ADVERTISEMENT

ബ്രാഗാ (പോർച്ചുഗൽ)∙ കോഴിക്കോടിന്റെ സാഹിത്യ ചരിത്രവും സാംസ്കാരിക പ്രാധാന്യവും യുനെസ്കോ വേദിയില്‍ അവതരിപ്പിച്ചു കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. എസ്.കെ. പൊറ്റക്കാടിന്റെയും എം.ടി.വാസുദേവൻ നായരുടെയും സാഹിത്യ ലോകത്തെ സംഭാവനകളെക്കുറിച്ചും സാഹിത്യലോകത്തെ പരിപോഷിപ്പിക്കുന്ന മലബാർ ചരിത്രവും മേയർ അവതരിപ്പിച്ചു. സർഗാത്മക നഗരങ്ങളുടെ നിരയിലേക്കു തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സംവാദത്തിൽ സാഹിത്യ സാംസ്കാരിക പാരമ്പര്യങ്ങളെ സംബന്ധിച്ചുള്ള അവതരണത്തിലാണു കോഴിക്കോടിന്റെ സാഹിത്യകാരന്മാർക്ക് ആദരവർപ്പിച്ചത്. 

സർഗാത്മക നഗരങ്ങളുടെ നിരയിലേക്കു സാഹിത്യനഗരമായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോടിനെ യുനെസ്കോ സ്വാഗതം ചെയ്തിരുന്നു. 7 സർഗാത്മക വിഭാഗങ്ങളിലെ കൂട്ടായ്മകളിൽ സാഹിത്യനഗരങ്ങളുടെ ഗ്രൂപ്പിലാണ് കോഴിക്കോട് ഉൾപ്പെടുന്നത്. ‌മേയർ ബീന ഫിലിപ്, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി എന്നിവര്‍ കോഴിക്കോടിനെ പ്രതിനിധീകരിച്ച് യുനെസ്കോ വേദിയിലെത്തിയിരുന്നു. പുതുതായി സാഹിത്യനഗരപദവി നേടിയ കോഴിക്കോടിനെയും സംഗീതനഗര പദവി നേടിയ ഗ്വാളിയറിനെയും മറ്റു 53 നഗരങ്ങളെയും സ്വാഗതം ചെയ്യുന്ന ‘ഇൻഡക്‌ഷൻ’ ചടങ്ങ് യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വർക് സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച നടന്നു. 

സാഹിത്യനഗരപ്പട്ടികയിൽ മുൻപ് ഇടംപിടിച്ച നഗരങ്ങളുടെ പ്രതിനിധികളും പുതുതായി ചേർന്ന കോഴിക്കോടിന്റെ പ്രതിനിധികളും അതതുനഗരങ്ങളുടെ പ്രവൃത്തികൾ അവതരിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിൽ പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെ ബെലോ ഡിസൂസ, ബ്രാഗ മേയർ റിക്കാർഡോ റിയോ എന്നിവരും യുനെസ്കോയുടെ ഉന്നത ഉദ്യോഗസ്ഥരും പ്രസംഗിച്ചു.

English Summary:

UNESCO Honors Kozhikode's Literary icons S. K. Pottekkatt and MT Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com