ADVERTISEMENT

ന്യൂഡൽഹി ∙ ഇനിയും 20 വർഷം രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ മൂന്നിലൊന്നു കാലമേ പൂർത്തിയായിട്ടുള്ളൂ. അടുത്ത അഞ്ചു വർഷം ഇന്ത്യ പുതിയ ഉയരങ്ങളിലേക്കെത്തുമെന്നും മോദി പറഞ്ഞു.  പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം സഭ വിട്ടു. 

ഭരണഘടനയുടെ ഏറ്റവും വലിയ വിരോധികളാണ് കോൺഗ്രസെന്നും അടിയന്തരാവസ്ഥയുടെ ഗുണം അനുഭവിച്ചവരിൽ പലരും ഇക്കൂട്ടത്തിൽതന്നെ ഇരിപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തരാവസ്ഥയെ കുറിച്ച് സംസാരിക്കുമ്പോള്‍ അതൊക്കെ പഴങ്കഥയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. പഴയതാണെന്നു കരുതി അത് ഇല്ലാതാവുന്നുണ്ടോ എന്നും മോദി ചോദിച്ചു.  

‘‘സർക്കാരിനു വഴിവെളിച്ചം നൽകുന്നതു പവിത്രമായ ഭരണഘടനയാണ്. അതാണ് സർക്കാരിന്റെ പ്രചോദനം. നുണ പറഞ്ഞവർക്ക് സത്യത്തെ കേൾക്കാൻ പേടിയാണ്. പ്രതിപക്ഷം സത്യത്തെ അഭിമുഖീകരിക്കുന്നില്ല. സഭയെ അപമാനിക്കുന്ന നടപടിയാണ് പ്രതിപക്ഷത്തിന്റേത്. ഇത് അങ്ങേയറ്റം വേദനിപ്പിക്കുന്നു.

ഭരണഘടനയാണ് ഞങ്ങളുടെ ഊർജം. തിരഞ്ഞെടുപ്പ് ജയം ജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമാണ്. കഴിഞ്ഞ പത്തു വർഷത്തെ ഭരണം ട്രെയിലർ മാത്രമാണ്. ജനങ്ങൾ അവരുടെ വോട്ടവകാശം ശരിയായി വിനിയോഗിച്ചതിൽ അഭിമാനമുണ്ട്. വ്യാജ പ്രചരണങ്ങളെയാണ് ജനം തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത്. പ്രതിപക്ഷം സത്യത്തിനു മേല്‍ നുണകൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. അവർക്ക് തിരഞ്ഞടുപ്പ് ഫലത്തെപ്പോലും വിലയില്ല.

അഴിമതിക്കാർക്കെതിരെ കടുത്ത നടപടി തുടരും. അഴിമതിക്കാർ ആരും രക്ഷപ്പെടില്ലെന്നത് മോദിയുടെ ഗ്യാരന്റിയാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ച നടന്നുവെന്നത് തികച്ചും തെറ്റായ കാര്യമാണ്. എന്നാൽ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നതും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും  ദൗർഭാഗ്യകരമാണ്. വിദ്യാർഥികളുടെ ഭാവിക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കും.

മണിപ്പുരിൽ സമാധാന അന്തരീക്ഷത്തിന് നിരന്തരശ്രമം നടക്കുകയാണ്. അക്രമ സംഭവങ്ങൾ കുറഞ്ഞു വരുന്നുണ്ടെന്നത് ആശ്വാസകരമാണ്. 11,000 എഫ്ഐആറുകളാണ് കലാപവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തത്. വിവിധ സമുദായങ്ങളുമായി ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കും. രാഷ്ട്രീയത്തിന് അതീതമായി മണിപ്പുരിലെ പ്രശ്ന പരിഹാരത്തിനു ശ്രമം നടക്കുന്നുണ്ട്. മണിപ്പുരിൽ സംഘർഷം ആളികത്തിക്കുന്നവരെ ജനം തള്ളും. 1993 ൽ മണിപ്പുരിൽ തുടങ്ങിയ സംഘർഷം 5 കൊല്ലം തുടർന്നു.  കശ്മീരിൽ ഭീകരവാദത്തിനെതിരായ പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടന്നു’’– പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സംസാരം നീണ്ടുപോയതിനാൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയെ സംസാരിക്കാൻ അനുവദിക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.  അധ്യക്ഷൻ ജഗദീപ് ധൻകർ ഈ ആവശ്യം നിരാകരിച്ചതോടെയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കി ഇറങ്ങിപ്പോയത്.

English Summary:

In Rajya Sabha, PM Narendra Modi slams Congress, says people rejected propaganda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com