‘ഷംസീറിന്റെ ബന്ധങ്ങൾ കമ്യൂണിസ്റ്റ് രീതിക്ക് ചേരാത്തത്; കെഎസ്ആർടിസി ബസിലെ മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് ഭാഗ്യം’
Mail This Article
തിരുവനന്തപുരം∙ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉയർന്നത് രൂക്ഷ വിമർശനം. സ്പീക്കര്‍ക്ക് തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം കമ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്ന് അംഗങ്ങള്‍ പറഞ്ഞു. അമിത് ഷായുടെ മകനെ കാറില്‍ കയറ്റി നടക്കുന്ന ആളുമായി എന്തു ബന്ധമാണ് സ്പീക്കർക്കുള്ളതെന്നും അംഗങ്ങൾ ചോദിച്ചു.
പാര്‍ട്ടിയുടെ ന്യൂനപക്ഷ സമീപനം കമ്മ്യൂണിസ്റ്റ് ശൈലിയില്‍ അല്ലെന്ന് അംഗങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം ജില്ലാ സെക്രട്ടറിയും അംഗങ്ങളും തമ്മില്‍ തര്‍ക്കത്തിനിടയാക്കി. കമ്മ്യൂണിസ്റ്റ് ശൈലിക്ക് നിരക്കാത്തതെന്ന വിമര്‍ശനത്തെ പ്രീണനമെന്നു തെറ്റിദ്ധരിച്ച് സെക്രട്ടറി മറുപടി പറഞ്ഞതിനെ അംഗങ്ങള്‍ ചോദ്യം ചെയ്തു. മറുപടി തിരുത്തണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കമായി. അംഗങ്ങള്‍ ഉന്നയിച്ചത് എന്താണെന്ന് ഉറപ്പാക്കാന്‍ മിനിറ്റ്സ് പരിശോധിക്കണമെന്നും എം.സ്വരാജ് ഇടപെടണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിമര്‍ശനം ശരിയായല്ല മനസിലാക്കിയതെന്നും ജില്ലാ സെക്രട്ടറി തിരുത്തണമെന്നും സ്വരാജ് നിര്‍ദേശിച്ചു. തുടര്‍ന്നു മറുപടി തിരുത്തിയ ശേഷമാണ് പ്രശ്‌നം അവസാനിച്ചത്.
നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റം നടത്തിയ വിഷയത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരെയും അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. ബസിലെ മെമ്മറി കാര്‍ഡ് കിട്ടാതിരുന്നതു ഭാഗ്യമായെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നുവെന്നും ചില അംഗങ്ങള്‍ പറഞ്ഞു. ഇരുവരുടെയും പെരുമാറ്റം ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കി. മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന്‍ ദേവിന്റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.
ജില്ലയിലെ മുതിര്‍ന്ന നേതാവ് കടകംപള്ളി സുരേന്ദ്രനുമായി മന്ത്രി മുഹമ്മദ് റിയാസിന്റെ തര്‍ക്കം സംബന്ധിച്ചും നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. വികസന പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വിമര്‍ശനം ഉന്നയിച്ചാല്‍ അദ്ദേഹത്തെ കരാറുകാരന്റെ ബിനാമിയാക്കുന്നത് ശരിയല്ല. മന്ത്രി ജില്ലയിലെ പാര്‍ട്ടിയുടെ നേതാവിനെയും ജനപ്രതിനിധിയെയും സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തിയെന്നും മാധ്യമങ്ങളില്‍ വിവാദത്തിനു വഴിമരുന്നിട്ടെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
മകള്‍ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി എന്തിനു മൗനം പാലിച്ചുവെന്ന് അംഗങ്ങള്‍ ചോദിച്ചു. കോടിയേരി ബാലകൃഷ്ണനെ പോലെ നിയമം നിയമത്തിന്റെ് വഴിക്ക് പോകുമെന്നു പറയാതിരുന്നത് എന്തുകൊണ്ടാണ്. മുഖ്യമന്തി മറുപടി പറയാത്തതു സംശയങ്ങള്‍ക്കിട നല്‍കിയെന്നും അംഗങ്ങള്‍ പറഞ്ഞു. തലസ്ഥാനത്തെ ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്നും അയാളാണ് എല്ലാം നിയന്ത്രിക്കുന്നതെന്നും ജില്ലാ കമ്മിറ്റി അംഗം കരമന ഹരി പറഞ്ഞു. ഇതോടെ മുതലാളിയുടെ പേര് പറയണമെന്നു കമ്മിറ്റിയില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ആവശ്യപ്പെട്ടു. എന്നാല്‍ അംഗം അതിനു തയാറായില്ല. ഇതോടെ ഇത്തരം സമീപനങ്ങള്‍ ശരിയല്ലെന്നും ജില്ലാ കമ്മിറ്റി അംഗത്തിന്റെ നടപടി പരിശോധിക്കുമെന്നും എം.സ്വരാജ് മറുപടി പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി.