ADVERTISEMENT

കോട്ടയം ∙ ബോംബെ ഓഹരി സൂചികയായ ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്‍റ് ഭേദിച്ചു. വ്യാപാരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ തന്നെ 570 പോയിന്‍റിലധികം (0.7%) കുതിച്ച് സെൻസെക്സ് ഈ നാഴികക്കല്ല് മറികടക്കുകയായിരുന്നു. വ്യാപാരം ആദ്യ മണിക്കൂർ പിന്നിടുമ്പോഴേക്കും 605 പോയിന്‍റ് നേട്ടവുമായി 80,040ലാണ് സെൻസെക്സുള്ളത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും പുത്തൻ ഉയരം തൊട്ടു. 174 പോയിന്‍റ് (0.72%) കുതിച്ച് 24,298ലാണ് വ്യാപാരം പുരോഗമിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ കാഴ്ചവയ്ക്കുന്ന മുന്നേറ്റമാണ് പ്രധാനമായും സൂചികകളെ പുതിയ ഉയരത്തിലേക്ക് നയിച്ചത്. ഓഗസ്റ്റിൽ എംഎസ്‌സിഐ ഇൻഡക്സിൽ പുനഃക്രമീകരണം നടക്കുമ്പോൾ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ വെയിറ്റേജ് വർധിക്കുമെന്നും ഇത് 300 കോടി ഡോളറിന്‍റെ (ഏകദേശം 25,000 കോടി രൂപ) വിദേശ നിക്ഷേപം നേടാൻ വഴിയൊരുക്കുമെന്നുമുള്ള വിലയിരുത്തലുകളുടെ കരുത്തിലാണ് ഓഹരിക്കുതിപ്പ്.

എച്ച്ഡിഎഫ്സി ബാങ്കിന്‍റെ ഓഹരി തുടക്കത്തിൽ തന്നെ 4 ശതമാനത്തോളം ഉയർന്നു. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ പ്രമുഖ സ്വകാര്യ ബാങ്ക് ഓഹരികളും ടാറ്റ കൺസ്യൂമറുമാണ് നിഫ്റ്റിയിൽ ഒന്നര മുതൽ രണ്ട് ശതമാനം വരെ നേട്ടവുമായി എച്ച്ഡിഎഫ്സി ബാങ്കിന് തൊട്ടുപിന്നിലുള്ളത്.

ടിസിഎസ്, അൾട്രാടെക് സിമന്‍റ്, റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി സുസുക്കി, പവർഗ്രിഡ് എന്നിവ 0.3 മുതൽ ഒരു ശതമാനം വരെ താഴ്ന്ന് നഷ്ടത്തിലും മുന്നിലുണ്ട്. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിലും വൻ കുതിപ്പുണ്ടായി. വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറിൽ നിക്ഷേപക സമ്പത്ത് 2.1 ലക്ഷം കോടി രൂപ വർധിച്ച് 442.18 ലക്ഷം കോടി രൂപയിലെത്തി.

സ്വകാര്യ ബാങ്കുകളുടെ കരുത്തിൽ മുന്നേറ്റം

വിശാല വിപണിയിൽ നിഫ്റ്റി ഐടി (-0.16%), ഓയിൽ ആൻഡ് ഗ്യാസ് (-0.16%) ഒഴികെയുള്ളവ പച്ചപ്പണിഞ്ഞു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയാണ് 2.01 ശതമാനം നേട്ടവുമായി മുന്നിൽ. സെൻസെക്സിൽ എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് ബാങ്ക്, ജെഎസ്ഡബ്ല്യു ബാങ്ക് എന്നിവ നേട്ടത്തിന് നേതൃത്വം നൽകിയപ്പോൾ സൺ ഫാർമ, ടിസിഎസ്, അൾട്രാടെക് എന്നിവ നഷ്ടത്തിലാണുള്ളത്.

യുഎസിൽ പണപ്പെരുപ്പം നിയന്ത്രണവിധേയമാകുകയാണെന്നു കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്‍റെ മേധാവി ജെറോം പവൽ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെ അടിസ്ഥാന പലിശനിരക്കുകൾ കുറഞ്ഞേക്കുമെന്നതിന്‍റെ സൂചനയായി കണ്ട്, ആഗോള ഓഹരി വിപണികൾ കാഴ്ചവച നേട്ടവും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. ജാപ്പനീസ് വിപണിയായ നിക്കേയ് ഉൾപ്പെടെ ഏഷ്യൻ ഓഹരി വിപണികളും  നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.

English Summary:

Sensex hits historic 80K-mark; Nifty reaches fresh lifetime high in early trade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com