‘5 സിനിമ ഏറ്റെടുത്തിട്ടുണ്ട്, അഡ്വാൻസ് വാങ്ങി; നാട് മുഴുവൻ സ്ഥാനാർഥി ഫ്ലക്സ് വയ്ക്കാൻ ഇഷ്ടമില്ല’
Mail This Article
കോട്ടയം ∙ സംസ്ഥാനത്ത് ബിജെപി ഇനി വെറുതെയിരിക്കില്ലെന്ന് ബിജെപി ഉപാധ്യക്ഷനും സംവിധായകനുമായ മേജർ രവി. സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം തൃശൂരിലുണ്ടായിട്ടുണ്ട്. പക്ഷേ സുരേഷ് ഗോപി സ്വതന്ത്രനായി നിന്നാൽ അവിടെ ജയിക്കില്ല. സുരേഷ് ഗോപി നിന്നത് താമര അടയാളത്തിലാണ്. കൂട്ടായ അധ്വാനമാണ് തിരഞ്ഞെടുപ്പു വിജയങ്ങൾ. ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ തനിക്കു താൽപര്യമില്ലെന്നും മേജർ രവി മനോരമ ഓൺലൈനോട് പറഞ്ഞു.
∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ താങ്കൾ എറണാകുളത്തുനിന്നു മത്സരിക്കുമെന്ന് കേട്ടിരുന്നല്ലോ?
എനിക്ക് സ്ഥാനാർഥിയാകാൻ താൽപര്യമില്ലെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിച്ചെന്ന് വരില്ല. ഈ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്ന എത്രയോ പ്രവർത്തകർ ഇവിടെയുണ്ട്. എന്നെപ്പോലൊരാൾ മുകളിൽനിന്നു വന്ന് സ്ഥാനാർഥിയാകുന്നതിനോട് വ്യക്തിപരമായി ഒട്ടും താൽപര്യമില്ല. മേജർ രവി എന്നൊരു വിലാസം എനിക്കുണ്ട്. പാർട്ടി എറണാകുളത്തു മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നത് സത്യമാണ്. താൽപര്യമില്ലെന്ന് ഞാൻ അറിയിക്കുകയായിരുന്നു.
∙ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പു വരികയാണ്. പട്ടാമ്പിക്കാരനായ താങ്കൾ മത്സരിക്കാനുണ്ടാകുമോ?
നിങ്ങൾക്ക് ശരിക്കും എന്നെപ്പറ്റി അറിയില്ല. സ്ഥാനാർഥിയായി നാട് മുഴുവൻ ഫ്ലക്സ് വയ്ക്കുന്നതിനോട് താൽപര്യമില്ല. 5 സിനിമ ഞാൻ ഏറ്റെടുത്തിട്ടുണ്ട്. അതിനിടയിൽ മത്സരിക്കാൻ ഇറങ്ങിയാൽ സിനിമകളൊന്നും നടക്കില്ല. അഡ്വാൻസൊക്കെ വാങ്ങിയതാണ്. അതുകൊണ്ട് സിനിമയിൽ പണിയെടുത്തേ പറ്റൂ.
∙ ബിജെപിയുടെ ഉപാധ്യക്ഷൻ എന്ന നിലയിൽ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണോ?
ഇക്കഴിഞ്ഞ ഡിസംബർ 26നാണ് ഞാൻ ബിജെപി ഉപാധ്യക്ഷനാകുന്നത്. പാർട്ടി യോഗങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ടെങ്കിലും എനിക്ക് കാര്യമായി ചെയ്യാൻ പറ്റിയത് തിരഞ്ഞെടുപ്പു പ്രചാരണമാണ്. കാസർകോട്ടു മാത്രമാണ് ഓടിയെത്താൻ പറ്റാത്തത്. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു. മാനസികമായി ഏറ്റവും അടുത്തുനിന്ന സ്ഥാനാർഥി സുരേഷ് ഗോപിയായിരുന്നു. അദ്ദേഹം എന്റെ സുഹൃത്ത് കൂടിയാണ്. അദ്ദേഹത്തിനു വേണ്ടിയാണ് ഏറ്റവുമധികം ദിവസം പ്രചാരണത്തിനിറങ്ങിയത്. എന്നെക്കൊണ്ടു ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുന്നുണ്ട്. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പൊതുജനം അറിയാതെ ഒതുക്കിത്തീർക്കാനുള്ള ഉപദേശങ്ങളും നൽകുന്നുണ്ട്.
∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗീകരിക്കുമ്പോഴും ബിജെപി സംസ്ഥാന നേതൃത്വത്തെ മേജർ രവി അംഗീകരിച്ചിരുന്നില്ല. അതിൽ മാറ്റം വന്നിട്ടുണ്ടോ?
ഏതൊക്കെ രീതിയിൽ സംസ്ഥാന ബിജെപിയെ നന്നാക്കാം എന്നതിൽ ഉപാധ്യക്ഷൻ എന്ന നിലയിൽ സംവാദം നടത്തുന്നുണ്ട്. മുൻപ് അധികാരമില്ലാത്തതിനാൽ പ്രശ്നങ്ങളിൽ ഇടപെടാൻ പറ്റില്ലായിരുന്നു. ഇപ്പോൾ, നിങ്ങൾ ചെയ്തത് ശരിയായില്ല ഒന്നു തിരുത്തണമെന്ന് എനിക്ക് ഏത് നേതാവിനെ വിളിച്ചും പറയാം. അങ്ങനെ എല്ലാവരും തിരുത്തുന്നുണ്ട്. ചിലരെ വിളിച്ചിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് വിളിക്കുന്നുമില്ല.
∙ സുരേഷ് ഗോപി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സിനിമാരംഗത്ത് നിന്നും ആരും വന്നില്ലെന്ന അഭിപ്രായം താങ്കൾക്കുണ്ടായിരുന്നു?
അത് സത്യമാണ്. ഇന്നസന്റ് മത്സരിച്ചപ്പോൾ പലരും പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഞാനുമൊരു സിനിമക്കാരനാണ്. എനിക്ക് വിഷമമുണ്ടായിരുന്നു. എന്നാൽ അമ്മയുടെ യോഗത്തിൽ ഒരു വിഷമവുമില്ലാതെ പോയി സുരേഷ് അദ്ദേഹത്തിന്റെ കടമ നിറവേറ്റിയിട്ടുണ്ട്.