‘വേണ്ടി വന്നാൽ പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടും’: ഗുരുദേവ കോളജിലേക്ക് എസ്എഫ്ഐ പ്രതിഷേധം
Mail This Article
കോഴിക്കോട്∙ എസ്എഫ്ഐ നേതാവിനെ പ്രിൻസിപ്പൽ മർദിച്ചെന്നാരോപിച്ച് കൊയിലാണ്ടി ഗുരുദേവ കോളജിലേക്ക് എസ്എഫ്ഐയുടെ പ്രതിഷേധ മാർച്ച്. കോളജ് ഗെയ്റ്റിന് സമീപത്ത് വച്ചു മാർച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. കൊല്ലത്തുനിന്നു പ്രകടനമായാണു പ്രവർത്തകർ ക്യാംപസിന് മുന്നിലേക്ക് എത്തിയത്.
സംസ്ഥാന കമ്മിറ്റി അംഗം ജാൻവി കെ.സത്യൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ‘വേണ്ടി വന്നാൽ പ്രിൻസിപ്പലിന്റെ നെഞ്ചത്ത് അടുപ്പുകൂട്ടുമെന്ന്’ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി.പ്രബീഷ് പറഞ്ഞു. ക്യാംപസിൽ കോളജ് പ്രിൻസിപ്പലും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഇന്നലെയാണ് സംഘർഷമുണ്ടായത്. പരുക്കേറ്റ പ്രിൻസിപ്പലും എസ്എഫ്ഐ പ്രവർത്തകരും ചികിത്സ തേടി.
പുറത്തുനിന്ന് എത്തിയവരോട് ക്യാംപസിൽനിന്നും പോകാൻ ആവശ്യപ്പെട്ടെന്നും തുടർന്നാണു മര്‍ദിച്ചതെന്നും പ്രിന്‍സിപ്പൽ സുനില്‍ ഭാസ്‌കര്‍ പറഞ്ഞു.‘‘ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ് ഡെസ്‌ക് ഇടാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. 4 വര്‍ഷ ബിരുദ ക്ലാസുകളുടെ ഉദ്ഘാടന ചടങ്ങു സമാപിക്കുന്നതു വരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു.
ഹെല്‍പ്പ് ഡെസ്‌കിൽ കോളജുമായി യാതൊരു ബന്ധവും ഇല്ലാത്തവർ ഇരിക്കുകയും അവരോട് ക്യാംപസിന് പുറത്തുപോകാൻ ആവശ്യപ്പെടുകയുമായിരുന്നു. അതിനു ശേഷം താന്‍ മുറിയിലേക്കു പോയി. പിന്നീടു പുറത്തേക്ക് ഇറങ്ങി വന്നപ്പോഴാണ് ഒരു സംഘം കയറിവരികയും മര്‍ദിക്കുകയും ചെയ്തത്. എസ്എഫ്ഐ പ്രവര്‍ത്തകരെ താന്‍ മര്‍ദിച്ചിട്ടില്ല’’- പ്രിന്‍സിപ്പല്‍ പറഞ്ഞു. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെതിരെയും കോളജ് പ്രിന്‍സിപ്പലിനെതിരെയും കൊയിലാണ്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.