സഹപാഠികൾ കര, നാവികസേനകളുടെ തലപ്പത്ത്, ഇന്ത്യൻ ചരിത്രത്തിലാദ്യം
Mail This Article
ന്യൂഡല്‍ഹി∙ ഇന്ത്യൻ സൈനിക ചരിത്രത്തിൽ ആദ്യമായി സഹപാഠികൾ കര, നാവികസേനാ മേധാവി സ്ഥാനത്ത്. നാവികസേന മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയും കരസേനാമേധാവിയായി ഞായറാഴ്ച സ്ഥാനമേറ്റ ഉപേന്ദ്ര ദ്വിവേദിയും മധ്യപ്രദേശിലെ രേവ സൈനിക വിദ്യാലയത്തില്‍ ഒരേ ക്ലാസിലെ വിദ്യാർഥികളായിരുന്നു. നാഷണൽ ഡിഫന്‍സ് അക്കാദമിയിൽ ഒരേ ബാച്ചിൽ പഠിച്ചിറങ്ങിയവർ മുൻപും ഒരേ സമയം വിവിധ സേനകളുടെ മേധാവിമാരായിട്ടുണ്ടെങ്കിലും ഒരേ ക്ലാസില്‍ പഠിച്ചിറങ്ങിയ രണ്ടുപേർ സേനകളുടെ മേധാവികളാകുന്നത് ആദ്യമായാണ്.
1970ലാണ് ദിനേശ് ത്രിപാഠിയും ഉപേന്ദ്ര ദ്വിവേദിയും മധ്യപ്രദേശിലെ രേവയിലുള്ള സൈനികവിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാർഥികളായിരുന്നത്. ‘‘ സൈന്യത്തിന് നേതൃത്വം നൽകുന്ന രണ്ട് പ്രഗത്ഭരായ വിദ്യാർഥികളെ വളർത്തിയെടുക്കാനുള്ള അപൂർവ ബഹുമതി മധ്യപ്രദേശിലെ രേവയിലുള്ള സൈനിക് സ്‌കൂളിന് ലഭിച്ചു’’ –പ്രതിരോധ വക്താവ് ഭരത് ഭൂഷണ്‍ ബാബു എക്സിൽ കുറിച്ചു.
പാക്കിസ്ഥാൻ, ചൈന അതിർത്തികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഉപേന്ദ്ര ദ്വിവേദി ഫെബ്രുവരിയിലാണ് കരസേനാ ഉപമേധാവിയായി ചുമതലയേറ്റത്. കരസേനയുടെ മുപ്പതാമത്തെ മേധാവിയാണ് ദ്വിവേദി. കഴിഞ്ഞ മേയ് ഒന്നിനാണ് നാവികസേനയുടെ 28–ാം അഡ്മിറൽ ജനറൽ പദവി ദിനേശ് ത്രിപാഠി ഏറ്റെടുത്തത്. മലയാളിയായ അഡ്മിറല്‍ ആര്‍.ഹരികുമാര്‍ വിരമിച്ചതോടെയാണ് വൈസ് അഡ്മിറലായിരുന്ന ത്രിപാഠി നാവികസേനയുടെ തലപ്പത്തെത്തിയത്.