ADVERTISEMENT

ന്യൂഡൽഹി∙ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് രണ്ടുമരണം. 8 പേർക്കു പരുക്കേറ്റു. കനത്ത മഴയെത്തുടർന്ന് ഡിപ്പാർച്ചർ ടെർമിനൽ ഒന്നിലെ മേൽക്കൂരയാണു കാറുകൾക്കുമേൽ പതിച്ചത്. മരിച്ചവരിൽ ഒരാൾ ടാക്സി ഡ്രൈവറാണെന്നു വിമാനത്താവള അധികൃതർ അറിയിച്ചു. ടെർമിനലിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ടെർമിനൽ 2, ടെർമിനൽ 3 എന്നിവിടങ്ങളിലായി പ്രവർത്തനം തുടരും.

കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ നശിച്ച വാഹനങ്ങൾ.
കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ നശിച്ച വാഹനങ്ങൾ.
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന നിലയിൽ.
ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്ന നിലയിൽ.

ടെർമിനൽ ഒന്നിൽനിന്ന് പുറപ്പെടുന്ന വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി. ഇൻഡിഗോ, സ്പൈസ്ജെറ്റ് വിമാനങ്ങളുടെ എല്ലാ സർവീസുകളും ഉച്ചയ്ക്ക് രണ്ടുവരെയാണു റദ്ദാക്കിയത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണു സംഭവം. മേൽക്കൂരയിലെ ഷീറ്റുകളും അതു താങ്ങിനിർത്തിയിരുന്ന തൂണുകളുമാണു നിലംപൊത്തിയത്. ഒട്ടേറെ കാറുകൾക്കു കേടുപാടുകളുണ്ടായി. സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്തുന്നതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിൻജാരാപു പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 3 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് വ്യോമയാന മന്ത്രി പ്രഖ്യാപിച്ചു. സുരക്ഷയുടെ ഭാഗമായി ചെക്ക് ഇൻ കൗണ്ടറുകളും അടച്ചതായി ഡൽഹി വിമാനത്താവള വക്താവ് അറിയിച്ചു. ആഭ്യന്തര സർവീസുകളാണ് ടെർമിനൽ ഒന്നിൽ കൈകാര്യം ചെയ്യുന്നത്.

സംഭവത്തിൽ കേസെടുത്തതായി ഡൽഹി ഡപ്യൂട്ടി പൊലീസ് കമ്മീഷണർ ഉഷാ രംഗ്‌നാനി അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കനത്ത മഴ തുടർന്നതാണു അപകടത്തിന്റെ പ്രാഥമിക കാരണമെന്നും ഡൽഹി രാജ്യാന്തര എയർപോർട്ട് ലിമിറ്റഡ് (ഡിയാല്‍) അധികൃതരും പറഞ്ഞു. കഴിഞ്ഞദിവസം മുതൽ ഡൽഹിയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. 24 മണിക്കൂറിനിടെ 228.1 മില്ലിമീറ്റർ മഴ പെയ്തു. ശക്തമായ മഴയില്‍ നോയിഡ, ആർ.കെ.പുരം, മോത്തിനഗര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

English Summary:

Roof collapses at Delhi Airport's Terminal 1, injures 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com