ADVERTISEMENT

കളിയിക്കാവിള ∙ മണ്ണുമാന്തി യന്ത്രം വാങ്ങാൻ പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ക്വാറി–ക്രഷർ ഉടമ മലയിൻകീഴ് സ്വദേശി എസ്.ദീപു സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് പൊലീസിനു വിവരം ലഭിച്ചു. തെർമോകോൾ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ലേയ്ഡ് ഉപയോഗിച്ചാണ് ദീപുവിന്റെ കഴുത്തറുത്തതെന്നാണു സൂചന. പ്രതിയെന്നു സംശയിക്കുന്ന ഗുണ്ട ചൂഴാറ്റുകോട്ട അമ്പിളിയും ഭാര്യയും തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. 

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നടത്തിയ കൊലപാതകമാണോയെന്ന് സംശയമുണ്ട്. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. രണ്ടു കൊലക്കേസുകളിൽ പ്രതിയാണ് അമ്പിളി. എന്നാൽ 6 വർഷമായി കേസുകളില്ല. കാറിൽനിന്നു കാണാതായതായി സംശയിക്കുന്ന 10 ലക്ഷം രൂപ സംബന്ധിച്ചും കൃത്യമായ വിവരമില്ലാത്തതിനാൽ സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്. കൂടെ കൊണ്ടുപോകാറില്ലാത്ത അമ്പിളിയെ 10 ലക്ഷം രൂപയുമായുള്ള യാത്രയിൽ എന്തിന് ദീപു കൂടെക്കൂട്ടി എന്നതിൽ പൊലീസിനു വ്യക്തതയില്ല. സ്ഥിരമായി കൂടെ യാത്ര ചെയ്യുന്ന ക്രഷർ മാനേജർ അനിൽകുമാറിനെ ഈ യാത്രയിൽ ഒപ്പം കൂട്ടിയതുമില്ല.

ദീപു, അമ്പിളി
ദീപു, അമ്പിളി

കരൾ രോഗവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുള്ള അമ്പിളിക്ക് ഒറ്റയ്ക്ക് കൊലപാതകം നടത്താനാകുമോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. അമ്പിളിക്ക് കാർ ഓടിക്കാൻ അറിയില്ലെന്ന് പൊലീസ് പറയുന്നു. കാറിന്റെ ബോണറ്റ് ഉയർത്തി ഇൻഡിക്കേറ്ററുകളെല്ലാം ഓണാക്കിയ നിലയിലായിരുന്നു. വാഹനം ഓടിക്കാനറിയാത്ത അമ്പിളിക്ക് ഇതൊക്കെ ഒറ്റയ്ക്കു ചെയ്യാനാകുമോയെന്ന് പൊലീസിനു സംശയമുണ്ട്. അമ്പിളിക്ക് സ്വന്തമായി ഫോണില്ല. നെയ്യാറ്റിൻകരയിൽനിന്ന് ജെസിബി ഡ്രൈവർ വാഹനത്തിൽ കയറുമെന്നാണു ദീപു സുഹൃത്തിനോട് ഫോണിൽ പറഞ്ഞത്. എന്നാൽ, ഡ്രൈവറിനു പകരം അമ്പിളിയാണു കയറിയത്.

സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന ദീപുവിന്റെ ഇൻഷുറൻസ് പോളിസികൾ സംബന്ധിച്ചും തമിഴ്നാട് പൊലീസ് അന്വേഷണം നടത്തുന്നതായി സൂചനയുണ്ട്. ദീപു വീടിന്റെ ഒരു ഭാഗത്ത് താമസിച്ചശേഷം മറ്റു ഭാഗങ്ങൾ സീരിയൽ ഷൂട്ടിങിന് വാടകയ്ക്ക് കൊടുത്തിരുന്നു. തമിഴ്നാട്ടിലേക്ക് പോകുന്നതിനു മുൻപ്, ക്വാറിയിലെത്തിയ അമ്പിളിയുമായി ദീപു മണിക്കൂറുകളോളം സംസാരിച്ചതായും വിവരം ലഭിച്ചു. അമ്പിളി അടിക്കടി മൊഴി മാറ്റുന്നതാണ് പൊലീസിനെ വലയ്ക്കുന്നത്.

കളിയിക്കാവിളയിൽ കൊല്ലപ്പെട്ട മലയിൻകീഴ് അണപ്പാട് മുളംപള്ളി ഹൗസിൽ എസ്.ദീപുവിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ കരയുന്ന മാതാവ് ലളിതയും ഭാര്യ വിധുമോളും
കളിയിക്കാവിളയിൽ കൊല്ലപ്പെട്ട മലയിൻകീഴ് അണപ്പാട് മുളംപള്ളി ഹൗസിൽ എസ്.ദീപുവിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ കരയുന്ന മാതാവ് ലളിതയും ഭാര്യ വിധുമോളും

നാഗർകോവിൽ–തിരുവനന്തപുരം ദേശീയപാതയിൽ കളിയിക്കാവിള ഒറ്റാമരത്തിനരികിലുള്ള പെട്രോൾ പമ്പിന് സമീപം തിങ്കളാഴ്ച അർധരാത്രിയാണു ദീപുവിനെ കഴുത്തറുത്തു കൊന്നത്. അമ്പിളിയെയും ഭാര്യയെയും ഒരു കാറിന്റെ അകമ്പടിയോടെ 2 ജീപ്പുകളിലായി ഇന്നലെ വൈകിട്ട് അഞ്ചരയോടെ വിളവൂർക്കൽ മലയം ഭാഗത്ത് കൊണ്ടുവന്നെങ്കിലും വാഹനത്തിനു പുറത്തിറക്കിയില്ല. 10 ലക്ഷം രൂപയെക്കുറിച്ച് വിവരങ്ങൾ തേടിയാണ് ഭാര്യയെ കസ്റ്റഡിയിലെടുത്തത്. ദീപുവിന്റെ മൃതദേഹം വീടിനു മുൻവശത്തെ പുരയിടത്തിൽ ഇന്നലെ സംസ്കരിച്ചു.

English Summary:

Financial Troubles Suspected in Kaliyikkavila Deepu's Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com