ADVERTISEMENT

തിരുവനന്തപുരം∙ ടി.പി. ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊന്ന പ്രതികള്‍ക്കു സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യം' നല്‍കാനുള്ള വഴിവിട്ട നീക്കം സിപിമ്മിനെയും സര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ സബ്മിഷനു മുന്‍പ് ധൃതിയില്‍ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു തടിയൂരാനുള്ള നീക്കമാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നടത്തിയത്. പ്രതികള്‍ക്കു ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കമില്ലെന്നു പറഞ്ഞ സ്പീക്കറും സബ്മിഷന്‍ വേളയില്‍ സഭയിലെത്താതിരുന്നതു ശ്രദ്ധേയമായി.

സഭയിലെത്താതിരുന്ന മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എം.ബി.രാജേഷാണു മറുപടി നല്‍കിയത്. ജയില്‍മോചനത്തിനു തെറ്റായ പട്ടിക തയാറാക്കി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് ഉത്തരവാദികളായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് (ഒന്ന്) ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ ഒ.വി.രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാനാണു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

ടി.പി.കേസ് പ്രതികള്‍ വാ തുറന്നാല്‍ സിപിഎമ്മിന്റെ ഉന്നതനേതാക്കളില്‍ പലരും ജയിലഴിക്കുള്ളിലാകാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടിക്കു പ്രതികളെ ഭയമാണെന്നും പ്രതികള്‍ പാര്‍ട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നമുള്ള പ്രതിപക്ഷ ആരോപണം പ്രതിരോധിക്കാനാകാതെ കുഴയുകയാണു നേതൃതം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വന്‍തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ ശക്തമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കി പുതിയ വിവാദം പുറത്തുവന്നതു പാര്‍ട്ടി നേതൃത്വത്തിനെയും പ്രതിരോധത്തിലാക്കി.

ഇതുമായി ബന്ധപ്പെട്ടു ന്യായീകരിക്കാന്‍ പറഞ്ഞ കാര്യങ്ങളൊക്കെ പൊളിയുമെന്നും കോടതിയലക്ഷ്യത്തിനു സാധ്യതയുണ്ടെന്നും വന്നതോടെയാണു ജയില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി വിഷയം തണുപ്പിക്കാനുള്ള നീക്കം സജീവമാക്കിയത്. ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സജിത്ത് എന്നിവര്‍ക്കു മോചനത്തിനു വഴിയൊരുക്കാനുള്ള നീക്കം വിവാദമായി കത്തിപ്പടരുന്നതിനിടെ ട്രൗസര്‍ മനോജിന്റെ വിഷയത്തില്‍ ബുധനാഴ്ച രാത്രി പൊലീസ് കെ.കെ.രമയെ ബന്ധപ്പെട്ടതും പ്രതിപക്ഷം ശക്തമായ ആയുധമാക്കി ഉയര്‍ത്തിയിട്ടുണ്ട്. നടപടികള്‍ നിയമവിരുദ്ധമാണെന്ന് ആഭ്യന്തര സെക്രട്ടറി ജൂണ്‍ മൂന്നിന് ഉത്തരവിറക്കിയിട്ടും പ്രതികളുടെ മോചനത്തിനായി ആരൊക്കെയോ ചരടുവലികള്‍ നടത്തുന്നുവെന്നാണ് ഇതു തെളിയിക്കുന്നതെന്നാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്.  

കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നുപേര്‍ ഉള്‍പ്പെടെയുള്ള ഒൻപതു പേര്‍ക്ക് 20 വര്‍ഷം തടവു പൂര്‍ത്തിയാകുംവരെ ഇളവു പാടില്ലെന്നു ഹൈക്കോടതി വിധി വന്നിട്ട് 4 മാസമേ ആയിട്ടുള്ളൂ. അക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് അറിയാത്തതാണെന്നു കരുതാന്‍ വയ്യ. ശിക്ഷയിളവു നല്‍കാനുള്ളവരുടെ പട്ടികയില്‍ ടിപി കേസ് പ്രതികള്‍ ഉള്‍പ്പെട്ടത് ഉദ്യോഗസ്ഥന്റെ പിഴവാണെന്നും വിശദീകരണം തേടിയെന്നുമുള്ള ജയില്‍ ഡിഐജിയുടെ ന്യായവും തടിയൂരാനുള്ള നീക്കത്തിന്റെ ഭാഗമായാണു വിലയിരുത്തപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മാത്രം വിചാരിച്ചാല്‍ ടിപി കേസ് പ്രതികളുടെ പേര് ശിക്ഷയിളവിനുള്ള പട്ടികയില്‍ വരില്ലെന്ന് ഉറപ്പാണ്. കണ്ണൂരിലെ ജയില്‍ ഉപദേശക സമിതിയില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനും അംഗമാണെന്നതും കാണാതെ പോകാനാവില്ല. 

∙ വിവാദങ്ങള്‍ക്കു തുടക്കം 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി അര്‍ഹരായ തടവുകാര്‍ക്കു 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ പ്രത്യേക ഇളവു നല്‍കാനുള്ള പട്ടികയില്‍ ടിപി കേസ് പ്രതികളായ ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, എസ്.സജിത്ത് എന്നിവരുടെ പേരുകള്‍ തിരുകിക്കയറ്റിയതോടെയാണ് വിവാദത്തിനു തുടക്കമായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണു പട്ടിക തയാറാക്കിയത്. പൊലീസ് റിപ്പോര്‍ട്ട് തേടി ജയിലില്‍നിന്നു സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ കത്തും പട്ടികയും പുറത്തായതോടെ ഇതിനെതിരെ പ്രതിപക്ഷവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയും രംഗത്തെത്തി. ജൂണ്‍ മൂന്നിന് ആഭ്യന്തര വകുപ്പ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു 188 പേരുടെ പട്ടിക തയാറാക്കി 13നു കമ്മിഷണര്‍ക്കു കത്തയച്ചത്.

14 വര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ചാല്‍ ജീവപര്യന്തക്കാരെ വിട്ടയയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിലവില്‍ 10 വര്‍ഷം ശിക്ഷയനുഭവിച്ച പ്രതികള്‍ക്ക് ഒരു വര്‍ഷം ഇളവു കൂടി ലഭിച്ചാല്‍ ഈ ആനുകൂല്യത്തില്‍ നേരത്തേ പുറത്തിറങ്ങാനാകും. എന്നാല്‍ രജീഷും ഷാഫിയും സജിത്തും ഉള്‍പ്പെടെ 9 പ്രതികള്‍ക്ക് 20 വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കാതെ ഇളവ് അനുവദിക്കരുതെന്നു ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രജീഷും ഷാഫിയും ഉള്‍പ്പെടെ 6 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം വിധിക്കുകയും ചെയ്തിരുന്നു.

അഡീഷനല്‍ ലോ സെക്രട്ടറി ചെയര്‍മാനും ആഭ്യന്തര അണ്ടര്‍ സെക്രട്ടറി കണ്‍വീനറും ജയില്‍ ഡിഐജി അംഗവുമായുള്ള 2 പരിശോധനാ സമിതികളെയാണു ശിക്ഷാ ഇളവു പരിശോധിക്കാന്‍ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ജയിലില്‍നിന്നു നല്‍കുന്ന പട്ടിക സമിതി പരിശോധന നടത്തിയാണ് അന്തിമമാക്കുന്നത്.

∙ തടിയൂരാന്‍ വിശദീകരണങ്ങള്‍

പ്രതികള്‍ക്കു ശിക്ഷ ഇളവിനു റിപ്പോര്‍ട്ട് തേടിയത് ആഭ്യന്തര വകുപ്പിന്റെ ചട്ടപ്രകാരമെന്നാണ് ജയില്‍ സൂപ്രണ്ട് വിശദീകരിച്ചിരുന്നത്. ജയില്‍ എഡിജിപിക്കു നല്‍കിയ വിശദീകരണത്തിലാണു ജയില്‍ സൂപ്രണ്ട് നിലപാടു വ്യക്തമാക്കിയത്. 2023 ജനുവരിയില്‍ തയാറാക്കിയ പട്ടികയിലും ടിപി കേസ് പ്രതികളെ ഉള്‍പ്പെടുത്തിയിരുന്നെന്നാണ് കണ്ണൂര്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് നല്‍കിയ വിശദീകരണത്തില്‍നിന്നു വ്യക്തമായത്. ഇതുപ്രകാരം ജയില്‍ മേധാവിയുടെ മുന്നില്‍ നേരത്തേ എത്തിയ പട്ടികയിലും ടിപി കേസ് പ്രതികളുടെ പേരുണ്ടായിരുന്നു.

ശിക്ഷ ഇളവു നല്‍കാനായി 188 തടവുകാരുടെ പട്ടിക തയാറാക്കി. 2022 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ മാനദണ്ഡപ്രകാരമാണു ടിപി കേസ് പ്രതികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസില്‍നിന്നു റിപ്പോര്‍ട്ട് തേടി. 188 പേരുടെയും വിടുതല്‍ സംബന്ധിച്ചും പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് ഒഴിവാക്കല്‍ നടക്കുന്നതെന്നും ജയില്‍ മേധാവിക്കു നല്‍കിയ വിശദീകരണത്തില്‍ സൂപ്രണ്ട് പറഞ്ഞിരുന്നു.

അതേസമയം, സംഭവം വിവാദമായതോടെ ടിപി കേസ് പ്രതികള്‍ക്ക് ഇളവു നല്‍കില്ലെന്ന വിശദീകരണവുമായി ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ രംഗത്തെത്തി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 10 വര്‍ഷം തടവു പൂര്‍ത്തിയാക്കിയവര്‍ക്ക് ഇളവു നല്‍കുന്നതിനുള്ള കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നു. ഇതുപ്രകാരം 10 വര്‍ഷത്തിലധികമായവരുടെ പട്ടിക തയാറാക്കിയതാണ്. ഇതില്‍ ടിപി കേസിലെ പ്രതികളുടെയും പേരുകള്‍ ഉള്‍പ്പെട്ടു. ഇവര്‍ക്കു 20 വര്‍ഷം വരെ ശിക്ഷ ഇളവു പാടില്ലെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ പേരുകള്‍ ഒഴിവാക്കിയെന്നും ജയില്‍ മേധാവി പറഞ്ഞു.

∙ വിവാദത്തിനൊപ്പം പരോളും 

അതിനിടെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച പ്രതികളില്‍ 5 പേര്‍ക്കു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ജൂണ്‍ ആദ്യം പരോള്‍ ലഭിച്ചിരുന്നു. കിര്‍മാണി മനോജ്, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, കെ.ഷിനോജ്, എസ്.സിജിത്ത് എന്നിവരാണു പരോളിലിറങ്ങിയത്. കേസിലെ 9 പ്രതികളാണു കണ്ണൂര്‍ ജയിലിലുള്ളത്. കെ.സി.രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, വാഴപ്പടച്ചി റഫീഖ്, എം.സി.അനൂപ് എന്നിവരാണ് മറ്റു 4 പേര്‍.

5 പ്രതികള്‍ക്ക് ഒന്നിച്ചു പരോള്‍ ലഭിച്ചതു രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് ആക്ഷേപമുണ്ടെങ്കിലും തടവുകാര്‍ക്കു ലഭിക്കുന്ന നിയമപ്രകാരമുള്ള പരോള്‍ മാത്രമാണ് അനുവദിച്ചതെന്നാണ് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസിലെ 9 പ്രതികള്‍ക്ക് 20 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കാതെ തടവില്‍ ഇളവ് അനുവദിക്കരുതെന്നു ഹൈക്കോടതി ഉത്തരവുണ്ട്. കിര്‍മാണി മനോജ്, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, കെ.ഷിനോജ് എന്നിവര്‍ ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ചവരാണ്; എസ്.സിജിത്തിനു ജീവപര്യന്തവും.

∙ തിരുത്തല്‍വാദവും പാളി 

ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്നും തെറ്റുകള്‍ തിരുത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രഖ്യാപിച്ചു 48 മണിക്കൂര്‍ തികയുന്നതിനു മുന്‍പാണു ടി.പി.കേസ് പ്രതികളുടെ ശിക്ഷയിളവു നീക്കം പുറത്തുവന്നത്. അതോടെ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയിലെ ആത്മാര്‍ഥതയാണു ചോദ്യം ചെയ്യപ്പെടുന്നതെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നു.

ഭരണവിരുദ്ധവികാരവും ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു കാരണമായെന്നു സിപിഎമ്മിന്റെ തന്നെ കീഴ്ഘടകങ്ങളും വിമര്‍ശനമുന്നയിക്കുന്നതിനിടെയാണു മുഖ്യമന്ത്രിയുടെ ചുമതലയുള്ള ആഭ്യന്തരവകുപ്പ് വീണ്ടും പ്രതിക്കൂട്ടിലായത്. ടി.പി.വധക്കേസില്‍ പങ്കില്ല എന്നു പാര്‍ട്ടി നിരന്തരം പറയുമ്പോഴും പാര്‍ട്ടി നേതാക്കള്‍ പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുന്നതും ജയിലില്‍ പ്രതികള്‍ക്കു വിഐപി പരിഗണനകള്‍ നല്‍കുന്നതു സംബന്ധിച്ച വാര്‍ത്തകളാണു പുറത്തുവരുന്നത്.

ഏതുവിധേനയും പ്രതികളെ ജയിലിനു പുറത്തെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെട്ടു നടത്തിയ നീക്കം വിവാദമായതു വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുമെന്നാണ് വിലയിരുത്തല്‍.

English Summary:

CPM Under Fire: Jail Officials Suspended in Kerala Over Botched Release List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com