ADVERTISEMENT

ന്യൂഡൽഹി ∙ പതിനെട്ടാം ലോക്സഭയുടെ ആദ്യപ്രസംഗത്തിൽ സർക്കാരിനെതിരെ കടുത്ത ആക്രമണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. സഭാംഗത്വവും വീടും എല്ലാം നഷ്ടമായശേഷം ഭയത്തിൽനിന്ന് മോചനം ലഭിച്ചു. ഇനി ബിജെപിയുടെ അന്ത്യം കാണും. എന്റെ ശബ്ദം ഇല്ലാതാക്കാനുള്ള തത്രപ്പാടിനിടെ ബിജെപിക്ക് 63 അംഗങ്ങളെയാണ് നഷ്ടമായത്. 303ൽനിന്ന് 240ലേക്ക് പതിച്ചിരിക്കുകയാണ് ബിജെപി. യു ടേണുകൾക്ക് പ്രസിദ്ധരായ കക്ഷികളെ കൂട്ടുപിടിച്ച് ഭരിക്കുന്ന ന്യൂനപക്ഷ സർക്കാർ മാത്രമാണിതെന്നും മഹുവ പറഞ്ഞു.

‘‘പ്രതിപക്ഷത്ത് ഇത്തവണ 234 പോരാളികളുണ്ട്. തീയിൽ ചവിട്ടിയാണ് ഞങ്ങൾ ഈ പടി കടന്നുവന്നത്. കഴിഞ്ഞതവണത്തെപ്പോലെ ഞങ്ങളെ നിശബ്ദരാക്കി ഇരുത്താമെന്നു കരുതേണ്ട. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ വടക്കുകിഴക്കൻ ഇന്ത്യയെക്കുറിച്ച് പറയുമ്പോൾ അതിൽ എവിടെയും മണിപ്പുരിനെക്കുറിച്ച് പരാമർശമില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബിജെപിയും പ്രധാനമന്ത്രിയുമെല്ലാം ‘എം’ എന്ന ഇംഗ്ലിഷ് അക്ഷരത്തിൽ ആരംഭിക്കുന്ന ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. എന്നാൽ മണിപ്പുരിനെക്കുറിച്ച് മിണ്ടിയില്ല.‌

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് രാഷ്ട്രപതി പറഞ്ഞത് തീർത്തും തെറ്റാണ്. 17ാം ലോക്സഭയിൽ 78 വനിതാ അംഗങ്ങളുണ്ടായിരുന്നു. ഈ സഭയിൽ 74 പേർ മാത്രം. ബിജെപിക്ക് 30 എംപിമാർ. കഴിഞ്ഞ ലോക്സഭയിൽ 37 ശതമാനവും ഇത്തവണ 38 ശതമാനവും സ്ത്രീ സംവരണം ഉറപ്പാക്കിയത് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് മാത്രമാണ്. 370ാം അനുച്ഛേദം റദ്ദാക്കിയത് അത്ര നല്ല ആശയമായിരുന്നെങ്കിൽ ബിജെപി എന്തുകൊണ്ടാണ് കശ്മീരിലെ അനന്ത്നാഗ്, ബാരാമുള്ള, ശ്രീനഗർ എന്നിവിടങ്ങളിൽ മത്സരിക്കാൻ തയാറാകാതിരുന്നത്? തിരഞ്ഞെടുപ്പ് വേളയിൽ ഉയർന്ന ഗുരുതരമായ ചട്ടലംഘനങ്ങളെക്കുറിച്ച് പോലും തിരഞ്ഞെടുപ്പ് കമ്മിഷൻ മൗനം പാലിച്ചു. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗങ്ങളോടോ ന്യൂനപക്ഷങ്ങളെ അവഹേളിച്ചുള്ള പരാമർശങ്ങളിലോ നടപടിയുണ്ടായില്ല. 

അഹമ്മദാബാദ്–മുംബൈ ബുള്ളറ്റ് ട്രെയിനിനായി 1.08 ലക്ഷം കോടി രൂപയാണ് ചെലവാക്കുന്നത്. എന്നാൽ ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം നടപ്പിലാക്കാൻ വേണ്ടത് 63,000 കോടി മാത്രമാണ്. രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായി, പ്രഗതി മൈതാനം വെള്ളത്തിൽ മുങ്ങി, അടൽ സേതുവിൽ വിള്ളലുണ്ടായി. ഫോട്ടോയ്ക്കുവേണ്ടി മാത്രം വികസനപദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഫലമാണിതെല്ലാം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ എങ്ങനെ ശ്വാസംമുട്ടിക്കാമെന്നാണ് ബിജെപി ചിന്തിക്കുന്നത്’’– മഹുവ പറഞ്ഞു. ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽനിന്നുള്ള എംപിയാണ് മഹുവ. ചോദ്യം ചോദിക്കാൻ പണം കൈപ്പറ്റിയെന്ന ആരോപണത്തെത്തുടർന്നു കഴിഞ്ഞ സഭയിൽനിന്ന് മഹുവയെ പുറത്താക്കിയിരുന്നു.

English Summary:

Trinamool Congress MP Mahua Moitra's Fiery Debut in 18th Lok Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com