ADVERTISEMENT

ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് ഭേദപ്പെട്ട നേട്ടത്തോടെ. വ്യാപാരം ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സുള്ളത് 339 പോയിന്‍റ് (0.42%) നേട്ടവുമായി 79,369 ൽ. നിഫ്റ്റി 105 പോയിന്‍റ് (0.44%) ഉയർന്ന് 24,115.55 ലും. ഒട്ടേറെ കമ്പനികൾ ജൂൺ പാദത്തിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചെന്ന പ്രാഥമിക വിലയിരുത്തലുകളും ബ്രോക്കറേജുകളിൽനിന്ന് മികച്ച റേറ്റിങ് ലഭിച്ചതും വിദേശത്ത് നിന്നുള്ള അനുകൂല വാർത്തകളുമാണ് വിപണിക്ക് കരുത്തായത്. വിദേശ ധനകാര്യസ്ഥാപനങ്ങൾ (FIIs) വീണ്ടും ഇന്ത്യൻ ഓഹരികൾ വാങ്ങിത്തുടങ്ങിയെന്നതും നേട്ടമാണ്. ജൂണിൽ മാത്രം അവർ 320 കോടി ഡോളർ (26,600 കോടി രൂപ) നിക്ഷേപിച്ചിരുന്നു. 

ഐടിയിലും വാഹനത്തിലും തിളക്കം

വിശാല വിപണിയിൽ ഐടി, വാഹന, സ്വകാര്യബാങ്ക് ഓഹരികളാണ് ഇന്ന് ഇതുവരെ മികച്ച നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് താഴ്ത്തിയേക്കാമെന്ന വിലയിരുത്തലുകൾ ഐടി കമ്പനികളുടെ ഓഹരികൾക്ക് നേട്ടമായി. നിഫ്റ്റി ഐടി സൂചിക 2 ശതമാനത്തിലധികം ഉയർന്നു. ഇന്ത്യൻ ഐടി കമ്പനികളുടെ വരുമാനത്തിന്‍റെ മുഖ്യ സ്രോതസ്സാണ് യുഎസ്.

ജൂണിൽ മികച്ച വാഹന വിൽപന രേഖപ്പെടുത്തിയെന്ന കണക്കുകൾ പുറത്തുവന്നു തുടങ്ങിയത് വാഹന ഓഹരികൾക്കും ഊർജമായി. മാരുതി സുസുക്കി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ് ഓഹരികൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. 

നിഫ്റ്റി 50ൽ വിപ്രോയാണ് 3.26 ശതമാനം ഉയർന്ന് നേട്ടത്തിൽ മുന്നിൽ. ടെക് മഹീന്ദ്ര, എൽടിഐ മൈൻഡ്ട്രീ, ഹിന്ദുസ്ഥാൻ യൂണിലിവർ, ടിസിഎസ് എന്നിവ 1.7-2.5 ശതമാനം നേട്ടവുമായി തൊട്ടുപിന്നാലെയുണ്ട്. എൻടിപിസി, അപ്പോളോ ഹോസ്പിറ്റൽസ്, എൽ ആൻഡ് ടി, ഡിവീസ് ലാബ്, സൺ ഫാർമ എന്നിയാണ് 0.7-1.57 ശതമാനം താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ.

ഇന്നത്തെ പ്രധാന താരങ്ങൾ

സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് അമേരിക്കൻ നിക്ഷേപസ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്ക 'വാങ്ങൽ' (buy) സ്റ്റാറ്റസ് നൽകി. ഇവയുടെ വരുമാനം വൻതോതിൽ ഉയരുമെന്ന വിലയിരുത്തലോടെയാണിത്. ഇത് നിഫ്റ്റി സ്വകാര്യബാങ്ക്, ബാങ്ക് നിഫ്റ്റി സൂചികകളെ ഇന്ന് 0.5 ശതമാനം വരെ ഉയർത്തി.

യുഎസിൽ നിന്ന് 50 കോടി ഡോളർ മതിക്കുന്ന പുതിയ കരാർ സ്വന്തമാക്കിയ വിപ്രോയുടെ റേറ്റിങ് വിദേശ ബ്രോക്കറേജുകളായ സിഎൽഎസ്എ അണ്ടർപെർഫോമിൽ നിന്ന് ഔട്ട്പെർഫോമിലേക്ക് ഉയർത്തിയത്, കമ്പനിയുടെ ഓഹരികൾ ആഘോഷമാക്കുകയായിരുന്നു. ജൂൺപാദത്തിൽ വായ്പാവിതരണത്തിൽ 68 ശതമാനം വർധന ഉൾപ്പെടെ മികച്ച പ്രാഥമിക പ്രവർത്തനഫല സൂചനകൾ പുറത്തുവിട്ടതും ഈ വർഷം ഫോളോ-ഓൺ ഓഹരി വിൽപന (FPO) നടത്താനുള്ള നീക്കവും ഐആർഇഡിഎ ഓഹരികളെ ഇന്ന് 6 ശതമാനം വരെ ഉയർത്തി.

കേരളത്തിൽ നിന്നുള്ള കമ്പനിയായ ഫാക്ട് ഇന്നും നേട്ടം തുടരുകയാണ്. 4.16 ശതമാനം ഉയർന്ന് 1,027.75 രൂപയിലാണ് ഓഹരിയിൽ വ്യാപാരം പുരോഗമിക്കുന്നത്. ഉപകമ്പനിയായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാർ‍ഡ് 1,100 കോടി രൂപയുടെ കയറ്റുമതി ഓർഡർ നേടിയ പശ്ചാത്തലത്തിൽ കൊച്ചിൻ ഷിപ്പ്‍യാർ‍ഡ്  ഓഹരികളും ഇന്ന് നേട്ടത്തിലേറി. രണ്ടര ശതമാനം നേട്ടവുമായി 2,270.50 രൂപയിലാണ് നിലവിൽ ഓഹരിവിലയുള്ളത്.

രൂപയ്ക്ക് ക്ഷീണം

ക്രൂഡോയിൽ വിലവർധനയും യുഎസ് ബോണ്ട് യീൽഡും മെച്ചപ്പെട്ടത് ഇന്ന് രൂപയ്ക്ക് തിരിച്ചടിയായി. ഡോളറിനെതിരെ 9 പൈസ താഴ്ന്ന് 83.43ലാണ് രൂപയുള്ളത്. ഡബ്ല്യുടിഐ ക്രൂഡ്, ബ്രെന്‍റ് ക്രൂഡ് വിലകൾ ബാരലിന് അര ശതമാനത്തിലധികം ഉയർന്നു. ബ്രെന്‍റ് വില ബാരലിന് 85 ഡോളർ കടന്നതോടെ, പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്ന് ഡോളറിന് ഡിമാൻഡ് കൂടിയതും രൂപയ്ക്ക് ക്ഷീണമായി. യുഎസ് സർക്കാരിന്‍റെ 10-വർഷ കടപ്പത്രങ്ങളുടെ ആദായനിരക്ക് (ട്രഷഫി ബോണ്ട് യീൽഡ്) 4.40 ശതമാനത്തിന് മുകളിൽ തുടരുന്നതും തിരിച്ചടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com