കസ്റ്റഡിയിലും നടി പവിത്ര ഗൗഡയ്ക്കു മേക്കപ്പിന് സൗകര്യം; ചിരിച്ചുകൊണ്ട് പൊലീസുകാർക്കൊപ്പം
Mail This Article
ബെംഗളൂരു ∙ ആരാധകനെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായ കന്നട നടൻ ദർശന്റെ കൂട്ടുപ്രതിയായ നടി പവിത്ര ഗൗഡയ്ക്കു കസ്റ്റഡിയിൽ മേക്കപ്പിന് സൗകര്യമൊരുക്കി പൊലീസ്. ഗുരുതര വീഴ്ച വരുത്തിയ വനിതാ പൊലീസ് സബ് ഇൻസ്പെക്ടർക്ക് കർണാടക പൊലീസ് കാരണംകാണിക്കൽ നോട്ടിസ് നൽകി. പവിത്രയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിനാണു ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ (33) ദർശന്റെ നിർദേശപ്രകാരം കൊലപ്പെടുത്തിയത്. ഭാര്യയുമായി അകന്നുകഴിയുന്ന ദർശൻ പവിത്രയുമായി വർഷങ്ങളായി സൗഹൃദത്തിലാണ്.
ജൂണ്‍ 15ന് സ്വന്തം വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണു പവിത്രയെ മേക്കപ്പ് ചെയ്ത നിലയിൽ കാണപ്പെട്ടത്. പൊലീസുകാർക്കൊപ്പം ചിരിച്ചുകൊണ്ടാണു പവിത്ര വീട്ടിൽനിന്ന് ഇറങ്ങിവന്നതും. പവിത്രയ്ക്കു കൊലപാതകം നടത്തിയതിൽ കുറ്റബോധം ഇല്ലെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണമുണ്ടായി. കേസിൽ പവിത്രയാണ് ഒന്നാം പ്രതി. ദർശൻ തൊഗുദീപയാണ് രണ്ടാം പ്രതി. രേണുകസ്വാമിയുടെ മൃതദേഹം ബെംഗളൂരു കാമാക്ഷിപാളയയിലെ മലിനജല കനാലിൽനിന്നു കണ്ടെത്തുകയായിരുന്നു. പവിത്രയുടെ നേതൃത്വത്തിലാണു കൊലപാതക ഗൂഢാലോചന നടന്നതെന്നു കണ്ടെത്തിയതോടെയാണ് ഒന്നാം പ്രതിയാക്കിയത്.
രേണുകസ്വാമിയെ പവിത്ര മർദിച്ചതായും കണ്ടെത്തി. ദർശന്റെ മാനേജർ പവൻ, ദർശൻ ഫാൻസ് അസോസിയേഷൻ ചിത്രദുർഗ ജില്ലാ പ്രസിഡന്റ് രാഘവേന്ദ്ര എന്നിവരാണു മൂന്നും നാലും പ്രതികൾ. മൊത്തം 17 പേരാണു പ്രതിപ്പട്ടികയിൽ. രേണുകസ്വാമിയുടെ കൊലപാതകം നടത്താൻ ദർശനെ പ്രകോപിപ്പിച്ചതും, കൃത്യം ആസൂത്രണം ചെയ്തതും പവിത്രയാണെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തന്റെ അനുയായികളെ ഉപയോഗിച്ചു കൊലപാതകം നടത്തിയശേഷം, ദർശൻ അവരിൽ ചിലരെ കീഴടങ്ങാൻ പ്രേരിപ്പിച്ചതായും പ്രോസിക്യൂഷൻ വ്യക്തമാക്കി.