ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസിൽ പൊലീസിനുനേരെ കളിത്തോക്കു ചൂണ്ടിയ പതിമൂന്നു വയസ്സുകാരനെ പിടികൂടി നിലത്തുവീഴ്ത്തിയശേഷം വെടിവച്ചുകൊന്നു. മൻഹാറ്റനിൽനിന്നു 400 കിലോമീറ്റർ അകലെ യൂട്ടക്ക നഗരത്തിൽ വെള്ളിയാഴ്ചയാണു സംഭവം. പൊലീസിന്റെ വസ്ത്രത്തിൽ ഘടിപ്പിച്ച ക്യാമറയിലെ വിഡിയോ അധികൃതർ പുറത്തുവിട്ടു. 

മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സംശയം തോന്നിയാണു മ്യാൻമറിൽനിന്നുള്ള അഭയാർഥികളായ കരെൻ ഗോത്രവിഭാഗത്തിലെ 2 കുട്ടികളെ (13) വഴിയിൽ തടഞ്ഞതെന്നു പൊലീസ് പറയുന്നു. ഇതിനിടെയാണു കുട്ടികളിലൊരാളായ നയാ എംവേ പൊലീസിനെ വെട്ടിച്ച് ഓടിയത്. പിന്തുടർന്ന പൊലീസിനുനേരെ തോക്കു ചൂണ്ടുന്നതു വിഡിയോയിൽ കാണാം. എന്നാൽ ഇത് കളിത്തോക്കാണെന്നു പിന്നീടു തെളിഞ്ഞു. കുട്ടിയെ പിടികൂടി നിലത്തുവീഴ്ത്തി കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഓഫിസർ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലാണു വെടിയേറ്റത്. 

സംഭവം കണ്ടുനിന്ന ഒരാൾ ചിത്രീകരിച്ച വിഡിയോയും സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടു. നയാ എംവേയെ നിലത്തുവീഴ്ത്തിയ ഓഫിസർ അവന്റെ മുഖത്ത് ഇടിക്കുന്നുണ്ട്. മറ്റു രണ്ടു ഓഫിസർമാർ കൂടി എത്തുന്നതിനിടെ വെടിശബ്ദം ഉയരുന്നതു കേൾക്കാം. 

കൊല്ലപ്പെട്ട നയാ എംവേ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. വൻപ്രതിഷേധം ഉയർന്നതോടെയാണു പൊലീസ് ക്യാമറ ദൃശ്യം പുറത്തുവിട്ടത്. സംഭവം വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ കരെൻ ഗോത്രവിഭാഗ അംഗങ്ങളും കുട്ടികളുടെ ബന്ധുക്കളും ഉയർത്തിയ ചോദ്യങ്ങൾക്കു പൊലീസ് തൃപ്തികരമായ മറുപടി നൽകിയില്ല. യൂട്ടക്ക നഗരത്തിൽ 4200 മ്യാൻമർ അഭയാർഥികളുണ്ട്. 

വെടിവച്ച ഓഫിസർ പാട്രിക് ഹസ്നെ, ഒപ്പമുണ്ടായിരുന്ന ബ്രിസ് പാറ്റേഴ്സൻ, ആൻഡ്രൂ ഷിട്രിനീടി എന്നിവർ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. വകുപ്പുതല അന്വേഷണവും ആരംഭിച്ചു. 

English Summary:

US police fatally shoots 13 year old boy who pointed a replica hand gun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com