രഹസ്യവോട്ടെടുപ്പില്ല, മത്സരവും ആദ്യമല്ല; ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇങ്ങനെ
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ മത്സരമുണ്ടാകുന്നത് ആദ്യമല്ല. 5 തവണ ഒന്നിലേറെ പേർ സ്പീക്കർ സ്ഥാനത്തേക്ക് നാമനിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ ഇന്ന് 11 മണിക്ക് ലോക്സഭയിൽ തുടങ്ങുമ്പോൾ, ആദ്യം നാമനിർദേശം ചെയ്യപ്പെട്ടയാളെ ലോക്സഭാ സ്പീക്കറാക്കണമെന്ന പ്രമേയമാണ് പ്രോടേം സ്പീക്കർ ആദ്യം പരിഗണിക്കുക. ഓം ബിർലയാണ് എൻഡിഎ സ്ഥാനാർഥി. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷും.
ആദ്യം നാമനിർദേശം നൽകിയതിനാൽ എൻഡിഎ നേതാവ് ഓം ബിർലയെ തിരഞ്ഞെടുക്കണമെന്ന പ്രമേയം ആദ്യം പരിഗണിക്കും. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടും. പ്രമേയത്തെ അനുകൂലിച്ചോ എതിർത്തോ അംഗങ്ങൾക്ക് വോട്ട് ചെയ്യാം. അംഗങ്ങൾക്ക് സ്ലിപ് നൽകും. ഇതിൽ അതെ എന്നോ അല്ല എന്നോ രേഖപ്പെടുത്താം. രഹസ്യവോട്ടെടുപ്പല്ല. പ്രോടേം സ്പീക്കറുടെ നേതൃത്വത്തിൽ ഇത് എണ്ണിത്തിട്ടപ്പെടുത്തി വിജയിയെ പ്രഖ്യാപിക്കും. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറെ ഇരിപ്പിടത്തിലേക്ക് ആനയിക്കും.
കൊടിക്കുന്നിൽ ആദ്യം നാമനിർദേശപത്രിക സമർപിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പ്രമേയം ആദ്യം പരിഗണിക്കുമായിരുന്നു. ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പരാജയപ്പെടും. പിന്നീട് ഓം ബിർലയുടെ പ്രമേയം പരിഗണിക്കുമായിരുന്നു. എൻഡിഎയ്ക്ക് കൂടുതൽ അംഗങ്ങളുള്ളതിനാൽ സ്പീക്കർ സ്ഥാനത്തേക്ക് വിജയം ഉറപ്പാണ്. കൊടിക്കുന്നിലിന്റെ പ്രമേയം പരിഗണിക്കുന്ന സാഹചര്യം ഉണ്ടാകില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറങ്ങിയാൽ ഏതൊരംഗത്തിനും മറ്റൊരംഗത്തെ സ്പീക്കറാക്കണമെന്ന പ്രമേയത്തിന് നോട്ടിസ് നൽകാം.
ഒരു സ്ഥാനാർഥി മാത്രമുള്ളപ്പോഴും ലോക്സഭയിൽ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് പ്രമേയം വോട്ടിനിട്ടാണ്. സ്ഥാനാർഥികളുടെ പേരു നിർദേശിച്ചുള്ള പ്രമേയങ്ങൾ ലോക്സഭാ സെക്രട്ടറി ജനറലിനു നൽകിയതിന്റെ മുൻഗണനയനുസരിച്ച് സഭയിൽ വോട്ടിനിടും. ഒരു പ്രമേയം പാസാകും വരെ വോട്ടിങ് നടക്കും. ഒരേ സമയത്തു സമർപ്പിച്ച പ്രമേയങ്ങളുടെ മുൻഗണന നറുക്കിട്ടാണു നിർദേശിക്കുന്നത്.
സ്പീക്കർ സ്ഥാനത്തേക്ക് മുന്‍പും മത്സരം
ഡപ്യൂട്ടി സ്പീക്കർ പ്രതിപക്ഷത്തിനെന്ന ആവശ്യം കോൺഗ്രസ് അംഗീകരിക്കാതിരുന്നതിനാലാണ് ആദ്യ ലോക്സഭയിൽ സ്പീക്കർ സ്ഥാനത്തേക്കു 2 സ്ഥാനാർഥികളുണ്ടായത്: ജി.വി.മാവ്‌ലങ്കറും ശങ്കർ ശാന്താറാം മൊറെയും.
∙ നാലാം ലോക്സഭയിൽ നീലം സഞ്ജീവ റെഡ്ഡിക്കെതിരെ തെന്നത്തി വിശ്വനാഥമായിരുന്നു പ്രധാന സ്ഥാനാർഥി. 1967 മാർച്ച് 17ന് നടന്ന തിരഞ്ഞെടുപ്പിൽ 278–207 എന്ന വോട്ട് നിലയിൽ സഞ്ജീവ റെഡ്ഡിക്കു ജയം.
∙ അഞ്ചാം ലോക്സഭയിൽ 1976ൽ ബലിറാം ഭഗത്തും ജഗന്നാഥ് റാവു ജോഷിയും തമ്മിലായിരുന്നു മത്സരം. ഭഗത്തിന്റെ പേരു നിർദേശിച്ച പ്രമേയം പാസായി: 344–58.
∙ 10–ാം ലോക്സഭയിൽ കോൺഗ്രസിന്റെ ശിവരാജ് പാട്ടീലിനെതിരെ ജസ്വന്ത് സിങ്ങിന്റെയും രബി റേയുടെയും പേരുകളും പ്രമേയമായി സഭയിലുണ്ടായിരുന്നു. എന്നാൽ, ജസ്വന്തിന്റെ പേരുള്ള പ്രമേയം അവതരിപ്പിക്കുന്നില്ലെന്ന് എൽ.കെ.അഡ്വാനിയും, രബി റേയുടെ പേരിലുള്ളത് അവതരിപ്പിക്കുന്നില്ലെന്നു ബസുദേവ് ആചാര്യയും വ്യക്തമാക്കി. അങ്ങനെ പാട്ടീൽ ശബ്ദവോട്ടിൽ ജയിച്ചു.
∙ 12–ാം ലോക്സഭയിൽ ജി.എം.സി.ബാലയോഗി, പി.എ.സാങ്മ, കെ.യെരാൻ നായിഡു എന്നിവരായിരുന്നു സ്പീക്കർ സ്ഥാനാർഥികൾ. ഇതിൽ, നായിഡുവിന്റെ പേരുള്ള പ്രമേയം പിൻവലിക്കുന്നതായി തിരഞ്ഞെടുപ്പു നടപടികൾ തുടങ്ങിയപ്പോഴേ വ്യക്തമാക്കപ്പെട്ടു. സാങ്മയുടെ പേര് നിർദേശിച്ച് ശരദ് പവാർ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടിലൂടെ സഭ നിരാകരിച്ചു. ബാലയോഗിയുടെ പേരുള്ള പ്രമേയം ശബ്ദവോട്ടിൽതന്നെ ജയിച്ചു.