇതു ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. രക്തസാക്ഷിയുടെ മുദ്രാവാക്യം സാര്‍ഥകമാകുന്ന നിമിഷമാണ് സഭയില്‍ കാണാന്‍ കഴിയുന്നതെന്നും പറയുമായിരുന്നു.
സാധാരണക്കാരുടെ പ്രതീക്ഷയായ കോടതിവിധി അട്ടിമറിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണു കാണുന്നത്. ഈ ഒരു വിഷയം ഈ സഭയില്‍ എനിക്കുതന്നെ അവതരിപ്പിക്കേണ്ടിവരുന്നുവെന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വല്ലാത്ത വേദനയാണ്. ഭര്‍ത്താവിനെ നഷ്ടമായിട്ടും നിരന്തരം സമരം നടത്തിക്കൊണ്ടിരിക്കുകയും സംസാരിച്ചു കൊണ്ടിരിക്കുകയും ചെയ്യേണ്ട അവസ്ഥയാണ്. എന്നിട്ടും പ്രതികാര നടപടി പോലെ ഇപ്പോഴും തുടരുകയാണ്. കോടതി വിട്ടയയ്ക്കരുതെന്നു പറഞ്ഞിട്ടും വിട്ടയയ്ക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ ഇത് എന്തു ജനാധിപത്യമാണ്. എന്തു നീതിയാണ് നടപ്പാക്കുന്നതെന്ന ചോദ്യം ചോദിക്കുമായിരുന്നു.
അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന, മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ചന്ദ്രശേഖരനെ കൊല്ലില്ലെന്ന പൂര്‍ണവിശ്വാസം ഇപ്പോഴുമുണ്ട്. മരിച്ചു കഴിഞ്ഞും കുലംകുത്തിയാണെന്നു പറയണമെങ്കില്‍, ഭൂമിയില്‍ ജീവിച്ചിരിപ്പില്ലാത്ത ഒരാളെപ്പോലും അങ്ങനെ വിശേഷിപ്പിക്കാന്‍ എങ്ങനെ തോന്നുന്നു എന്നു ചോദിച്ചപ്പോള്‍ അതൊക്കെ ഓരോരുത്തരുടേയും മാനസികാവസ്ഥയ്ക്ക് അനുസരിച്ച് ഇരിക്കുമെന്ന് ഒരു പരിഹാസച്ചിരിയോടെ സംസാരിക്കാന്‍ ഒരാള്‍ക്കു സാധിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ മനസ്സില്‍ അത് ആഗ്രഹിച്ചതാണെന്ന് വിശ്വസിക്കാന്‍ അതില്‍പ്പരം തെളിവൊന്നും എനിക്കു വേണ്ട.
കേരളമാകെ വെറുക്കപ്പെട്ട പ്രതികളാണല്ലോ ഇവര്‍. അവരെ പ്രീതിപ്പെടുത്താനും സന്തോഷിപ്പിക്കാനും വേണ്ടിയാണ് ജയിലിനകത്ത് വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നത്. ആഭ്യന്തര വകുപ്പിന്റെ നേതൃത്വം തന്നെയാണ് ഇതിനു കളമൊരുക്കിക്കൊണ്ടിരിക്കുന്നത്. ജയിലിനകത്ത് പ്രതികളെ കാണാന്‍ കോടിയേരി ബാലകൃഷ്ണനും കെ.രാധാകൃഷ്ണനും പി.ജയരാജനും അബ്ദുല്‍ ഖാദറും എ.സി.മൊയ്തീനും ഒക്കെ പോയത് എന്തിനാണ്. ജയിലില്‍ പ്രതികള്‍ക്കു മര്‍ദനമേറ്റെന്ന് അറിയുമ്പോള്‍ ഇവര്‍ക്കു വേദനിക്കുന്നതെന്തിനാണ്. മറ്റാര്‍ക്കെങ്കിലും ഇതുപോലെ ഉണ്ടാകുമ്പോള്‍ ഇത്തരം ഹൃദയവികാരങ്ങള്‍ നേതാക്കള്‍ക്ക് ഉണ്ടാകുന്നില്ലല്ലോ.
ജയിലില്‍ പ്രതികളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്തില്ലെങ്കില്‍ അവര്‍ പുറത്തുപറയുന്ന കാര്യങ്ങള്‍ പാര്‍ട്ടി നേതാക്കന്മാരെ കോടതിയില്‍ കയറ്റുമായിരിക്കും. അതവര്‍ ഭയക്കുന്നുണ്ട്. കിര്‍മാണി വായ തുറന്നാല്‍, മുഹമ്മദ് ഷാഫി ഇടഞ്ഞാല്‍, അണ്ണന്‍ പിണങ്ങിയാല്‍ അഴിക്കകത്ത് ആകുന്നത് ഒരു സര്‍ക്കാരിന്റെ നേതൃത്വം ആണെന്ന് അവര്‍ക്കറിയാം.’’
രമയുടെ വാക്കുകള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിയാല്‍ പല മുഖങ്ങളും വികൃതമാക്കപ്പെടും എന്ന ഭയം പലർക്കും ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാവും പ്രതികള്‍ക്കു ശിക്ഷ ഇളവു നല്‍കാനുള്ള യാതൊരു നടപടികളും ഇല്ലെന്നു ചൂണ്ടിക്കാട്ടി രമയെ നിശബ്ദയാക്കാൻ തിടുക്കം കാട്ടിയത്. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട് ഒരു വ്യാഴവട്ടത്തിനിപ്പുറവും പ്രതികള്‍ക്ക് എല്ലാവിധ സുഖസൗകര്യങ്ങളും ഒരുക്കാനുള്ള മല്‍സരമാണ് നടക്കുന്നത്. അവര്‍ വാ തുറന്നാല്‍ സര്‍ക്കാര്‍ നേതൃത്വം തന്നെ പ്രതിക്കൂട്ടിലാകുമെന്ന് രമ വിശ്വസിക്കുന്നതും അതുകൊണ്ടു തന്നെയാണ്.