ADVERTISEMENT

‘‘ഇന്നലെ വരെ ഇവിടെ കടുത്ത ചൂടായിരുന്നു. ഇന്നു മഴ പെയ്യുന്നു. കണ്ടോ എന്റെ ജന്മദിനത്തിന് അനുഗ്രഹവുമായി ഡൽഹിയിൽ മഴ വരെയെത്തി.’’ - ജന്മദിനാശംസകൾക്ക് പി.ടി.ഉഷ നൽകിയ ചിരിയോടെയുള്ള മറുപടി. വേഗതയ്ക്കു രാജ്യം നൽകിയ മറ്റൊരു പദം, അതാണ് പി.ടി. ഉഷ. 1977ൽ ട്രാക്കിലിറങ്ങിയ അതേ ആവേശത്തിൽ ‘പ്രായം ചിലപ്പോൾ അറുപതായിക്കാണും പക്ഷേ, മനസ്സിന്നും ചെറുപ്പമാണെ’ന്ന് പറഞ്ഞ് ഇന്നും കായികരംഗത്ത് സജീവമാണ് ഉഷ. ഷഷ്ടിപൂർത്തി ദിനത്തിൽ മനോരമ ഓൺലൈനുമായി പി.ടി. ഉഷ സംസാരിച്ചപ്പോൾ...

∙ ജന്മദിനാശംസകൾ, ഷഷ്ടിപൂർത്തിയാണല്ലോ പിറന്നാളാഘോഷമൊക്കെയുണ്ടോ?

ഇന്നാണ് രാജ്യസഭ തുടങ്ങുന്നത്, ഞാൻ ദാ നേരെ അങ്ങോട്ട് പോവുകയാണ്. ഉച്ചയ്ക്കുശേഷം ഐഒഎ(ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ)യിൽ പോകണം. ഇവിടെ കുറച്ച് സുഹൃത്തുക്കൾ വൈകിട്ട് എന്തൊക്കെയോ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണു ഞാൻ മനസ്സിലാക്കുന്നത് (ചിരിക്കുന്നു). അതിൽ പങ്കെടുക്കും. സത്യത്തിൽ എനിക്ക് ഇതിനോടൊന്നും വലിയ താൽപര്യമില്ല. ഞാൻ ആഘോഷിക്കാറില്ല, ഓരോ പിറന്നാൾ വരുമ്പോഴും പക്ഷേ, പിറന്നാളാണെന്ന് എല്ലാവരും അറിയാറുണ്ട്.

∙ ആശംസകളറിയിച്ചെത്തുന്ന ഫോൺ കോളുകളുടെ തിരക്കിലാണല്ലോ...?

ഒരു തമാശയുണ്ട്. മേയ് 20 ആണ് എന്റെ ഔദ്യോഗിക ജന്മദിനം. അതുകൊണ്ട് രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും എല്ലാം ജന്മദിനാശംസകൾ അന്നുതന്നെ കിട്ടി. കുറച്ചധികം നേരത്തേ കിട്ടി. ഉപരാഷ്ട്രപതിയും മറ്റും നേരിട്ടു വിളിച്ചിരുന്നു. അവരോടൊക്കെ ഞാൻ പറഞ്ഞു ശരിക്കുള്ള പിറന്നാൾ വരുന്നേയുള്ളൂവെന്ന്.

∙ ഷഷ്ടിപൂർത്തിയായിട്ടു നേരെ സഭയിലേക്കാണ്...

അതേ... രണ്ടുതവണ അധികാരത്തിൽ വന്ന സർക്കാരാണ്. ഈ സർക്കാരിൽ ഒരുപാട് പ്രതീക്ഷയുണ്ട്.

∙ തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിൽ എത്രത്തോളം സംതൃപ്തയാണ്?

പത്രത്തിൽ ഷഷ്ടിപൂർത്തി എന്നുകാണുമ്പോഴാണു വർഷങ്ങൾ പോയത് അറിയുന്നത്. ഇത്രയും കടന്നുപോയോ എന്നു ചിന്തിക്കുന്നത്. വയസ്സ് അത്രയായിരിക്കും പക്ഷേ, മനസ്സ് അത്ര എത്തിയിട്ടില്ല. ചെറുപ്പം തന്നെയാണ്... അതുകൊണ്ടാണല്ലോ വിശ്രമമെടുക്കാതെ ഓടിപ്പാഞ്ഞ് നടക്കുന്നത്. എത്തിപ്പെടുന്ന മേഖലയിൽ എനിക്കാവുന്നതു ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇതുവരെ അതിനു ശ്രമിച്ചിട്ടിട്ടുണ്ട്. എനിക്കു കിട്ടാതെ പോയത് ഒരു ഒളിംപിക് മെഡൽ മാത്രമേയുള്ളൂ. അതിനടുത്ത് ‌എത്തിയിട്ടുണ്ട്. സാഹചര്യം അങ്ങനെ ആയതുകൊണ്ടു മാത്രം അതുനേടാനായില്ല. പറഞ്ഞുവന്നത് എത്തിപ്പെടുന്ന മേഖലയിൽ പരമാവധി വിജയം കാണാൻ എന്റെ ഭാഗത്തുനിന്ന് ആത്മാർഥമായി ശ്രമിക്കാറുണ്ട്. അതിൽ ഞാൻ സംതൃപ്തയാണ്.

∙ സെക്കന്റിൽ ഒരംശത്തിന്റെ വ്യത്യാസത്തിൽ നഷ്ടമായ ഒളിംപിക് മെഡൽ. പി.ടി. ഉഷയ്ക്കും രാജ്യത്തിനും ഉണ്ടായ ആ വലിയ നഷ്ടത്തെ കുറിച്ചു പറയാതെ ഒരു അഭിമുഖവും കടന്നുപോകാറില്ല. അതിനെ മറികടക്കുക എളുപ്പമായിരുന്നോ?

ഞാനതിനെ വേറെ ഒരുതരത്തിലാണു കണ്ടത്. ചിന്തിക്കുമ്പോൾ വിഷമം തന്നെയാണ്, അതല്ലേ ഞാനും ഇക്കാര്യം വീണ്ടും പറഞ്ഞുപോയത്. ഒരു അത്‌ലറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം ആ അത്‌ലറ്റിക് മെഡൽ തന്നെയാണ്. ആ മെഡൽ കിട്ടിക്കഴിഞ്ഞാൽ ചിലപ്പോൾ കായികരംഗത്ത് തുടരണമെന്നോ, സ്കൂൾ തുടങ്ങണമെന്നോ ഇല്ലല്ലോ. നമ്മൾ ലക്ഷ്യമിട്ട നേട്ടം സ്വന്തമാക്കിയാൽ അതോടെ അവസാനിക്കും. സത്യത്തിൽ അതിനുശേഷമാണു നാടിനു വേണ്ടി ഒരുപാടു നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിച്ചത്. 86 ഏഷ്യൻ‌ ഗെയിംസിൽ ആകെ കിട്ടിയ അഞ്ചുസ്വർണത്തിൽ നാലെണ്ണവും കരസ്ഥമാക്കി പതിനാലാമതു നിന്ന ഇന്ത്യയെ നാലാംസ്ഥാനത്തേക്കു കൊണ്ടുവന്നില്ലേ?. 84ൽ ഒളിംപിക് മെഡൽ നേടിയിരുന്നെങ്കിൽ അങ്ങനെ ഒന്നും സാധിക്കില്ല. അതിനേക്കാളേറെ നേട്ടങ്ങൾ രാജ്യത്തിനു വേണ്ടി ചെയ്യാൻ സാധിച്ചത് ഒരുപക്ഷേ, ആ നഷ്ടം കൊണ്ടാകാം. അങ്ങനെയാണ് മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചത്.

പി.ടി.ഉഷ മെഡലുകളുമായി (ചിത്രം: facebook.com/PT.UshaOfficial/photos)
പി.ടി.ഉഷ മെഡലുകളുമായി (ചിത്രം: facebook.com/PT.UshaOfficial/photos)

∙ പാരിസ് ഒളിംപിക്സിനു ലോകം തയാറെടുക്കുന്നു, ഇന്ത്യയുടെ പ്രതീക്ഷകൾ എന്തൊക്കെയാണ്?

കായികതാരങ്ങൾക്കു വേണ്ടി എല്ലാ സൗകര്യവും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ചെയ്തുകൊടുത്തിട്ടുണ്ട്. അവരുടെ തയാറെടുപ്പുകളെല്ലാം യഥാരീതിയിൽ പോയിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നത്. നമ്മുടെ കാലത്തുണ്ടായിരുന്ന നഷ്ടം താരങ്ങൾക്കു നല്ല എക്സ്പോഷറായിരുന്നു. ഇന്നുപക്ഷേ, നല്ല എക്സ്പോഷർ താരങ്ങൾക്കു ലഭിക്കുന്നുണ്ട്. മൂന്നുപേരെ സപ്പോർട്ടിങ് സ്റ്റാഫായി ഐഒഎ അയയ്ക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ഡോക്ടറുടെ സംഘമാണ് അവരെ അനുഗമിക്കുന്നത്. കായിക താരങ്ങൾക്കു വേണ്ട മാനസിക പിന്തുണ നൽകാൻ ആ മേഖലയിലെ വിദഗ്ധരുണ്ട്. സ്ലീപ്പിങ് തെറപ്പി വിദഗ്ധരുണ്ട്. ന്യൂട്രീഷൻ നോക്കാനുള്ളവരുണ്ട്.

കായിക താരങ്ങളുൾപ്പെടയുള്ളവർക്കു വേണ്ടി ഇന്ത്യ ഹൗസ് അവിടെ സ്ഥാപിക്കുന്നുണ്ട്. അതിൽ സാംസ്കാരിക പരിപാടികൾ നടത്തും. മത്സരത്തിൽ വിജയിക്കുന്നവരെയും പങ്കെടുത്തവരെയും അനുമോദിക്കുന്ന പരിപാടികൾ നടത്തും. രാജ്യത്തെ പലസ്ഥലത്തുള്ള ഭക്ഷണം അവിടെ നൽകും. എല്ലാവർക്കും ടിക്കറ്റ് എടുത്തു കാണാൻ കഴിയണമെന്നില്ലല്ലോ അതുകൊണ്ടു നമ്മുടെ കുട്ടികൾ പങ്കെടുക്കുന്ന മത്സരങ്ങൾ തത്സമയം കാണാനുള്ള സംവിധാനങ്ങളും ഇന്ത്യ ഹൗസിലൂടെ ഒരുക്കുന്നുണ്ട്. ഇത്തവണ ടോക്കിയോ ഒളിംപിക്സിനേക്കാൾ മെഡലുകൾ ഇന്ത്യ നേടും എന്നതാണ് എന്റെ ഒരു പ്രതീക്ഷ.

∙ കടൽക്കരയിൽ ഓടിത്തെളിഞ്ഞ പി.ടി. ഉഷയായിരുന്നു. വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ത്യൻ അത്‌ലറ്റിക്സ് സൗകര്യങ്ങൾ എവിടെ എത്തിനിൽക്കുന്നു? ഇന്നത്തെ കുട്ടികൾ എത്രത്തോളം അഭിനിവേശമുള്ളവരാണ്?

എന്റെ കാലഘട്ടത്തെയും ഇന്നത്തെ കാലത്തെയും താരതമ്യം ചെയ്യാനാകില്ല. ഞാൻ പരിശീലനം നടത്തുന്നത് വീട്ടിൽനിന്ന് കടപ്പുറത്ത് എത്തിയാണ്. ആ സമയത്ത് നമ്മുടെ നാട്ടിൽ ഷോർട്സ് ഇട്ടിട്ട് ആരും ഓടില്ല. എല്ലാവരും വിചിത്ര ജീവിയെ പോലെ നോക്കിനിൽക്കും. ഓടുന്നത് കണ്ടാൽ തന്നെ നോക്കിനിൽക്കും. ഞാനാണെങ്കിൽ ട്രാക്ക് സ്യൂട്ട് ഇട്ട് ഇടവഴിയിൽ കൂടി ഓടും പിന്നെ റെയിൽവേ ട്രാക്ക്, അതുകടന്ന് ആരുടെയൊക്കെയോ വീട്ടുമുറ്റം, പിന്നെ തോട് ചാടിക്കടക്കും, അതും കഴിഞ്ഞ് കടപ്പുറത്തെത്തി പരിശീലനം നടത്തും.

ഇന്നു സാഹചര്യം മാറി, സിന്തറ്റിക് ട്രാക്ക് ലൂസാണ്, ഹാർഡാണ് എന്നേ താരങ്ങൾക്കു പറയാനുണ്ടാകൂ. ഒരു അത്‌ലറ്റ് ഓടി ജയിക്കണമെങ്കിൽ കോച്ചുമാർ കൂടെയുണ്ടാകും. അവരെ കരുത്തുകൂട്ടാനുള്ള പരിശീലകർ കൂടെ ഉണ്ടാകും അവരുടെ മസാജർ കൂടെ ഉണ്ടാകും. ഞങ്ങളുടെ ചെറിയ ഉഷ സ്കൂളിലെ ഒരു കുട്ടി മത്സരത്തിനു പോകുമ്പോൾ സ്പോൺസർഷിപ്പില്ലെങ്കിലും കോച്ചിനെയും മസാജറെയും ഫ്ളൈറ്റിൽ അയക്കാറുണ്ട്. എത്ര ചെലവുണ്ട്? അതായത് ഇന്നു സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ താരങ്ങൾ കുറേക്കൂടി നന്നായി പെർഫോമം ചെയ്യുകയാണു വേണ്ടത്.

അഭിനിവേശം കൊണ്ടും കഠിനാധ്വാനം കൊണ്ടും ആത്മസമർപ്പണം കൊണ്ടും ഈ രംഗത്തെത്തിയവരാണു ഞങ്ങൾ. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം സ്പോർട്സാണ്. ഞാനതു ചെയ്യാൻ തുടങ്ങി, നേട്ടങ്ങൾ പിറകേ വന്നു, റെക്കാർഡ് ഇടാൻ തുടങ്ങി നേട്ടങ്ങൾ രാജ്യത്തിന് ഉണ്ടാക്കണം എന്നാഗ്രഹിച്ചു മത്സരിച്ചു. എനിക്കു നേട്ടം ഉണ്ടായപ്പോൾ ബാക്കിയെല്ലാം എന്നെ തേടിയെത്തിയതാണ്. എനിക്ക് എന്തൊക്കെ കിട്ടിയോ അതെല്ലാം എന്റെ അടുത്തേക്കു വന്നതാണു ഞാൻ പോയതല്ല. പക്ഷേ, ഇന്നു കുട്ടികളുടെ സമീപനം വ്യത്യസ്തമാണ്. അവർ നേട്ടങ്ങൾ ഉണ്ടാക്കുന്നതു തന്നെ നല്ല ജോലി കിട്ടണം, പൈസ കിട്ടണം, അല്ലെങ്കിൽ പ്രശസ്തി, എന്നൊക്കെ ലക്ഷ്യം കണ്ടാണ്. അതിനു വേണ്ടി ചെയ്യുന്ന രീതിയിലേക്കു സ്പോർട്സ് പോയി എന്നുള്ളതാണ്.

പി.ടി.ഉഷ (ചിത്രം:facebook.com/PT.UshaOfficial/photos)
പി.ടി.ഉഷ (ചിത്രം:facebook.com/PT.UshaOfficial/photos)

∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റാണ്. കായിക രംഗത്തിന് എന്തൊക്കെ സംഭാവനകൾ ഈ പദവിയിലിരുന്നു ചെയ്യാൻ സാധിച്ചു?

ഒരേരീതിയിൽ പോയിട്ടുള്ള ഒളിംപിക് അസോസിയേഷനാണു നമ്മുടേത്. അവിടെനിന്നു ഒരുപാടു കാര്യങ്ങൾ നമുക്കു ചെയ്യാനായി സാധിക്കും. അതു ചെയ്യണം എന്നുണ്ടെങ്കിൽ ആ സംവിധാനത്തിന് ഒരു പ്രഫഷനൽ സമീപനം ഉണ്ടാകണം. അതിന് ഒരുപാട് ആളുകൾ നമ്മുടെ കൂടെ നിൽക്കണം. നമ്മളെ പിന്തുണയ്ക്കണം. തുടക്കത്തിൽ ഞാൻ എല്ലാം നോക്കിക്കാണുകയായിരുന്നു. പിന്നീട് എനിക്കു മനസ്സിലായി ആരൊക്കെ പിന്തുണയ്ക്കുമെന്ന്. പ്രസിഡന്റിന്റെ കടമകൾ നടപ്പാക്കാൻ ശ്രമിച്ചപ്പോൾ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചു ഞാൻ ചെന്നെത്തുന്ന മേഖലയിൽ ഒരുപാടു തടസ്സങ്ങൾ ഉണ്ടാകാറുണ്ട്. ഇട്ടെറി‍ഞ്ഞു ഓടിപ്പോകാറില്ല. എന്നിൽ ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടായിരിക്കാം എന്നെ ഏൽപ്പിച്ചിട്ടുണ്ടാകുക. ഞാൻ തീരെ ആഗ്രഹിക്കാതെ വന്ന പദവിയാണ്. ആ പ്രതീക്ഷ തെറ്റിക്കുന്നത് ഇഷ്ടമല്ല. തടസ്സങ്ങൾ ഉണ്ടായാലും മറികടക്കാൻ സാധിക്കും എന്നതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതിനെ പ്രഫഷനൽ രീതിയിൽ കൊണ്ടുവരാനുള്ള പരിശ്രമമാണു നടക്കുന്നത്. അതു കായികരംഗത്ത് ഒരുപാടു മാറ്റങ്ങൾ കൊണ്ടുവരും.

മെഡൽ നേടുമ്പോൾ കായിക താരങ്ങളെ അനുമോദിക്കുമെങ്കില‍ും ഫീൽഡിൽനിന്നു മാറിയാൽ അവർ ഒന്നുമല്ലാതായി പോകുന്ന സാഹചര്യം ഉണ്ട്. ആർച്ചറിക്കു മുഖം കൊടുത്ത ആളാണ് ലിംബാറാം. അവർ വീൽചെയറിൽ വന്ന് സഹായത്തിന് കൈനീട്ടുമ്പോൾ അവരുടെ സ്ഥിതി എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. അതിൽനിന്നു മാറ്റം വരണം. രാജ്യത്തിനു വേണ്ടി മെഡൽ നേടിയിട്ടുള്ള സൂപ്പർതാരങ്ങൾ പിന്നീട് ഈ സാഹചര്യത്തിലേക്ക് വന്നുകൂടാ.

77 മുതൽ 2024 വരെ ഈ ഫീൽഡിൽ നിൽക്കുന്ന ആളനാണ്, ഇത്രയും ഒളിംപിക്സിൽ പങ്കെടുത്ത അത്‌ലറ്റ് ഇന്ത്യയിൽ ഉണ്ടാകില്ല. നാല് ഒളിംപിക്സിൽ പങ്കെടുത്തിട്ടുണ്ട്. കോച്ചായും മറ്റും ഇവിടെത്തന്നെയുണ്ട്. മൂന്ന് ഒളിംപിക്സിനു മാത്രമേ പോകാതിരുന്നിട്ടുള്ളൂ. ഇത്തവണ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി പാരിസ് ഒളിംപിക്സിൽ പങ്കെടുക്കാൻ പോകുന്നു. ഒരുപാടു കാര്യങ്ങൾ ചെയ്യാൻ പറ്റും എന്നാണു പ്രതീക്ഷ. അതിനു ഒരു കൂട്ടായ്മ ഉണ്ടാകണം. പ്രഫഷനൽ രീതിയിൽ സമീപനം ഉണ്ടാകണം. അതിനു വേണ്ടിയുള്ള പരിശ്രമത്തിലാണ്.

∙ ട്രാക്കിൽ തന്നെയായിരുന്നല്ലോ ഇത്രയും വർഷം... വ്യക്തിപരമായ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ?

അത് തീർച്ചയായും ഉണ്ടാകുമല്ലോ. കുടുംബത്തിന്റെ കൂടെ നിൽക്കാൻ ഇഷ്ടപ്പെടുമെങ്കിലും പറ്റണം എന്നില്ല. സാധാരണ ആളുകൾ എല്ലാം ഈ സമയത്ത് അവധിക്കാലം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും. അവരുമായി കൂടുതൽ സമയം ചെലവഴിക്കും ജന്മദിനങ്ങളും ആഘോഷങ്ങളും ഉണ്ടാകും. എന്റെ ജീവിതത്തിൽ അതൊന്നും പതിവില്ല. എന്റെ അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട മകളായിരുന്നു ഞാൻ. ആ അച്ഛൻ വിടപറഞ്ഞപ്പോൾ അവസാന നിമിഷം എനിക്കൊന്നു കാണാൻ പോലും സാധിച്ചില്ല. കാരണം ഞാൻ പട്യാലയിൽ പരിശീലനത്തിൽ ആയിരുന്നു. അന്നു ഫ്ലൈറ്റ് മിസ്സായി. അക്കാലത്ത് ഒരു ഫ്ലൈറ്റ് മിസ്സായാൽ പിന്നെ രണ്ടുദിവസം കഴിഞ്ഞിട്ടൊക്കെയാണ് അടുത്തത്. അങ്ങനെ നഷ്ടങ്ങൾ വന്നിട്ടുണ്ട്...

∙ ഇനി ബാക്കിയുള്ള സ്വപ്നം എന്താണ്?

എന്നെ സംബന്ധിച്ച് ബാക്കിയുള്ള സ്വപ്നം എന്നുപറയുന്നത് എന്താണോ ഏറ്റെടുത്തിരിക്കുന്നത് അതു വിജയകരമായി പൂർത്തിയാക്കുക എന്നുള്ളതാണ്. ഇപ്പോൾ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റാണ്. 2036ലെ ഒളിംപിക്സ് ഇന്ത്യയിൽ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിക്ക് വലിയൊരു ആഗ്രഹമുണ്ട്. കൊണ്ടുവരിക മാത്രമല്ല കൊണ്ടുവരുമ്പോൾ നമ്മുടെ രാജ്യം മികച്ച പത്തു രാജ്യങ്ങളിലൊന്നാകാനും നാം ശ്രമിക്കണം. അതുപോലെ എംപിയെന്ന നിലയിൽ ഞാൻ തീരെ പ്രതീക്ഷിക്കാതെ വന്നതാണ്. പയ്യോളി മുതൽ മുഴുവൻ കേരളത്തിലും എംപി എന്ന നിലയിലും ജനങ്ങൾക്കു വേണ്ട കാര്യങ്ങൾ വികസനങ്ങൾ കൊണ്ടുവരാൻ ശ്രമിക്കണം.

English Summary:

PT Usha Speaks on her birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com