മകനു നീറ്റ് പരീക്ഷ എഴുതാൻ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി; ഡോക്ടർ ചെലവാക്കിയത് 4 ലക്ഷം രൂപ, ഒളിവിൽ
Mail This Article
ന്യൂഡൽഹി∙ നീറ്റ് യുജി ക്രമക്കേടിൽ പ്രയാഗ്‌രാജിലെ ഡോക്ടറായ ആർ.പി.പാണ്ഡെയും മകൻ രാജ് പാണ്ഡെയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ബിഹാർ പൊലീസ്. നീറ്റ് പരീക്ഷാർഥിയായ മകനു പകരം പരീക്ഷയെഴുതുന്നതിനു മറ്റൊരാളെ ഏർപ്പാടാക്കാൻ ഡോക്ടർ നാലു ലക്ഷം രൂപ ചെലവാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി. ഇരുവരെയും കണ്ടെത്താൻ ബിഹാർ പോലീസ് ഇവരുടെ വീട്ടിലും ആശുപത്രിയിലും ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. മകൻ നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന സമയത്ത് രാജസ്ഥാനിലെ കോട്ടയിൽ വച്ചാണ് ഡോക്ടറായ ആർ.പി.പാണ്ഡെ ചോദ്യ പേപ്പർ മാഫിയ സംഘവുമായി കൂടിക്കാഴ്ച നടത്തിയത്.
ആർ.പി.പാണ്ഡെ നൈനി മേഖലയിൽ ഒരു സ്വകാര്യ ആശുപത്രി നടത്തുന്നുണ്ട്. മേയ് 5ന്, ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ മാലിഘട്ടിലെ ഡിഎവി പബ്ലിക് സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ രാജ് പാണ്ഡെയ്ക്ക് പകരം ഹാജരായ വ്യക്തി പിടിക്കപ്പെടുകയായിരുന്നു. എയിംസ് ജോധ്പുരിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ രാജസ്ഥാൻ സ്വദേശി ഹുക്മ റാം ആണ് രാജ് പാണ്ഡെയ്ക്ക് പകരക്കാരനായി പരീക്ഷയ്ക്ക് എത്തിയത്. ബയോമെട്രിക് ടെസ്റ്റ് അവഗണിച്ച് ഹുക്മ റാമിനെ പരീക്ഷ എഴുതാൻ അനുവദിച്ചതിൽ പരീക്ഷ കേന്ദ്രമായ സ്കൂളിലെ മാനേജ്മെന്റിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.