‘ചന്ദ്രയാൻ 4 വിക്ഷേപണം രണ്ട് ഘട്ടം; വിവിധ ഭാഗങ്ങൾ ബഹിരാകാശത്ത് എത്തിച്ചശേഷം സംയോജിപ്പിക്കും’
Mail This Article
ന്യൂഡൽഹി∙ ചന്ദ്രയാൻ 4 ദൗത്യത്തിന്റെ വിക്ഷേപണം രണ്ടു ഘട്ടങ്ങളിലായെന്ന് ഐഎസ്ആർഒ ചെയർമാൻ ആർ.സോമനാഥ്. ചന്ദ്രയാൻ 4ന്റെ ഭാഗങ്ങൾ രണ്ടു ഘട്ടങ്ങളിലായി ബഹിരാകാശത്തെത്തിച്ചശേഷം അവിടെവച്ച് സംയോജിപ്പിക്കും. തുടർന്ന് ദൗത്യം ചന്ദ്രനിലേക്ക് തിരിക്കും. നിലവിൽ ഐഎസ്ആർഒയുടെ പക്കലുള്ള ഏറ്റവും ശക്തിയേറിയ റോക്കറ്റിനു വഹിക്കാനാവുന്നതിനേക്കാൾ കൂടുതലായിരിക്കും ചന്ദ്രയാൻ 4 ദൗത്യത്തിന്റെ ഭാരം എന്നതിനാലാണ് ഇരട്ട വിക്ഷേപണമെന്നും ഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ സോമനാഥ് പറഞ്ഞു.
‘‘രാജ്യാന്തര ബഹിരാകാശ നിലയം പോലെ വിവിധ ബഹിരാകാശ പേടകങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ദൗത്യം മുൻപും നടന്നിട്ടുണ്ടെങ്കിലും ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്നത് ആദ്യമായിട്ടാകും.
‘‘ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്നതിനുള്ള ഡോക്കിങ് സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്പെയ്ഡെക്സ് എന്നു പേരിട്ടിട്ടുള്ള ദൗത്യം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. ചന്ദ്രയാൻ 4ന്റെ ചെലവ് സംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാരിന്റെ അനുമതിക്കായി കൈമാറും.’’– സോമനാഥ് പറഞ്ഞു.