മത്സരത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യം ശക്തം; ഇല്ലെന്ന് ബൈഡൻ
Mail This Article
വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപുമായുള്ള അറ്റ്‌ലാന്റ സംവാദത്തിലെ ദയനീയ പ്രകടനത്തെത്തുടർന്ന്, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ (81) പിന്മാറണമെന്ന ആവശ്യവുമായി ഡെമോക്രാറ്റിക് പാർട്ടിയിലെ ഒരുവിഭാഗം രംഗത്തിറങ്ങി. ബൈഡനു പകരം ആളെ കണ്ടെത്തണമെന്ന് യുഎസിലെ മുഖ്യധാര മാധ്യമങ്ങളും അഭിപ്രായപ്പെട്ടു.
എന്നാൽ കളം വിടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു ബൈഡൻ. ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാനുള്ള പ്രൈമറിയിൽ വിജയിച്ച ബൈഡന്റെ സ്ഥാനാർഥിത്വം പാർട്ടിയുടെ ഓഗസ്റ്റ് കൺവൻഷനിലാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. പാർട്ടി പ്രതിനിധികളിൽ 3,894 പേരുടെ പിന്തുണ ബൈഡനുണ്ട്. നാമനിർദേശം പാസാകാൻ 1975 പേർ മതി. ഷിക്കാഗോയിൽ ഓഗസ്റ്റ് 19 മുതൽ 22 വരെയാണ് കൺവൻഷൻ.
രണ്ടാം വട്ടവും പ്രസിഡന്റാകാൻ രംഗത്തുള്ള ബൈഡൻ, എതിരാളിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡോണൾഡ് ട്രംപുമായി (78) നടത്തിയ ആദ്യ ടിവി സംവാദത്തിൽ തപ്പിത്തടഞ്ഞതാണു പാർട്ടികേന്ദ്രങ്ങളിൽ പരിഭ്രാന്തി പരത്തിയത്.
മത്സരത്തിൽനിന്നു പിന്മാറുന്നതു ബൈഡൻ രാജ്യത്തോടു ചെയ്യുന്ന സേവനമായിരിക്കുമെന്നാണു ന്യൂയോർക്ക് ടൈംസ് പത്രം എഴുതിയത്. മറ്റു പ്രമുഖ മാധ്യമങ്ങളും ഇതേ നിലപാടാണു സ്വീകരിച്ചത്. എന്നാൽ, സംവാദത്തിനുശേഷം നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പിൽ 10% സ്വതന്ത്ര വോട്ടർമാർ ബൈഡൻ പക്ഷത്തേക്കു മാറിയെന്നതാണു പ്രചാരണവിഭാഗം ബൈഡന് അനുകൂലമായി പറയുന്ന കാര്യങ്ങളിലൊന്ന്.
സിഎൻഎൻ നടത്തിയ വോട്ടെടുപ്പിലും ബൈഡന്റെ ജനപിന്തുണയിൽ ഇടിവില്ലെന്നാണു സൂചന. സംവാദത്തിന്റെ ആഘാതം മാറ്റാനും തിരഞ്ഞെടുപ്പു ഫണ്ട് ശേഖരണത്തിൽ ഇടിവുണ്ടാകാതിരിക്കാനും ബൈഡനും അനുയായികളും രംഗത്തിറങ്ങിയിട്ടുണ്ട്.