ADVERTISEMENT

തിരുവനന്തപുരം∙ തൃശൂർ തോൽവിയിൽ പാർട്ടിക്കു പിടികൊടുക്കാതെ നിൽക്കുന്ന കെ.മുരളീധരൻ, തന്റെ പഴയ നിയമസഭാ മണ്ഡലമായ വട്ടിയൂർക്കാവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വട്ടിയൂർക്കാവിൽ നിന്നും മത്സരിച്ചേക്കുമെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പ് വരെ പാർട്ടിയിൽ നിന്നും താൻ മാറിനിൽക്കുകയാണെന്ന് പറ‍ഞ്ഞ മുരളീധരൻ മണ്ഡലത്തിലെ തന്റെ അടുപ്പക്കാരായ നേതാക്കളുമായി സംസാരിച്ചു. 

2019ൽ താൻ വട്ടിയൂർക്കാവ് മണ്ഡലം വിട്ട ശേഷം സംഘടന ദുർബലമായെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ മണ്ഡലത്തിൽ സജീവമാകുമെന്നും കെ.മുരളീധരൻ മനോരമ ഓൺലൈനോടു പറഞ്ഞു. വട്ടിയൂർക്കാവിലെ പാർട്ടിയുടെ പ്രവർത്തനം താഴോട്ടു പോയിട്ടുണ്ട്. അതു നേരെയാക്കുകയാണ് ലക്ഷ്യമെന്നും മുരളീധരൻ പറഞ്ഞു.

വട്ടിയൂർക്കാവിൽ നിന്നും വടകരയിലേക്ക് തറവാട് വിട്ടുപോകുന്ന ഹൃദയവേദനയിലാണ് താൻ പോയതെന്ന് നേരത്തെ മുരളീധരൻ പറഞ്ഞിരുന്നു. മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തെപ്പറ്റിയുള്ള ചോദ്യത്തിന്, അത് പാർട്ടി തീരുമാനിക്കുന്ന കാര്യമാണെന്നായിരുന്നു മുരളീധരന്റെ മറുപടി.

കെ.മുരളീധരൻ മണ്ഡലത്തിലെ ഏറ്റവും വിജയസാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർഥി ആയിരിക്കുമെന്ന് വട്ടിയൂർക്കാവ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വാഴോട്ടുക്കോണം വേണുകുമാർ പറഞ്ഞു. വട്ടിയൂർക്കാവിലെ താമസക്കാരനാണ് അദ്ദേഹം. ഇവിടെ ഓഫിസുമുണ്ട്. വടകരയിൽ എംപി ആയിരിക്കുമ്പോഴും ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇവിടെ വരാറുണ്ടായിരുന്നുവെന്നും വേണുകുമാർ പറഞ്ഞു.

മുരളീധരൻ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർ‌ത്തിക്കുന്നുണ്ടെന്നും ഔദ്യോഗികമായ സംഭാഷണമൊന്നും നടന്നിട്ടില്ലെന്നും മണ്ഡലത്തിലെ പട്ടം ബ്ലോക്ക് പ്രസി‍ഡന്റ് പാറ്റൂർ സുനിൽ പറഞ്ഞു. കെ.മുരളീധരൻ മത്സരിക്കാനെത്തിയാൽ സ്വാഗതം ചെയ്യുമെന്ന് കെപിസിസി നിർവാഹക സമിതി അംഗം ശാസ്തമംഗലം മോഹനും വ്യക്തമാക്കി. 

അതേസമയം, മുരളീധരൻ വന്നാലും വട്ടിയൂർക്കാവിൽ ജയിച്ചുകയറുക എളുപ്പമായിരിക്കില്ലെന്ന് പറയുന്ന കോൺഗ്രസ് നേതാക്കളുമുണ്ട്. നേമത്ത് അക്കൗണ്ട് പൂട്ടിച്ചതിന്റെ വാശിയിൽ ബിജെപിയും ആർഎസ്എസും അദ്ദേഹത്തെ ലക്ഷ്യം വയ്ക്കും. മാത്രമല്ല, വി.കെ. പ്രശാന്ത് മണ്ഡലത്തിൽ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയും വലുതാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. 

മുരളീധരന്റെ വരവിൽ ആശങ്കയില്ലെന്നും അദ്ദേഹത്തെ മത്സരിക്കാൻ സ്വാഗതം ചെയ്യുന്നുവെന്നും വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്ത് പറഞ്ഞു. വട്ടിയൂർക്കാവ് ജംക്‌ഷൻ വികസനം അടക്കം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കു വേണ്ടി സംസ്ഥാന സർക്കാർ  കോടിക്കണക്കിനു രൂപയാണ് ചെലവഴിച്ചത്. സമാനതകളില്ലാത്ത വികസനമാണ് മണ്ഡലത്തിൽ നടന്നിട്ടുള്ളത്. അക്കരെ നിൽക്കുമ്പോൾ ഇക്കരെ പച്ചയായി മുരളീധരനു തോന്നും. ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യങ്ങളൊക്കെ നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോൾ മാറുമെന്നും പ്രശാന്ത് പറഞ്ഞു. 

നേരത്തെ വട്ടിയൂർക്കാവിൽ എംഎൽഎയായിരുന്ന മുരളീധരൻ പാർട്ടിയുടെ നിർദേശ പ്രകാരമാണ വടകരയിലേക്കും നേമത്തിലേക്കും തൃശൂരിലേക്കും കളം മാറിയത്. പാർട്ടിയുടെ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന മുരളീധരനെ എല്ലാ അർഥത്തിലും പരിഗണിക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശം. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടെന്ന സന്ദേശം നൽകി അദ്ദേഹത്തോട് ഫോണിൽ സംസാരിച്ചിരുന്നു.

മുരളീധരൻ മണ്ഡലം വിട്ടുപോയ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ കെ.മോഹൻകുമാറിനെ തോൽപ്പിച്ചാണ് സിപിഎം മണ്ഡലം പിടിച്ചെടുത്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 

English Summary:

K. Muralidharan Eyes a Return to Vattiyoorkavu for 2026 Assembly Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com