മെമ്മറി കാർഡ് ആരും കണ്ടില്ല, ‘ആവി’യായി; ഡ്രൈവർ യദുവിനെതിരെ കുറ്റപത്രം നൽകും
Mail This Article
തിരുവനന്തപുരം ∙ മേയർ ആര്യ രാജേന്ദ്രനും ഡ്രൈവർ യദുവുമായുള്ള തർക്കത്തിലെ നിർണായക തെളിവായ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ അന്വേഷണം നിലച്ചു. മെമ്മറി കാർഡുള്ളതായി ആരും കണ്ടിട്ടില്ലെന്നാണ് പൊലീസ് ശേഖരിച്ചിരിക്കുന്ന മൊഴികളിൽ പറയുന്നത്. തുടരന്വേഷണം സാധ്യമല്ലെന്നും പൊലീസ് പറയുന്നു.
നിയമോപദേശം ലഭിച്ച ശേഷമേ ആര്യയും സച്ചിനും ബസ് തടഞ്ഞതിലെ തുടർനടപടികൾ ആരംഭിക്കൂ. അശ്ലീല ആംഗ്യം കാണിച്ചെന്ന കേസിൽ ഡ്രൈവർ യദുവിനെതിരെ കുറ്റപത്രം സമർപ്പിക്കും. ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റം നടത്തിയ വിഷയത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരെ കഴിഞ്ഞദിവസം നടന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു.
ബസിലെ മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് ഭാഗ്യമായെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നുവെന്നുമാണ് ചില അംഗങ്ങള്‍ പറഞ്ഞത്. ഇരുവരുടെയും പെരുമാറ്റം ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കി. മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന്‍ ദേവിന്റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നു. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തി.