ADVERTISEMENT

ജൂണ്‍ 26 ബുധനാഴ്ച... ബൊളീവിയയില്‍ പ്രസിഡന്റ് ലൂയിസ് ആര്‍സെയുടെ കൊട്ടാരത്തിന്റെ പ്രവേശനകവാടം ഇടിച്ചുതുറന്ന് സൈനികവാഹനം അകത്തേക്കു കടന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസിഡന്റിന്റെ കൊട്ടാരവും സമീപപ്രദേശങ്ങളും പട്ടാളത്തിന്റെ നിയന്ത്രണത്തില്‍. പിന്നാലെ കൊട്ടാരമുറ്റത്തേക്കു കുതിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോട് അട്ടിമറിക്കു നേതൃത്വം നല്‍കിയ സൈനിക ജനറല്‍ കമാന്‍ഡര്‍ ഹുവാൻ ഹോസെ സുനിഗ പറഞ്ഞു–‘‘ഉടന്‍ തന്നെ രാജ്യത്തു പുതിയ മന്ത്രിസഭയുണ്ടാകും. നമ്മുടെ രാജ്യം ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കില്ല.’’ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നും രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കുമെന്നും തുടര്‍ന്നു സുനിഗ പ്രഖ്യാപിച്ചു. എന്നാല്‍ സുനിഗ പ്രതീക്ഷിച്ചപോലെ ആര്‍സെ, പട്ടാളത്തെ ഭയന്ന് അകത്ത് ഒളിച്ചിരിക്കുകയായിരുന്നില്ല. ധൈര്യത്തോടെ പുറത്തുവന്നു മാധ്യമപ്പടയുടെയും സൈനികരുടെയും നടുവിൽ സുനിഗയ്ക്കു മുഖാമുഖം നിന്നു പറഞ്ഞു– ‘‘ഞാനാണു നിങ്ങളുടെ ക്യാപ്റ്റന്‍. നിങ്ങളുടെ സൈനികരെ പിന്‍വലിക്കാൻ ഞാന്‍ ഉത്തരവിടുന്നു. ഇത്തരം അനുസരണക്കേട് ഞാന്‍ വച്ചുപൊറുപ്പിക്കില്ല’’.

സുനിഗയെ കമാന്‍ഡര്‍ സ്ഥാനത്തുനിന്നു പുറത്താക്കാനും ആര്‍സെ ഉത്തരവിട്ടു. പുതിയ സൈനികമേധാവിയെയും പ്രഖ്യാപിച്ചു. ഇതു കേട്ടയുടന്‍ സൈനികര്‍ അട്ടിമറി ശ്രമത്തില്‍നിന്നു പിന്മാറി ആയുധംവച്ചു കീഴടങ്ങി. ഇതിനിടെ അട്ടിമറിക്കെതിരെ പോരാടാനും ജനാധിപത്യം വിജയിപ്പിക്കാനും ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ആര്‍സെ ആഹ്വാനവും ചെയ്തു. ഏതാനും നിമിഷങ്ങള്‍ക്കകം നൂറോളം വരുന്ന ജനങ്ങള്‍ കൊട്ടാരത്തിനു പുറത്തെ ചത്വരത്തില്‍ ആര്‍സെയ്ക്കു പിന്തുണയുമായെത്തി. വെറും മൂന്നു മണിക്കൂറിനുള്ളില്‍ മല പോലെ വന്ന അട്ടിമറി ഭീഷണി എലി പോലെ മടങ്ങി. സംഭവത്തില്‍ അറ്റോര്‍ണി ജനറല്‍ അന്വേഷണം തുടങ്ങിയതിനു പിന്നാലെ സുനിഗയെ പൊലീസ് അറസ്റ്റ് ചെയ്തു. 

ജൂൺ 26ന് കൊട്ടാരത്തിനു മുന്നിൽ തടിച്ചു കൂടിയവർക്കു നേരെ ടിയർ ഗ്യാസ് പ്രയോഗിക്കുന്ന പൊലീസ്(Photo by AIZAR RALDES / AFP)
ജൂൺ 26ന് കൊട്ടാരത്തിനു മുന്നിൽ തടിച്ചു കൂടിയവർക്കു നേരെ ടിയർ ഗ്യാസ് പ്രയോഗിക്കുന്ന പൊലീസ്(Photo by AIZAR RALDES / AFP)

∙ ഇനിയാണ് ട്വിസ്റ്റ്

പൊലീസ് അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് സുനിഗ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ ഒരു വെടിപൊട്ടിച്ചു. അട്ടിമറി ശ്രമം പ്രസിഡന്റിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിട്ടാണു താനിതൊക്കെ ചെയ്തത് എന്നുമായിരുന്നു സുനിഗയുടെ തുറന്നുപറച്ചില്‍. ‘‘നിലവിലെ സാഹചര്യം വളരെ മോശമാണെന്നും തന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നതിനുവേണ്ടി എന്തെങ്കിലും ചെയ്‌തേ പറ്റൂവെന്നും പ്രസിഡന്റ് എന്നോടു പറഞ്ഞു. സൈനികവാഹനങ്ങള്‍ പുറത്തെടുക്കട്ടേയെന്നു ചോദിച്ചപ്പോള്‍ ആയിക്കോളൂ എന്നു പറഞ്ഞതും ആര്‍സെയാണ്’’- സുനിഗ പറഞ്ഞു. ഇതോടെ ബൊളീവിയന്‍ ‘അട്ടിമറി’ വെറും നാടകമായിരുന്നെന്ന് ഏറക്കുറെ ഉറപ്പാക്കപ്പെട്ടു. 

കൊട്ടാരത്തിനു മുന്നിൽനിന്ന് ജനങ്ങളോട് സംസാരിക്കുന്ന ബൊളീവിയയില്‍ പ്രസിഡന്റ് ലൂയിസ് ആര്‍സെ (Photo by AIZAR RALDES / AFP)
കൊട്ടാരത്തിനു മുന്നിൽനിന്ന് ജനങ്ങളോട് സംസാരിക്കുന്ന ബൊളീവിയയില്‍ പ്രസിഡന്റ് ലൂയിസ് ആര്‍സെ (Photo by AIZAR RALDES / AFP)

ആര്‍സെ ആവര്‍ത്തിച്ചു നിഷേധിക്കുന്നുവെങ്കിലും, അട്ടിമറി ശ്രമത്തിന്റെ വിശ്വാസ്യതയെക്കുറിച്ചു തുടക്കംമുതല്‍ തന്നെ സംശയങ്ങളുയര്‍ന്നിരുന്നു. ആ സംശയം നിലനിര്‍ത്തിത്തന്നെയാണു രാജ്യാന്തര മാധ്യമങ്ങളടക്കം വാര്‍ത്ത പുറത്തുവിട്ടതും. വലിയ സൈനിക അട്ടിമറി നടക്കുമ്പോള്‍ പ്രസിഡന്റ് ആര്‍സെ വളരെ ലാഘവത്തോടെ പുറത്തേക്കുവന്നതും സൈന്യത്തെ നേര്‍ക്കുനേര്‍നിന്നു വെല്ലുവിളിച്ചതുമെല്ലാം അവിശ്വസനീയതയോടെയാണു ലോകം കണ്ടത്. ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ എങ്ങനെ അട്ടിമറി സാധ്യമായെന്ന സംശയവും തുടക്കം മുതലേയുണ്ട്. ഇതുമായി ബന്ധപ്പെട്ടു യാതൊരു സൈനികനീക്കങ്ങളും അടുത്ത ദിവസങ്ങളില്‍ ഒരു സൈനിക വിഭാഗങ്ങളിലോ ലാ പാസിലെ മറ്റു പ്രവിശ്യകളിലോ നടന്നിട്ടുമില്ല. 

∙ അട്ടിമറിയുടെ ആവശ്യമെന്ത്

പ്രസിഡന്റാകുന്നതിനു മുമ്പ് ഒരു പതിറ്റാണ്ടോളം രാജ്യത്തിന്റെ ധനമന്ത്രിയായിരുന്നു ആര്‍സെ. 2019ല്‍ പ്രതിഷേധത്തെത്തുടര്‍ന്നു മുന്‍ പ്രസിഡന്റ് ഇവോ മൊറാലസ് രാജിവച്ചതിനു പിന്നാലെയാണു അദ്ദേഹത്തിന്റെ മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസം എന്ന പാർട്ടിയുടെ മറ്റൊരു നേതാവായ ആര്‍സെ പ്രസിഡന്റാകുന്നത്. ആര്‍സെയുടെ ഭരണത്തില്‍ രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ ഇടിവുണ്ടാകുകയും ചെയ്തിരുന്നു. ഇതിനിടെ, വിദേശത്തു കഴിയുകയായിരുന്ന മൊറാലസ് ബൊളീവിയയില്‍ തിരിച്ചെത്തി 2025ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

ബൊളീവിയയില്‍ പ്രസിഡന്റ് ലൂയിസ് ആര്‍സെ. Photo: REUTERS/Claudia Morales
ബൊളീവിയയില്‍ പ്രസിഡന്റ് ലൂയിസ് ആര്‍സെ. Photo: REUTERS/Claudia Morales

ഇതോടെ മൊറാലസിനെ ശത്രുസ്ഥാനത്തു നിര്‍ത്തിയിരിക്കുകയാണ് ആര്‍സെ. അടുത്തിടെ മൊറാലസിനെ അധിക്ഷേപിച്ചു സുനിഗ പലതവണ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു. മൊറാലസിനെ അധികാരത്തിലെത്താന്‍ അനുവദിക്കില്ലെന്നായിരുന്നു സുനിഗ പറഞ്ഞത്. ഇതൊക്കെയാകണം ജനപ്രീതി വര്‍ധിപ്പിക്കാന്‍ ആര്‍സെ വളഞ്ഞ വഴി തിരഞ്ഞെടുക്കാനുള്ള കാരണം. സുനിഗ പറഞ്ഞതിനെ വിശ്വസിക്കുന്നുണ്ടെങ്കിലും ആര്‍സെയെ അവിശ്വസനീയതയോടെ പിന്തുണയ്ക്കുകയാണു ബൊളീവിയയും ലോകവും.

English Summary:

President Arce Faces Off with Bolivian Military

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com