‘ടിപിക്ക് അറിയാമായിരുന്നു ആ വെട്ട് വരുന്നുണ്ടെന്ന്: അന്ന് ബൈക്കിൽ കയറ്റിയില്ല, പിന്നീട് അറിഞ്ഞത് ഞെട്ടിച്ചു’
Mail This Article
‘ആയിരം കയ്യുകൾ വാരിയെറിയുന്ന, ചെന്നിണപ്പൂവുകൾ നെഞ്ചേറ്റുവാങ്ങുമ്പോൾ, നമ്മുടെ ടിപി ഉണരാതിരിക്കില്ല...’ ഇന്നും മുഴങ്ങുകയാണ് ഈ ആരവം ഒഞ്ചിയത്ത്. 2024 മേയ് 4ന് ഒഞ്ചിയം ഉണർന്നത് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ്, നൊമ്പരപ്പെടുത്തുന്ന ടിപിയുടെ ഓർമകളിലേക്കാണ്. പല നാട്ടുവഴികളിലൂടെയായി ആൾക്കൂട്ടത്തിന്റെ യാത്ര ആറുമണിയോടെ ആരംഭിച്ചു. പല കോണുകളിലുമുള്ള ടി.പി. ചന്ദ്രശേഖരന്റെ സ്‌മൃതി മണ്ഡപങ്ങളിൽ പൂക്കളർപ്പിച്ചും, കൊടിയുയർത്തിയും ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കിയും ജനം പലവഴി പിരിഞ്ഞു നടന്നു. വീടുകൾക്കു മുൻപിലൂടെ ജാഥ കടന്നതോടെ വീട്ടുകാർ അവർക്കൊപ്പം ചേർന്നു. ആ ജാഥകൾ എത്തിച്ചേർന്നത്, ജീവിച്ചിരിക്കെ ചന്ദ്രശേഖരന് ഒരു ദിനം പോലും കയറിക്കിടന്നുറങ്ങാനാവാതെപോയ, അദ്ദേഹം നിർമിച്ച പുതിയ വീടിന്റെ പടിക്കലാണ്. അവിടെ അവരെ സ്വീകരിക്കാൻ ടിപിയില്ല. അതേ സമയം ടിപിയുടെ ഓർമകൾ അവരെ സ്വീകരിച്ചു. ആ ഓർമകൾ ഇന്നും അവരെ നയിക്കുന്നു. അപ്പോഴും വലിയൊരു ചോദ്യം ബാക്കിയാണ്. മറ്റൊരു വിഭാഗത്തെ ടിപിയുടെ ഓർമകൾ ഇന്നും വേട്ടയാടുകയാണോ? ടിപി കൊലക്കേസിലെ പ്രതികളെ ജയിലിൽ നിന്നു മോചിപ്പിക്കാനുള്ള ശ്രമം ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ പലവഴിക്ക് ഇന്നും നടക്കുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം പോലും നടന്നു. ശിക്ഷാഇളവ് നൽകാനുള്ള നീക്കത്തിനെതിരെ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ടിപി എന്ന വാക്കു പോലും സിപിഎം ഭയക്കുന്നത് എന്തുകൊണ്ടായിരിക്കും?