കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെയും പ്രതി ചേർക്കും
Mail This Article
തൃശൂർ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസും പ്രതിയാകും. അടുത്തഘട്ടത്തിലെ കുറ്റപത്രത്തിൽ വർഗീസിനെയും പ്രതി ചേർക്കുമെന്നാണ് വിവരം. പാർട്ടി ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് വർഗീസിനെ പ്രതിയാക്കുക. തൃശൂർ പൊറത്തിശ്ശേരിയിൽ സിപിഎമ്മിനായി സ്ഥലം വാങ്ങിയതിൽ കള്ളപ്പണം ഉപയോഗിച്ചുവെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്.
പൊറത്തിശ്ശേരി ബ്രാഞ്ച് കമ്മിറ്റിക്കുവേണ്ടി ജില്ലാ സെക്രട്ടറിയുടെ പേരിലാണ് 13 ലക്ഷം രൂപയുടെ സ്ഥലവും വസ്തുവകകളും വാങ്ങിയത്. ഇതേക്കുറിച്ച് ജില്ലാ നേതൃത്വത്തിന് അറിവുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.
അതേസമയം, കരുവന്നൂർ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഇ.ഡി തോന്ന്യാസം കാണിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. സിപിഎമ്മിനെ പ്രതിയാക്കി പുകമറ സൃഷ്ടിക്കാനാണ് നീക്കം. ബ്രാഞ്ച് കമ്മിറ്റി ജില്ലാ കമ്മിറ്റിയുടെ പേരിൽ വസ്തുവകകൾ വാങ്ങുന്നത് പതിവാണെന്നും ലോക്കൽ കമ്മിറ്റി പിരിച്ചെടുത്ത പണം കൊണ്ടാണ് പൊറത്തിശേരിയിൽ ഭൂമി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ സിപിഎമ്മിന്റേതുൾപ്പെടെ 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി ഡയറക്ടറേറ്റ് ശുപാർശ ചെയ്തിട്ടുണ്ട്. കൂടുതൽ നേതാക്കളെയും പ്രതിയാക്കിയേക്കും. സംസ്ഥാനസമിതി നേതാക്കളായ എം.കെ.കണ്ണൻ, എ.കെ.മൊയ്തീൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജു എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കും ഇഡി ഇതുവരെ ക്ലീൻചിറ്റ് നൽകിയിട്ടില്ല.
അതേസമയം കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും എം.എം.വർഗീസ് പ്രതികരിച്ചു. ഇ.ഡിയിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ കിട്ടിയിട്ടില്ല. വാർത്തകൾ പലതും മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതേക്കുറിച്ച് വിശദമായി അറിഞ്ഞശേഷം കൂടുതൽ പ്രതികരിക്കാം. ഇ.ഡിയുടെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും അറിയില്ല. എന്തായാലും ഇ.ഡിയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.