ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകള്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഗുണകരമായിരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഡ്രൈവിങ് സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാവും ഈടാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഹെവി വാഹനങ്ങളുടെ പരിശീലനത്തിന് 9,000 രൂപയും ഇരുചക്ര വാഹന പരിശീലനത്തിന് 3500 രൂപയുമാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കിലും ഈ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കു പൂര്‍ണ സൗജന്യമായും പരിശീലനം നല്‍കും. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അതതു വകുപ്പ് ഡയറക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ ആനയറ സ്റ്റേഷന് സമീപത്താണ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെഎസ്ആര്‍ടിസി സ്റ്റാഫ് ട്രെയിനിങ് കോളജില്‍ തിയറി ക്ലാസ് നടക്കും.

ഇത്രനാള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ് പരിശീലന കേന്ദ്രങ്ങള്‍ നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രഫഷനല്‍ മാനദണ്ഡങ്ങളോടെ കെഎസ്ആര്‍ടസിസി ഇത്തരമൊരു പരിശീലന കേന്ദ്രത്തിനു തുടക്കം കുറിക്കുന്നത്. കേന്ദ്ര ഉപരിതല മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളുടെ രീതിയാണു സ്വീകരിച്ചിട്ടുള്ളത്. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടുകള്‍ ഇതിനായി ഉപയോഗിക്കും. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കിയിരുന്നവരെയാണ് ഇത്തരം കേന്ദ്രങ്ങളില്‍ പരിശീലകരായി നിയോഗിക്കുന്നത്. സ്ത്രീകള്‍ക്കു വനിതാ പരിശീലകര്‍ ഉണ്ടാകും. പ്രാക്ടിക്കലിനു പുറമേ വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ച് അറിവു പകരുന്ന തിയറി ക്ലാസും നടത്തും. ഹെവി പരിശീലനത്തിന് ഒഴികെ മറ്റെല്ലാ വിഭാഗത്തിനും പുതിയ വാഹനം ഉപയോഗിക്കും. 

ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമാണ് മിക്ക അപകടങ്ങളും ഉണ്ടാകുന്നത്. ഇതൊഴിവാക്കാനാവണം. പരസ്പര ബഹുമാനത്തോടെയും സുരക്ഷിതമായും വാഹനമോടിക്കാന്‍ പരിശീലിപ്പിക്കേണ്ട കേന്ദ്രങ്ങളില്‍നിന്ന് അതുണ്ടാകുന്നില്ല എന്നതു ഖേദകരമായ വസ്തുതയാണ്. എങ്ങനെയെങ്കിലും ലൈസന്‍സ് എടുത്തുകൊടുക്കുക എന്നതല്ല ഡ്രൈവിങ് പരിശീലന സ്ഥാപനങ്ങളുടെ ചുമതല. സംസ്‌കാര സമ്പന്നമായ നിലയില്‍ വാഹനം കൈകാര്യം ചെയ്യാനുള്ള ബോധവല്‍ക്കരണം നല്‍കാന്‍ കഴിയണം. ഈ ചുമതല അര്‍ഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ക്കു കഴിയുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഫീസ് നിരക്ക് 

ഹെവി ഡ്രൈവിങ് പരിശീലനത്തിനും കാര്‍ ഡ്രൈവിങ് പഠിക്കാനും 9,000 രൂപയാണ് ഫീസ്. ഇരുചക്ര വാഹനങ്ങള്‍ക്ക് 3,500 രൂപയാണ് ഫീസ്. കാറും ഇരുചക്ര വാഹനവും ചേര്‍ത്ത് 11,000 രൂപ ഫീസ് ഈടാക്കുന്ന പാക്കേജുമുണ്ട്. ഗിയര്‍ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കാണ്.

English Summary:

Chief Minister Pinarayi Vijayan Highlights Benefits of KSRTC's New Driving Schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com