ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ സ്പീക്കറിന്റെ ഇരിപ്പിടത്തിനു സമീപമായി സ്ഥാപിച്ച ചെങ്കോലിനെ ചൊല്ലി ഭരണ–പ്രതിപക്ഷ അംഗങ്ങൾ‌ തമ്മിൽ പോര്. ജനാധിപത്യത്തിൽ ചെങ്കോലിന്റെ സ്ഥാനമെന്തെന്ന് സമാജ്‌വാദി പാർട്ടി എംപി ആർ.കെ.ചൗധരി ചോദ്യമുന്നയിച്ചതോടെയാണ് തർക്കങ്ങളുടെ തുടക്കം. പ്രതിപക്ഷ എംപി ചോദ്യം ചെയ്തത് ഇന്ത്യൻ സംസ്കാരത്തെയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. സ്പീക്കർ ഓം ബിർലയ്ക്ക് അയച്ച കത്തിൽ ചെങ്കോൽ മാറ്റി ഭരണഘടന വയ്ക്കണമെന്നായിരുന്നു എംപിയുടെ നിർദേശം.

‘‘ഭരണഘടന അംഗീകരിച്ചതാണ് രാജ്യത്തെ ജനാധിപത്യത്തിന്റെ തുടക്കമായി അടയാളപ്പെടുത്തുന്നത്. രണ്ടാം ബിജെപി സർക്കാർ അതിന്റെ അവസാനകാലത്ത് സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തായി ചെങ്കോൽ സ്ഥാപിച്ചു. ചെങ്കോൽ‌ എന്നത് തമിഴ് വാക്കാണ്. അതിനർഥം രാജദണ്ഡ് എന്നാണ്. അതിന് രാജാവിന്റെ ദണ്ഡ് എന്ന അർഥവുമുണ്ട്. രാജാക്കന്മാരുടെ കാലഘട്ടത്തിൽനിന്ന് നാം സ്വതന്ത്രരായി. ഇന്നു രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള വോട്ടവകാശം എല്ലാ പൗരന്മാർക്കുമുണ്ട്. ഈ രാജ്യം ഭരണഘടനയിലൂടെയാണോ, അതോ രാജദണ്ഡ് ഉപയോഗിച്ചാണോ ഭരിക്കാൻ പോകുന്നത്? ’’– എംപി ചോദിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി ചെങ്കോൽ മാറ്റി അവിടെ ഭരണഘടന സ്ഥാപിക്കണമെന്നും ചൗധരി പറഞ്ഞു. 

മുതിർന്ന കോൺഗ്രസ് നേതാവും സമാജ്‌വാദി പാർട്ടി എംപിയുടെ പരാമർശത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ചെങ്കോൽ കാലം അവസാനിച്ചെന്നും ഇത് ജനാധിപത്യത്തിന്റെ നാളുകളാണെന്നുമാണ് കോൺഗ്രസ് നേതാവും എംപിയുമായ ബി.മാണിക്കം ടാഗോർ പറഞ്ഞത്. ചെങ്കോലിനെ കുറിച്ചുള്ള ചോദ്യത്തോട് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും പരിഹാസരൂപത്തിൽ പ്രതികരിച്ചു. ‘‘ചെങ്കോൽ സ്ഥാപിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെ വണങ്ങി. ഇത്തവണ സത്യപ്രതിജ്ഞ ചെയ്യാൻ നേരം അതിനെ വണങ്ങാൻ മറന്നുപോയി. നമ്മുടെ എംപി അക്കാര്യം പ്രധാനമന്ത്രിയെ ഓർമിപ്പിക്കണം.’’

അതേസമയം ഇന്ത്യൻ സംസ്കാരത്തെയും ചരിത്രത്തെയും സമാജ്‌വാദി പാർട്ടി ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. ചെങ്കോലിനെ കുറിച്ചുള്ള പരാമർശം അപലപിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Samajwadi Party MP Wants Constitution To Replace 'Sengol', BJP Hits Back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com