മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞ നാട്ടു ബുൾബുൾ; അടിസ്ഥാനവില 1 ലക്ഷം രൂപ: സ്വന്തമാക്കുന്നത് ആര്?
Mail This Article
കൊച്ചി∙ ‘സന്തോഷം നിറഞ്ഞു തുളുമ്പുന്ന കൊച്ചു ഹൃദയവും ഒരിക്കലും അടങ്ങിയിരിക്കാത്ത നാവും’, പച്ചിലത്തലപ്പിൽ ‘അടങ്ങിയിരിക്കുന്ന’ നാട്ടു ബുൾബുളിന്റെ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്. കൊച്ചി ദര്‍ബാർ ഹാളിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. ഇത് പതിഞ്ഞതോ, മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ഹൃദയത്തിലും അതുവഴി അദ്ദേഹത്തിന്റെ ക്യാമറയിലും. ഈ ചിത്രം ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് പ്രദർശനവേദിയിൽ ലേലം ചെയ്യും, 1 ലക്ഷം രൂപയാണ് അടിസ്ഥാനവില. ആരാകും ഈ ചിത്രം സ്വന്തമാക്കുക എന്ന കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
മലയാളത്തിന്റെ പ്രശസ്തനായ പക്ഷിനിരീക്ഷകൻ ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കെ.കെ.നീലകണ്ഠന്റെ ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകത്തില്‍ മലയാളിക്ക് പരിചയപ്പെടുത്തുന്നത് 261 ഇനം പക്ഷികളെയാണ്. ഇതിൽ കേരളത്തിലും പുറത്തും പ്രശസ്തരായ ഫോട്ടോഗ്രാഫർമാർ പകർത്തിയ 30ലേറെ പക്ഷികളുടെ ചിത്രങ്ങളാണ് ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിക്കുന്നത്. കൂട്ടത്തിൽ മമ്മൂട്ടി പകർത്തിയ നാടൻ ബുൾബുളുമുണ്ട്.
ഇന്ദുചൂഡന്റെ സ്മരണാർഥം രൂപീകരിച്ച ‘ഇന്ദുചൂഡൻ ഫൗണ്ടേഷന്റെ’ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഫൗണ്ടേഷനെ നടത്തിപ്പിന് ചെലവ് വളരെയേറെയാണെന്നും അതിനാൽ ചിത്രം ലേലത്തിൽ വച്ച് ആ തുക ഫൗണ്ടേഷന്റെ കാര്യത്തിനായി ഉപയോഗിക്കട്ടെ എന്ന അഭ്യർഥനയോട് മമ്മൂട്ടി സമ്മതം മൂളുകയായിരുന്നു എന്നും ഫൗണ്ടേഷന്റെ സാരഥികളിലൊരാളായ നടൻ വി.കെ.ശ്രീരാമൻ പറഞ്ഞു. എഴുത്തുകാരൻ സക്കറിയ ഇന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തു.