ADVERTISEMENT

കൊച്ചി∙ സാമ്പത്തിക തട്ടിപ്പു കേസിൽ പാലാ എംഎൽഎ മാണി സി.കാപ്പന് തിരിച്ചടി. വഞ്ചനാ കേസിൽ കുറ്റം ചുമത്തുന്നതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ ഈ കേസിൽ വിചാരണ നടപടികൾ ആരംഭിക്കും. ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. 2010ൽ മുംബൈ സ്വദേശിയായ ദിനേശ് മേനോനില്‍നിന്ന് 2 കോടി രൂപ വാങ്ങിയ ശേഷം തിരിച്ചു കൊടുക്കാതെ വഞ്ചിച്ചെന്നാണ് കേസ്. 

കേസിൽ കുറ്റം ചുമത്തിയ വിചാരണ കോടതിയുടെ നടപടി വസ്തുതകൾ പരിഗണിക്കാതെയാണ് എന്നായിരുന്നു മാണി സി.കാപ്പന്റെ വാദം. ഈ വാദത്തിൽ യാതൊരു കഴമ്പുമില്ല എന്നാണ് പബ്ലിക് പ്രോസിക്യൂട്ടറും ദിനേശ് മേനോനും നിലപാടെടുത്തത്. 2 കോടി രൂപ കടം വാങ്ങിയശേഷം 25 ലക്ഷം മാത്രം മടക്കി നൽകി മാണി സി.കാപ്പൻ വഞ്ചിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ദിനേശ് മേനോൻ പരാതി നൽകിയത്. ഈ കേസ് എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും പിന്നീട് എംപി/എംഎൽഎ പ്രത്യേക കോടതിയിലേക്കും മാറ്റി. നഷ്ടപരിഹാരം സഹിതം 3.25 കോടി നൽകാമെന്ന് 2013ൽ കരാറുണ്ടാക്കിയെങ്കിലും ഈടായി നൽകിയ ചെക്കുകൾ മടങ്ങിയെന്നും ഈടായി നൽകിയ വസ്തു ബാങ്കിൽ നേരത്തേ പണയം വച്ചിരുന്നതായിരുന്നെന്നും ദിനേശ് മേനോൻ പരാതിയിൽ ചൂണ്ടിക്കാട്ടി.

ഈടായി നൽകിയ ചെക്ക് ബാങ്കിൽ സമർപ്പിച്ചെങ്കിലും അസാധുവായി. തുടർന്ന് പലിശ സഹിതം 3.25 കോടി രൂപ നൽകാമെന്ന് മാണി സി.കാപ്പനുമായി കരാർ ഉണ്ടാക്കി. ഇതിനായി കോട്ടയം ജില്ലയിലെ അയ്മനത്ത് തന്റെ പേരിലുള്ള 98 സെന്റ് സ്ഥലം ഈടായി നൽകി. എന്നാൽ ഇത് കോട്ടയം കാർഷിക സഹകരണ ബാങ്കിൽ പണയപ്പെടുത്തിയ ഭൂമിയാണെന്ന് വ്യക്തമായത് പിന്നീടാണ്. ഈ സാഹചര്യത്തിലാണ് താൻ പരാതി നൽകുന്നതെന്ന് ദിനേശ് പറയുന്നു. 

ഇത് സിവിൽ കേസാണെന്നും പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന വിചാരണ കോടതിയുടെ അഭിപ്രായം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മാണി സി.കാപ്പൻ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. പണം മടക്കി നൽകിയില്ലെന്നതിന് ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള വഞ്ചനാകുറ്റം ബാധകമാകില്ലെങ്കിലും തുടർന്നുള്ള സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ സത്യസന്ധമല്ലാത്ത ഉദ്ദേശ്യമുണ്ടെന്ന് കരുതാവുന്നതാണെന്നു കോടതി കഴിഞ്ഞ വർഷം മാർച്ചിൽ ഹർജി തള്ളിക്കൊണ്ടു പറഞ്ഞിരുന്നു. 

വായ്പ വാങ്ങിയ പണം മടക്കി നൽകാതിരുന്നതിനുള്ള നിയമനടപടികൾ ഒഴിവാക്കാനായി പരാതിക്കാരനുമായി കരാറിലേർപ്പെടുകയും ഈടായി നൽകിയ വസ്തു നേരത്തേ തന്നെ പണയം വച്ചതും ബാങ്ക് നടപടികൾ നേരിടുന്നതുമാണെന്ന് അന്ന് കോടതി ചൂണ്ടിക്കാട്ടി. സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ വഞ്ചനക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ബാധകമാണെന്ന് പ്രഥമദൃഷ്ട്യാ കോടതി വ്യക്തമാക്കി. ഇതിനെതിരെ മാണി സി.കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അതും തള്ളി. തുടർന്ന് മാണി സി.കാപ്പൻ വിചാരണ കോടതിയിൽ ഹാജരാവുകയും കേസിൽ ജാമ്യമെടുക്കുകയും ചെയ്തു. 

ഇതിനിടെ വാദിഭാഗം സാക്ഷികളുടെ വിചാരണ പൂർത്തിയാവുകയും ചെയ്തു. കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് ഹൈക്കോടതി തന്നെ ഒരിക്കൽ വിധി പറഞ്ഞതും അത് സുപ്രീം കോടതി ശരിവച്ചതുമാണ്. ഈ സാഹചര്യത്തിൽ കേസിൽ കുറ്റം ചുമത്താനുള്ള പ്രത്യേക കോടതിയിലെ മജിസ്ട്രേറ്റിന്റെ തീരുമാനത്തിൽ അപാകതയില്ലെന്നും പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്നത് കണക്കാക്കാൻ ആവശ്യമായ സാഹചര്യം നിലനിൽക്കുന്നു എന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി മാണി സി.കാപ്പന്റെ ഹർജി തള്ളിയത്.

English Summary:

Financial Fraud Case High Court dismissed petition of mani c kappan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com