‘വീടിന്റെ ആധാരവും സ്വര്‍ണവും തിരികെ വേണം’; ചെമ്പഴന്തി സഹകരണ സംഘത്തില്‍ പരിശോധന
Mail This Article
തിരുവനന്തപുരം∙ പ്രസിഡന്റ് വഞ്ചിച്ചെന്നു കുറിപ്പെഴുതി നിക്ഷേപകന്‍ ജീവനൊടുക്കിയതിനെ തുടര്‍ന്ന് ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തില്‍ സഹകരണ ജോയിന്റ് റജിസ്ട്രാറുടെ നേതൃത്വത്തിൽ പരിശോധന. സംഘത്തിനു മുന്നില്‍ പ്രതിഷേധിക്കുന്ന നിക്ഷേപകര്‍ ഓഫിസിനുള്ളില്‍ കടന്നു. 2 ലക്ഷം മുതല്‍ 23 ലക്ഷം രൂപ വരെ ബാങ്കില്‍ നിക്ഷേപമുള്ളവരാണ് പ്രതിഷേധിക്കുന്നത്.
ചിട്ടി പിടിച്ച പണവും നിക്ഷേപിച്ച പണവും ലഭിക്കാനായി ബാങ്കില്‍ കയറിയിറങ്ങുന്നെന്നു കാണിച്ച് പത്തോളം പേര്‍ ശനിയാഴ്ച സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ കെ.എസ്.പ്രമോദിന് പരാതി നല്‍കിയിരുന്നു. പിക്കപ് വാന്‍ ഡ്രൈവറായ ചെമ്പഴന്തി പേരൂര്‍ ജാനകി ഭവനില്‍ എസ്.ബിജുകുമാര്‍ (48) ആണ് ശനിയാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.
മൃതദേഹവുമായി ബാങ്കിനു മുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിനും ബാങ്കിന്റെ കീഴിലുള്ള അണിയൂരിലെ സഹകരണ ബസാറിനു നേരെ ആക്രമണം നടത്തിയതിനും കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ചെമ്പഴന്തി സഹകരണ സംഘം പ്രസിഡന്റ് അണിയൂര്‍ ജയകുമാര്‍ സാമ്പത്തികമായി വഞ്ചിച്ചതാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ബിജുകുമാറിന്റെ മൃതദേഹവുമായി ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
മരിച്ച ബിജുകുമാര്‍ വര്‍ഷങ്ങളായി ബാങ്ക് പ്രസിഡന്റിന്റെ അടുത്ത ആളായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. ബിജുകുമാറാണ് ബാങ്കിന്റെയും ജയകുമാറിന്റെയും ഡ്രൈവറായി പോയിരുന്നത്. ഇവര്‍ തമ്മില്‍ നല്ല ബന്ധമായിരുന്നു. ബാങ്കില്‍ അംഗത്വമെടുത്തതും ലോണുകള്‍ നല്‍കിയതുമെല്ലാം ജയകുമാര്‍ മുന്‍കൈ എടുത്താണ്. 4 ലക്ഷം രൂപ വായ്പയും സ്വര്‍ണം ഈടുവച്ച് 1.75 ലക്ഷം രൂപയുടെ മറ്റൊരു വായ്പയുമാണ് ബിജുകുമാറിന് ബാങ്കില്‍ ഉണ്ടായിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുട്ടികളുടെ ആഭരണങ്ങളടക്കം 8 പവന്‍ സ്വര്‍ണവും 3 സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും ആധാരവും ബാങ്കിലാണ്. സംഘം നടത്തിയിരുന്ന 10 ലക്ഷം രൂപയുടെ ചിട്ടി ബിജുകുമാറിന് ലഭിച്ചെങ്കിലും ഈ പണം പ്രസിഡന്റ് വാങ്ങിയെടുത്തെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇതു തിരികെ ചോദിച്ചപ്പോള്‍ തെളിവില്ലെന്നു പറഞ്ഞതിലും ബാങ്കില്‍ കൂടുതല്‍ കടബാധ്യത ഉണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതിലും മനംനൊന്താണു ബിജു മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
വിദ്യാഭ്യാസ വായ്പ വാഗ്ദാനം ചെയ്തും ബിജുകുമാറിനെ കബളിപ്പിച്ചുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പ്ലസ് ടു കഴിഞ്ഞ മകള്‍ക്കു നഴ്‌സിങ് പഠനത്തിനു ചേരാന്‍ ബാങ്കില്‍നിന്ന് വിദ്യാഭ്യാസ വായ്പ വാഗ്ദാനം ചെയ്തിരുന്നു. കൊല്ലത്ത് അഡ്മിഷന്‍ കിട്ടിയെങ്കിലും അവസാന നിമിഷം ബാങ്ക് പണം നല്‍കിയില്ല. ഇതോടെ നഴ്‌സിങ്ങിന് ചേരാനായില്ല. മൂത്ത മകള്‍ എംകോമിന് ചേരാന്‍ നില്‍ക്കുമ്പോഴാണ് അച്ഛന്റെ വിയോഗം. പഠനം ഉപേക്ഷിച്ച് ജോലിക്ക് പോകണമെന്നും കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും മകള്‍ പറഞ്ഞു.
ടെക്‌നോപാര്‍ക്കില്‍ ഹൗസ് കീപ്പിങ് ജോലിയാണ് ബിജുകുമാറിന്റെ ഭാര്യ കുമാരിക്ക്. ബിജുവിനെ ജയകുമാര്‍ കബളിപ്പിച്ചെന്നു ഭാര്യ കുമാരി ആരോപിച്ചു. അണിയൂര്‍ ജയകുമാറിന്റെ നിര്‍ദേശപ്രകാരമാണ് ചിട്ടി കിട്ടിയ തുക നല്‍കിയത്. പലിശയടക്കം ഒരു മാസത്തിനകം തിരികെ നല്‍കാമെന്നാണു പറഞ്ഞത്. ഒരു രൂപ പോലും തന്നില്ല. ബാങ്കില്‍ പലതവണ കയറിയിറങ്ങി. പല ഒഴിവുകള്‍ പറഞ്ഞ് ബിജുകുമാറിനെ മടക്കിയയച്ചെന്നും കുമാരി പറഞ്ഞു. അയല്‍ക്കാരും ബന്ധുക്കളുമടക്കം ശനിയാഴ്ച ബാങ്ക് പ്രസിഡന്റിനെ നേരിട്ട് കണ്ട് വിവരം തിരക്കാനിരിക്കുകയായിരുന്നു. വീടിന്റെ ആധാരവും പെണ്‍മക്കളുടെ സ്വര്‍ണവും പണവും തിരികെ ലഭിക്കണമെന്നും ബിജുവിന്റെ കുടുംബം ആവശ്യപ്പെട്ടു.