സിദ്ദിഖ് കത്തിക്കയറിയപ്പോള്‍ മുകേഷിന്റെ 'കമ്പിളിപ്പുതപ്പ്' എടുത്ത്് എം.ബി.രാജേഷ്: നിയമസഭയില്‍ ചിരി
Mail This Article
തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങള്‍ക്കു ഫണ്ട് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് ടി.സിദ്ദീഖ് നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുള്ള മറുപടിയില്‍, സഭയിലുണ്ടായിരുന്ന നടൻ കൂടിയായ മുകേഷ് എംഎല്‍എയുടെ സിനിമാ ഡയലോഗ് മന്ത്രി എം.ബി.രാജേഷ് കടമെടുത്തത് ചിരിപടര്‍ത്തി.
മരിച്ചുവീഴുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പിടിച്ചുനിര്‍ത്താന്‍ വേണ്ടി വിഷയം സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് സിദ്ദീഖ് ആവശ്യപ്പെട്ടു. എന്നാല്‍, ഫണ്ട് വൈകുന്നതുള്‍പ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന നയങ്ങളാണെന്നതു സംബന്ധിച്ച് സിദ്ദീഖ് തന്റെ ഉശിരന്‍ പ്രസംഗത്തില്‍ ഒരു വരിപോലും പറഞ്ഞില്ലെന്ന് എം.ബി.രാജേഷ് പറഞ്ഞു.
‘‘നിങ്ങളെ ഇത് എന്തുകൊണ്ട് സ്പര്‍ശിക്കുന്നില്ല എന്നാണു മനസിലാകാത്തത്. 24 നഗരസഭകള്‍ക്കു കേന്ദ്ര ഫണ്ട് അനുവദിക്കാത്ത കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അതു കേട്ട മട്ടേയില്ല. കമ്പളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ് എന്നൊരു സിനിമയില്‍ പറയുന്നില്ലേ, അതുപോലെയാണ് ഇത്’’– രാജേഷ് പറഞ്ഞു.
ഈ സിനിമാ വാചകം പറഞ്ഞയാൾ സഭയില്‍ ഇരിക്കുന്നുണ്ടെന്ന് നടൻ മുകേഷിനെ ചൂണ്ടി രാജേഷ് പറഞ്ഞതോടെ സഭയില്‍ ചിരി പടര്‍ന്നു. അതുപോലെയാണ് യുഡിഎഫ് സംസാരിക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ധനകാര്യ കമ്മിഷന്‍ ഗ്രാന്റിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ കേന്ദ്രം കാണിക്കുന്ന വിവേചനം ഒരുമിച്ചുനിന്നു നേരിടണമെന്നും മന്ത്രി പറഞ്ഞു.