ADVERTISEMENT

ഹാഥ്റസ് ∙ മതപ്രഭാഷണം അവസാനിപ്പിച്ചു മടങ്ങുകയായിരുന്ന ഗുരു ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണു ശേഖരിക്കാൻ അനുയായികൾ തിരക്കുകൂട്ടിയതാണു ഹാഥ്റസിൽ വൻ അപകടത്തിനു വഴിയൊരുക്കിയത്. മരിച്ച 116 പേരിൽ 110 സ്ത്രീകളും 5 കുട്ടികളുമുണ്ട്. അനുവദിച്ചതിലധികം ആളുകളെ പങ്കെടുപ്പിച്ചതിനു പ്രഭാഷകൻ ഭോലെ ബാബയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ ബാബ ഒളിവിലാണ്. 

ഹാഥ്റസ് ജില്ലയിലെ സിക്കന്ദ്രറാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുല്‍റായ്ക്കടുത്ത് കാൺപുർ – കൊൽക്കത്ത ഹൈവേയിലായിരുന്നു ദുരന്തം. റോഡിന് ഇടതുവശത്തുള്ള വയലിനു സമീപത്താണു പ്രഭാഷണത്തിനു വേദി ഒരുക്കിയത്. 60,000 പേര്‍ക്കു മാത്രം അനുമതി ഉണ്ടായിരുന്നിടത്തു രണ്ടര ലക്ഷത്തോളം ആളുകള്‍ എത്തി. അത്രയും പേരെ നിയന്ത്രിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. തലേ ദിവസം മഴ പെയ്തിരുന്നതിനാൽ വയലില്‍ വഴുക്കൽ ഉണ്ടായിരുന്നു.

ഹാഥ്റസിൽ  ദുരന്തമുണ്ടായ സ്ഥലത്ത് പരിശോധന നടത്തുന്ന പൊലീസ്. ചിത്രം. ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ഹാഥ്റസിൽ ദുരന്തമുണ്ടായ സ്ഥലത്ത് പരിശോധന നടത്തുന്ന പൊലീസ്. ചിത്രം. ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

പ്രഭാഷണം കഴിഞ്ഞു മടങ്ങിയ ബാബയുടെ കാൽപാദത്തിനടിയിലെ മണ്ണു ശേഖരിക്കാൻ ആളുകൾ ധൃതി കൂട്ടുകയും കൂട്ടമായി വയലിലെ ചളിയിലേക്കു മറിഞ്ഞു വീഴുകയുമായിരുന്നു. ഇതിനിടയ്ക്കു പ്രഭാഷകനു കടന്നുപോകാനായി സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ തള്ളിമാറ്റിയതായും ദൃക്സാക്ഷികള്‍ പറഞ്ഞു. വീണുപോയ ആളുകൾക്ക് എഴുന്നേറ്റു മാറാനായില്ല. തിരക്കു വർധിച്ചതോടെ ശ്വാസം കിട്ടാതായതായും കണ്ടുനിന്ന ചിലർക്ക് ഹൃദയാഘാതം സംഭവിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഹത്രസിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ തിരക്കുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം (PTI Photo)
ഹത്രസിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ തിരക്കുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം (PTI Photo)

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഉടനെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും എത്തി. രണ്ടര ലക്ഷത്തോളം ആളുകളെ നിയന്ത്രിക്കാനോ രക്ഷാപ്രവര്‍ത്തനം നടത്താനോ വേണ്ടത്ര സേന ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നു രക്ഷപ്പെട്ടവര്‍ ആരോപിച്ചു.

English Summary:

Chaos Erupts in Hathras: Devotees Rush for Soil Under Guru Bhole Baba’s Feet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com