ഓം ബിർല ലോക്സഭാ സ്പീക്കർ; ശബ്ദ വോട്ടോടെ അംഗീകരിച്ചു, ഡിവിഷൻ ആവശ്യപ്പെടാതെ പ്രതിപക്ഷം
Mail This Article
ന്യൂഡൽഹി∙ ഓം ബിർല 18–ാം ലോക്സഭയുടെ സ്പീക്കർ. ശബ്ദ വോട്ടിനാണ് എൻഡിഎ സ്ഥാനാർഥി ഓം ബിർലയെ സ്പീക്കറായി തിരഞ്ഞെടുത്തത്. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ലോക്സഭാ സ്പീക്കറായിരുന്നു. കൊടിക്കുന്നിൽ സുരേഷായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർഥി. ഒാം ബിർലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കി. പ്രതിപക്ഷം ഡിവിഷൻ (ബാലറ്റ് ഉപയോഗിച്ച് അല്ലെങ്കിൽ ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തുന്ന വോട്ട്) ആവശ്യപ്പെട്ടില്ല. ആദ്യ പ്രമേയം പാസായതിനാൽ മറ്റു പ്രമേയങ്ങൾ വോട്ടിനു പരിഗണിച്ചില്ല.
ഒാം ബിർലയുടെ പേര് നിർദ്ദേശിച്ച് 13 പ്രമേയങ്ങളുണ്ടായിരുന്നു. കൊടിക്കുന്നിൽ സുരേഷിന്റെ പേരു നിർദ്ദേശിച്ച് 3 പ്രമേയങ്ങളുമെത്തി. ഒാം ബിർലയുടെ പേര് നിർദ്ദേശിച്ചുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അതിനെ പിന്താങ്ങി. ഈ പ്രമേയമാണ് ആദ്യം വോട്ടെടുപ്പിന് പരിഗണിച്ചത്. ആദ്യം നാമനിർദേശം ചെയ്യപ്പെട്ടയാളെ ലോക്സഭാ സ്പീക്കറാക്കണമെന്ന പ്രമേയമാണ് പ്രോടേം സ്പീക്കർ ആദ്യം പരിഗണിക്കുക. ആദ്യം നാമനിർദേശം നൽകിയതിനാൽ എൻഡിഎ നേതാവ് ഓം ബിർലയെ തിരഞ്ഞെടുക്കണമെന്ന പ്രമേയം ആദ്യം പരിഗണിച്ചു.
സ്പീക്കർ സ്ഥാനത്തേക്കു നാമനിർദേശം നൽകുന്നതിനുള്ള സമയപരിധി ഇന്നലെ ഉച്ചയ്ക്ക് 12ന് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിപക്ഷ ആവശ്യം നിരാകരിച്ച് ഓം ബിർലയുടെ സ്ഥാനാർഥിത്വം ഭരണപക്ഷം പ്രഖ്യാപിച്ചത്. ഇതോടെ, സഭയിലെ ഏറ്റവും മുതിർന്ന അംഗമായിട്ടും പ്രോടെം സ്പീക്കർ പദവി നിഷേധിക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷിനെത്തന്നെ ഇന്ത്യാസഖ്യം രംഗത്തിറക്കി. സമയപരിധി അവസാനിക്കുന്നതിനു 5 മിനിറ്റ് മുൻപാണു കൊടിക്കുന്നിലിന്റെ പേരു നിർദേശിച്ചുള്ള പ്രമേയത്തിനു പ്രതിപക്ഷം നോട്ടിസ് നൽകിയത്.