സബ്മിഷനു മുൻപ് സസ്പെൻഷൻ; ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ലെന്ന് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി എം.ബി.രാജേഷ് സഭയെ ഇക്കാര്യം അറിയിച്ചത്. ശിക്ഷാ ഇളവിനു നടപടികൾ തുടങ്ങിയ ജയിൽ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തു. വിഷയം പ്രതിപക്ഷ നേതാവ് സബ്മിഷനായി സഭയില്‍ ഉന്നയിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. ടി.പി വധക്കേസ് പ്രതികൾക്കായി ശിക്ഷാ ഇളവിന്റെ മാനദണ്ഡം മാറ്റിയതായി പ്രതിപക്ഷം ആരോപിച്ചു.
പ്രതികള്‍ക്ക് ഇളവു നല്‍കാന്‍ നീക്കമില്ലെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി കെ.കെ.രമയുടെ അടിയന്തരപ്രമേയ നോട്ടിസ് സ്പീക്കര്‍ തള്ളിയത് വിവാദമായി. അടിയന്തര പ്രമേയ നോട്ടിസിന് അനുമതി നിഷേധിച്ചു നടത്തിയ പരാമര്‍ശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തും നല്‍കി. ഇതിനു പിന്നാലെ, സബ്മിഷനായി പ്രതിപക്ഷം വിഷയം സഭയിൽ എത്തിച്ചതോടെയാണ് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.
ജയിൽ മോചനത്തിനു തെറ്റായ പട്ടിക തയാറാക്കി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് ഉത്തരവാദികളായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്.ശ്രീജിത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് (ഒന്ന്) ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ ഒ.വി.രഘുനാഥ് എന്നിവരെ അന്വേഷണവിധേയമായി സര്‍വീസില്‍നിന്നും സസ്പെൻഡ് ചെയ്യാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. മോചിപ്പിക്കേണ്ടവരുടെ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതായി കണ്ടതിനാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്, പുതുക്കിയ പട്ടിക സമര്‍പ്പിക്കുവാന്‍ ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി മേയ് 3ന് ജയില്‍ വകുപ്പ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് കോടതി പ്രഖ്യാപിച്ചിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് നിലവിലെ മാനദണ്ഡപ്രകാരം ശിക്ഷയിളവിന് അര്‍ഹതയില്ല. ടി.പി കേസിലെ പ്രതികൾക്ക് 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കും മുൻപ് ഇളവ് അനുവദിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലുള്ളവരുടെ ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, പൊലീസ് റിപ്പോര്‍ട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല.
ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജയില്‍ മേധാവി സൂപ്രണ്ടിന്റെ വിശദീകരണം തേടി. പ്രസ്തുത കേസിലെ പ്രതികളെ ഒഴിവാക്കി ശിക്ഷാ ഇളവിനുള്ളവരുടെ അന്തിമ പട്ടിക സര്‍ക്കാരില്‍ നല്‍കുമെന്ന് വ്യക്തമാക്കി 22ന് ജയില്‍ മേധാവി വാർത്താക്കുറിപ്പും നല്‍കി. ശിക്ഷാ ഇളവ് നല്‍കുന്നതിന് 2022 ലെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള തടവുകാരുടെ പുതുക്കിയ പട്ടിക സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.