കിമ്മിനു പുട്ടിൻ സമ്മാനിച്ച കാറിൽ ദക്ഷിണ കൊറിയൻ സെൻസറുകൾ; ഔറസ് ലിമസീൻ റഷ്യയുടെ ചതിയോ?
Mail This Article
മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനു സമ്മാനിച്ച കാറാണ് ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങളുടെ ചർച്ചാ വിഷയങ്ങളിലൊന്ന്. ജൂൺ 18,19 തീയതികളിൽ ഉത്തര കൊറിയയിൽ നടത്തിയ സന്ദർശനത്തിലാണ് പുട്ടിൻ കിമ്മിന് റഷ്യൻ നിർമിത ആഡംബര കാറായ ഔറസ് സെനറ്റ് ലിമസീൻ സമ്മാനിച്ചത്. പോങ്യാങിലെ കൊട്ടാരവളപ്പിലെ പൂന്തോട്ടത്തിലൂടെ കിമ്മും പുട്ടിനും ഈ കാർ ഓടിച്ചു നോക്കിയിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
എന്നാൽ ഇപ്പോൾ കാർ വീണ്ടും വാർത്തയായത് അതിന്റെ ദക്ഷിണ കൊറിയൻ ‘ബന്ധം’ മൂലമാണ്. റഷ്യയിൽ നിർമിച്ച കാറിൽ ഉപയോഗിച്ചിട്ടുള്ള പല സാമഗ്രികളും ദക്ഷിണ കൊറിയയിൽനിന്നാണെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കാറിലെ പ്രധാനപ്പെട്ട സെൻസറുകളും സ്വിച്ചുകളും മുതൽ ബോഡിയുടെ ലോഹഭാഗങ്ങൾ വരെ ദക്ഷിണ കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്തതാണത്രേ.
ഔറസ് സെനറ്റ് ലിമസീൻ കാറിന്റെ നിർമാണത്തിനുള്ളവ അടക്കം 3.4 കോടി ഡോളറിന്റെ സാധനങ്ങളാണ് റഷ്യ 2018-'23 കാലത്ത് ഇറക്കുമതി ചെയ്തത്. ഇതിൽ 1.55 കോടി ഡോളറിന്റെ സാധനങ്ങൾ ദക്ഷിണ കൊറിയയിൽ നിന്നാണ്. ഇന്ത്യ, ചൈന, തുർക്കി, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും റഷ്യ ഇത്തരത്തിൽ വാഹന നിർമാണ സാമഗ്രികൾ ഇറക്കുമതി ചെയ്തിരുന്നു.
നേരത്തേ, യുഎൻ രക്ഷാസമിതി ഉത്തര കൊറിയയിലേക്കുള്ള ആഡംബര കാറുകളുടെ കയറ്റുമതി നിരോധിച്ചിരുന്നു. ഇതോടെയാണ് കാറുകൾക്കായി ഉത്തര കൊറിയ റഷ്യയെ ആശ്രയിച്ചു തുടങ്ങിയത്. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനാണ് പുട്ടിൻ കിമ്മിന് കാർ സമ്മാനിച്ചതെങ്കിലും, ലിമസീൻ കാർ പുട്ടിന്റെ ചതി പ്രയോഗമാണോ എന്ന ചർച്ചയും കൊടുമ്പിരി കൊള്ളുന്നുണ്ട്. വിമാനത്തിൽ പോലും കയറാൻ പേടിയുള്ള കിംങ് ജോങ് ഉൻ, ദക്ഷിണ കൊറിയൻ സെൻസറുകളുള്ള ഔറസ് സെനറ്റ് ലിമസീൻ ഉപയോഗിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.